ADVERTISEMENT

വാഷിങ്ടൻ ∙അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ യുഎസ് സെനറ്റ് കുറ്റവിമുക്തനാക്കി. പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയിൽ കുറ്റവിചാരണയ്ക്കു വിധേയനായ ട്രംപ് സെനറ്റിൽ വിജയം കണ്ടു.  ട്രംപിന്റെ കക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടിക്കു ഭൂരിപക്ഷമുള്ള സെനറ്റ് 52 നെതിരെ 48 , 47 നെതിരെ 53 വോട്ടുകൾക്കാണു പ്രതിപക്ഷ നീക്കം തടഞ്ഞത്. അധികാര ദുർവിനിയോഗം നടത്തിയെന്നതായിരുന്നു ആദ്യ കുറ്റം. കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്നത് രണ്ടാമത്തെ കുറ്റം.രണ്ടും വെവ്വേറെ വോട്ടിനിട്ട് ട്രംപ് കുറ്റവിമുക്തനാണെന്ന് പ്രഖ്യാപിച്ചു.

nancy-trump
യുഎസ് പാർലമെന്റ് സംയുക്ത സമ്മേളനത്തിനെത്തിയ ഡോണൾഡ് ട്രംപിനു കൈ കൊടുക്കാൻ ശ്രമിക്കുന്ന കോൺഗ്രസ് ജനപ്രതിനിധിസഭ സ്പീക്കർ നാൻസി പെലോസി

റിപ്പബ്ലിക്കൻ പാർട്ടി നേതാവ് മിറ്റ്റോംനി വോട്ടിങ്ങിൽ ട്രംപിനെതിരെ നിലപാട് സ്വീകരിച്ചു. ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയിൽ നാലുമാസം മുൻപ് ട്രംപ് ഇംപീച്മെന്റിനു വിധേയനായിരുന്നു.  ഇതേത്തുടർന്നു ട്രംപിനെ അധികാരത്തിൽനിന്നു പുറത്താക്കാനുള്ള വിചാരണ നടപടികളാണു സെനറ്റിൽ ഇന്നലെ നടന്നത്. അധികാരദുർവിനിയോഗം, സഭയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തൽ എന്നിവയാണു പ്രതിപക്ഷം കുറ്റവിചാരണയ്ക്കായി ഉയർത്തിയ ആരോപണങ്ങൾ ഇതോടെ ജനപ്രതിനിധി സഭയിൽ ഇംപീച്ച് ചെയ്യപ്പെടുകയും സെനറ്റ് മുൻപാകെ വിചാരണയ്ക്കെത്തുകയും ചെയ്ത മൂന്നാമത്തെ പ്രസിഡന്റായി ട്രംപ് മാറി.

nancy
ഗൗനിക്കാതെ ട്രംപ് കടന്നു പോയശേഷം കൈ പിൻവലിക്കുന്ന പെലോസി.

മറ്റു രണ്ടുപേർ: ആൻഡ്രൂ ജോൺസൺ (1868), ബിൽ ക്ലിന്റൻ (1998). പ്രസിഡന്റായിരുന്ന റിച്ചഡ് നിക്സൻ 1974ൽ ഇംപീച്മെന്റ് ഉറപ്പായ ഘട്ടത്തിൽ രാജിവയ്ക്കുകയായിരുന്നു. ജനപ്രതിനിധി സഭയിൽ ഇംപീച്മെന്റ് പാസാകാൻ കേവലഭൂരിപക്ഷം മതി. എന്നാൽ സെനറ്റിലെ വിചാരണയിൽ പ്രസിഡന്റിനെ പുറത്താക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം (നൂറംഗ സെനറ്റിൽ 67 പേരുടെ പിന്തുണ) വേണ്ടിയിരുന്നു.ഡെമോക്രാറ്റുകൾക്ക് 48 വോട്ടുകളെ ട്രംപിനെതിരെ സമാഹരിക്കാൻ കഴിഞ്ഞുള്ളൂ. 2019 ഡിസംബർ 18നായിരുന്നു ജനപ്രതിനിധി സഭയിലെ കുറ്റവിചാരണ.

English summary: Donald Trump Acquitted Of All Impeachment Charges In Historic Vote

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com