ADVERTISEMENT

ഗോൾഡൻ ഗ്ലോബിൽ മികച്ച രാജ്യാന്തര സിനിമയ്ക്കുള്ള സമ്മാനം സ്വീകരിച്ച് പാരസൈറ്റ് സംവിധായകൻ ബോങ് ജൂൻ ഹോ പറഞ്ഞത്, സബ് ടൈറ്റിൽ’ എന്ന ഒരിഞ്ചു പൊക്കം ചാടിക്കടന്നാൽ ലോകസിനിമയുടെ വൈവിധ്യം കാണാമെന്നായിരുന്നു. ‘നമുക്ക് ഒരു ഭാഷയേയുള്ളു, അത് സിനിമയാണ്’ എന്നും അദ്ദേഹം ഓർമിപ്പിച്ചു. അക്കാദമി അവാർഡ്‌സ് പുരസ്കാര നിർണയ സമിതി ഹോയുടെ ആഹ്വാനം സ്വീകരിച്ച് ആ മതിൽ ചാടിക്കടന്ന്, കൊറിയൻ സിനിമാ വിസ്മയത്തിനു കയ്യടിച്ചു.

കഴിഞ്ഞ വർഷം കാൻ ചലച്ചിത്രമേളയിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയാണു പാരസൈറ്റ് ജൈത്രയാത്ര തുടങ്ങിയത്. ലോകമെമ്പാടും വിവിധ ചലച്ചിത്രമേളകളിൽ കയ്യടി വാങ്ങിയശേഷം ഹോളിവുഡിലെ പ്രധാന അവാർഡുകളിൽ മത്സരിക്കാൻ എത്തി. ബാഫ്ത, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്സ് അംഗീകാരങ്ങളും നേടിയിരുന്നു. ഇന്നലെ സമ്മാനം സ്വീകരിച്ചു നടത്തിയ പ്രസംഗത്തിൽ, താൻ മുൻപ് ആവശ്യപ്പെട്ട ഒരിഞ്ചു മതിൽ ആളുകൾ മുൻപേ ചാടിക്കടന്നു കഴിഞ്ഞുവെന്ന് ഇപ്പോൾ ബോധ്യമായതായും അദ്ദേഹം സൂചിപ്പിച്ചു.

‘ഓസ്കർ ട്രോഫി അഞ്ചായി വീതിക്കാം!’

ഞായറാഴ്ച ഓസ്കർ നിശയിൽ മികച്ച സിനിമ അടക്കം 4 പുരസ്കാരങ്ങൾ സ്വീകരിച്ചുകൊണ്ട് ബോങ് ജൂൻ ഹോ നടത്തിയ പ്രസംഗത്തിൽ തനിക്കൊപ്പം മത്സരിച്ച മാർട്ടിൻ സ്കോർസെസ്സിക്കും ക്വെൻടിൻ ടരാന്റീനോക്കും അടക്കം 4 സംവിധായകർക്കു പ്രശംസകൾ വാരിച്ചൊരിഞ്ഞു. ‘ചെറുപ്പത്തിൽ സിനിമ പഠിച്ചുകൊണ്ടിരുന്നപ്പോൾ ഹൃദയത്തിൽ ഞാൻ കോറിയിട്ട ഒരു വാക്യമുണ്ട്. ഏറ്റവും വ്യക്തിപരമായതാണു ഏറ്റവും സർഗാത്മകം. ഇത് നമ്മുടെ മഹാനായ മാർട്ടിൻ സ്കോർസെസിയുടെ വാക്യമാണ്. ഞാൻ പഠിച്ചത് സ്കോർസെസിയുടെ സിനിമകളാണ്.’

അമേരിക്കക്കാർ എന്റെ സിനിമയെപ്പറ്റി കേട്ടിട്ടില്ലായിരുന്ന കാലത്ത് ക്വെൻടിൻ ആണ് എന്റെ സിനിമകളെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അദ്ദേഹത്തിനു നന്ദി. ക്വെൻടിൻ, ഐ ലവ് യൂ. ടോഡ്, സാം, നിങ്ങളും ഞാൻ ആദരിക്കുന്ന വലിയ സംവിധായകർ. അക്കാദമി അനുവദിക്കുമെങ്കിൽ ഞാൻ ഈ ഓസ്കർ ട്രോഫി കീറിമുറിച്ച് അഞ്ചാക്കി നിങ്ങൾക്കെല്ലാവർക്കുമായി പങ്കിടാൻ തയാറാണ്.’– കൊറിയൻ ഭാഷയിൽ നടത്തിയ പ്രസംഗത്തിൽ ജൂൻ ഹോ പറഞ്ഞു. മികച്ച സിനിമയുടെ നിർമാതാവും സംവിധായകനും ചേർന്നു നടത്തിയ പ്രസംഗങ്ങൾ നീണ്ടപ്പോൾ വേദിയിലെ വിളക്കുകൾ അണച്ചു സമയം തീർന്നതായി സൂചിപ്പിച്ചതു നേരിയ പ്രതിഷേധത്തിനു കാരണമായി. പ്രസംഗം തുടരാൻ അനുവദിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com