sections
MORE

കൊറോണ: ചൈനയിൽ മരണം 722; പ്രതി ഈനാംപേച്ചിയോ?

Li Wenliang
ലീ വെൻലിയാങ്
SHARE

ബെയ്‌ജിങ് ∙ പുതിയ പകർച്ചവ്യാധിയെക്കുറിച്ച് ആദ്യം മുന്നറിയിപ്പു നൽകിയ ഡോക്ടർ ലീ വെൻലിയാങ് (34) കൊറോണ വൈറസ് ബാധിച്ചു മരിച്ചത് ചൈനീസ് ജനതയ്ക്കു ഞെട്ടലായി. ഡോക്ടറുടെ വിയോഗത്തിലുള്ള ദുഃഖം സമൂഹമാധ്യമങ്ങളിൽ അപ്രതീക്ഷിതമായി സർക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയതോടെ ഇന്റർനെറ്റിൽ കർശന നിയന്ത്രണം. ലീ വെൻലിയാങ്ങിന്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവായിട്ടുണ്ട്.

കൊറോണ വൈറസ് ബാധ ചൈനാ സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിക്കും മുൻപേ ലീ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇതിന്റെ പേരിൽ ലീക്കെതിരെ പൊലീസ് കേസെടുത്തു. തുടർന്ന് അദ്ദേഹത്തിനു മാപ്പപേക്ഷ നൽകേണ്ടിവന്നു. ലോകാരോഗ്യ സംഘടന ലീയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി. ചൈനീസ് സമൂഹ മാധ്യമങ്ങളിൽ വ്യാഴാഴ്ച വ്യാപകമായിരുന്ന പ്രതിഷേധ പോസ്റ്റുകൾ ഇന്നലെയോടെ അപ്രത്യക്ഷമായി.

വെള്ളിയാഴ്ച 86 പേർ കൂടി മരിച്ചതോടെ ചൈനയിൽ കൊറോണ ബാധിച്ചുള്ള ആകെ മരണം 722 ആയി. ഹൊങ്കോങ്കിലംു ഫിലിപ്പീൻസിലും ഒരോ മരണം കൂടി കണക്കാക്കിയാൽ ആകെ മരിച്ചവരുടെ എണ്ണം 724 ആയി. 3399 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം ബാധിച്ചവരുടെ എണ്ണം 34,546 ആയി. അതേസമയം രോഗം നിയന്ത്രണവിധേയമാകുന്നതിന്റെ സൂചനയായി പുതിയ കേസുകളുടെ എണ്ണം മുൻദിവസങ്ങളെക്കാൾ കുറഞ്ഞു.

മറ്റ് 27 രാജ്യങ്ങളിലായി 320 രോഗബാധിതരുണ്ട്. ജപ്പാൻ തീരത്തെ ക്രൂസ് കപ്പലിൽ 41 പേർക്കു കൂടി രോഗം ബാധിച്ചതായി സ്ഥിരീകരിച്ചു. സാർസിനു തുല്യമായ ജാഗ്രത സിംഗപ്പൂർ പ്രഖ്യാപിച്ചപ്പോൾ ചൈനീസ് യാത്രക്കാരെ വിലക്കി തായ്‌ലൻഡ് ഉത്തരവിറക്കി.

കൊറോണബാധ നിയന്ത്രിക്കാൻ ആവുന്നതെല്ലാം ചെയ്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് വ്യക്തമാക്കി.

വൈറസ് ഭീതിയിൽ ചൈനയിലെ നഗരങ്ങൾ ആളൊഴിഞ്ഞ നിലയിൽ തുടരുന്നു. വിവിധ രാജ്യങ്ങളിൽനിന്നു ചൈനയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കുന്നതും തുടരുന്നു. ഷാങ്ഹായിയിൽ സ്കൂളുടെ അവധി ഒരു മാസം കൂടി നീട്ടി.

ചൈനയുടെ സാമ്പത്തിക വളർച്ച ഇടിഞ്ഞു

ചൈനയുടെ ആദ്യപാദ സാമ്പത്തിക വളർച്ച 6 ശതമാനത്തിൽ നിന്ന് 4 % ആയി കുറയുമെന്ന് വിലയിരുത്തൽ. ഈ അവസ്ഥയെ അതിജീവിക്കാൻ വേണ്ട എല്ലാ പിന്തുണയും നൽകുമെന്ന് ചൈനീസ് സെൻട്രൽ ബാങ്ക് ഉറപ്പുനൽകി. ചൈനീസ് ഓഹരി വിപണി തകർന്നു. ഇതിന്റെ പ്രതിഫലനം ഏഷ്യയിൽ എല്ലായിടത്തും തന്നെ ദൃശ്യമാണ്.

ജപ്പാൻ തീരത്ത് കപ്പലിലും കൊറോണ

ജപ്പാനിലെ യോക്കോഹാമ തീരത്തു നങ്കൂരമിട്ട ക്രൂസ് കപ്പലിലെ 61 യാത്രക്കാർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. കപ്പലിൽ ആകെയുള്ള 3700 യാത്രക്കാരും പുറത്തുള്ളവരുമായി സമ്പർക്കം പുലർത്തുന്നതു വിലക്കിയിരിക്കുകയാണ്. ഹോങ്കോങ് തീരത്തെ ഒരു കപ്പലില്‍ 3 പേരിൽ വൈറസ് ബാധ കണ്ടെത്തി.

പ്രതി ഈനാംപേച്ചി

pangolin
ഈനാംപേച്ചി

കൊറോണ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചതിൽ മുഖ്യപ്രതി ഈനാംപേച്ചികളെന്ന നിഗമനത്തിലേക്ക് എത്തുകയാണ് ചൈനീസ് ഗവേഷകർ. ഈനാംപേച്ചിയിൽ കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനിതക ഘടനയ്ക്ക് രോഗം ബാധിച്ച മനുഷ്യരിലെ വൈറസിന്റെ ഘടനയുമായി 99 % സാദൃശ്യമുണ്ടെന്നാണ് കണ്ടെത്തൽ.

English Summary: Corona death in china rises

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA