ADVERTISEMENT

∙92 വർഷത്തെ ഓസ്കർ ചരിത്രത്തിൽ ഇംഗ്ലിഷ് ഇതര സിനിമ, മികച്ച സിനിമയാകുന്നത് ആദ്യം 

∙പാരസൈറ്റിന് 4 ഓസ്കർ; ബോങ് ജൂൻ ഹോ മികച്ച സംവിധായകൻ; മികച്ച വിദേശ സിനിമയും പാരസൈറ്റ് 

∙മികച്ച നടി റെനി സെൽവഗർ (ജൂഡി) , നടൻ വാക്വിൻ ഫീനിക്സ് (ജോക്കർ) 

∙സഹനടി ലോറ ഡേൺ (മാരിജ് സ്റ്റോറി) , സഹനടൻ ബ്രാഡ് പിറ്റ് (വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ് ) 

∙ഒന്നാം ലോകയുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ‘1917’ നു ഛായാഗ്രഹണം അടക്കം 3 പുരസ്കാരങ്ങൾ 

∙‘ജോക്കറി’നും വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡിനും’ 2 വീതം പുരസ്കാരങ്ങൾ 

∙അഭിനേതാക്കൾക്കുള്ള പുരസ്കാരങ്ങളിലെല്ലാം വിധിയെഴുത്തു പ്രതീക്ഷിച്ചപോലെ. 

കൊറിയൻ തേരോട്ടം  പ്രധാന പുരസ്കാരങ്ങളെല്ലാം പാരസൈറ്റിന്

ലൊസാഞ്ചലസ് ∙ സാമ്പത്തിക അസമത്വത്തിനെതിരെ നിശിതമായ പരിഹാസം തൊടുത്ത കൊറിയൻ ചിത്രം ‘പാരസൈറ്റ്’ ഈ വർഷത്തെ മികച്ച സിനിമയ്ക്കുള്ള ഓസ്കർ പുരസ്കാരം നേടി.

മികച്ച നടി: റെനി സെൽവഗർ (ജൂഡി), നടൻ: വാക്വിൻ ഫീനിക്സ് (ജോക്കർ).

മികച്ച സഹനടി ലോറ ഡേൺ (മാരിജ് സ്റ്റോറി), സഹനടൻ: ബ്രാഡ് പിറ്റ് (വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്).

92 വർഷത്തെ അക്കാദമി ഓഫ് അവാർഡ്സിന്റെ ചരിത്രത്തിൽ ആദ്യമാണ് ഇംഗ്ലിഷ് ഇതര ഭാഷ സിനിമ മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടുന്നത്. ‘പാരസൈറ്റ്’ സാക്ഷാത്കരിച്ച ദക്ഷിണ കൊറിയൻ ചലച്ചിത്രകാരൻ ബോങ് ജൂൻ ഹോ മികച്ച സംവിധായകനായി. രാജ്യാന്തര വിഭാഗത്തിലും മികച്ച സിനിമ ‘പാരസൈറ്റ്’ തന്നെ. മൗലിക തിരക്കഥയ്ക്ക് അടക്കം ആകെ 4 സമ്മാനങ്ങൾ. മികച്ച സിനിമ, മികച്ച രാജ്യാന്തര സിനിമ എന്നീ സമ്മാനങ്ങൾ ഒരേ ചിത്രം നേടുന്നതും ആദ്യം.

നിരൂപക പ്രശംസ നേടിയ ബ്രിട്ടിഷ് സംവിധായകൻ സാം മെൻഡസിന്റെ ഒന്നാം ലോകയുദ്ധ കഥ ‘1917’ നു ഛായാഗ്രഹണം അടക്കം 3 പുരസ്കാരങ്ങൾ ലഭിച്ചു.

ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളിൽ ജീവിക്കുന്ന രണ്ടു കുടുംബങ്ങളുടെ കഥയാണു ‘പാരസൈറ്റ്’. ഒരു കുടുംബം നിത്യദാരിദ്ര്യത്തിൽ ചേരിയിൽ കഴിയുന്നു. രണ്ടാമത്തെ കുടുംബം കൊട്ടാരസദൃശ്യമായ മാളികയിൽ അത്യാഡംബരങ്ങളോടെ ജീവിക്കുന്നു. അസമത്വം ജനിപ്പിക്കുന്ന സമകാലിക സാമൂഹിക ഭീകരതകളെ ആക്ഷേപഹാസ്യത്തോടെ ചിത്രീകരിച്ചാണു ‘പാരസൈറ്റ്’ കയ്യടി നേടിയത്.

oscar-brad-pitt
മികവ്..: മികച്ച നടൻ വാക്വിൻ ഫീനിക്സ്, മികച്ച നടി റെനി സെൽവഗർ, മികച്ച സഹനടൻ ബ്രാഡ് പിറ്റ് എന്നിവർ ഓസ്കർ പുരസ്കാരങ്ങളുമായി.

മിഷേല്‍ – ഒബാമ ഡോക്യുമെന്ററിക്കും ഓസ്കർ

യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെയും ഭാര്യ മിഷേലിന്റെയും നിർമാണക്കമ്പനിയുടെ സംരംഭമായ ഡോക്യുമെന്ററിക്ക് ഓസ്കർ പുരസ്കാരം. 2008ലെ സാമ്പത്തിക മാന്ദ്യത്തിനിടെ തൊഴിൽ നഷ്ടമായ ഒരു സംഘം ഒഹായോ തൊഴിലാളികളുടെ ജീവിതം വിവരിക്കുന്ന ‘അമേരിക്കൻ ഫാക്ടറി’ എന്ന നെറ്റ്ഫ്ലിക്സ് സിനിമയാണ് മികച്ച ഡോക്യുമെന്ററി ഫീച്ചറിനുള്ള പുരസ്കാരം നേടിയത്. 

അഭിനയത്തിന് ആദ്യ ഓസ്കറുമായി ബ്രാഡ് പിറ്റ്

ഹോളിവുഡ് സൂപ്പർതാരം ബ്രാഡ് പിറ്റിന് (56) അഭിനയത്തിനുള്ള ആദ്യ ഓസ്കർ. ക്വെൻടിൻ ടരാന്റീനോയുടെ വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡിൽ സ്റ്റണ്ട് നടൻ ക്ലിഫ് ബൂത്തായി വേഷമിട്ടതിനാണു ബ്രാഡ് പിറ്റിനെ മികച്ച സഹനടനുള്ള അംഗീകാരം ലഭിച്ചത്. 2014ൽ മികച്ച സിനിമയ്ക്കുള്ള ഓസ്കർ നേടിയ ‘12 ഇയേഴ്സ് ആസ് സ്ലേവി’ന്റെ നിർമാതാവിനുള്ള പുരസ്കാരമാണു മുൻപ് ലഭിച്ച ഓസ്കർ.

‘ജോക്കറി’ലൂടെ വാക്വിൻ ഫീനിക്സ്

‘ജോക്കറി’ലെ അഭിനയമികവിനു ഹോളിവുഡ് താരം വാക്വിൻ ഫീനിക്സ് (45) പുരസ്കാരം ഏറ്റുവാങ്ങിയതോടെ, ഓസ്കർ അംഗീകാരത്തിനായുള്ള നടന്റെ കാത്തിരിപ്പിനു വിരാമമായി. മികച്ച നടനുള്ള നാലാം നാമനിർദേശത്തിലാണ് അംഗീകാരം. ബാഫ്ത, ഗോൾഡൻ ഗ്ലോബ്, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ്സ് തുടങ്ങി ഈ വർഷത്തെ പ്രധാന പുരസ്കാരങ്ങളെല്ലാം ജോക്കറിലെ നായകൻ നേടിയിരുന്നു.

സെൽവഗറിനും ആദ്യ ഓസ്കർ

മികച്ച നടിക്കുള്ള പുരസ്കാരം നേടിയ റെനി സെൽവഗറിനും ഇത് ആദ്യ ഓസ്കർ. പഴയകാല നടിയും ഗായികയുമായ ജൂഡി ഗാർലാൻഡിനെ സാക്ഷാത്കരിച്ച ജൂഡിയിലെ അഭിനയത്തിനാണ് അംഗീകാരം.

ഓസ്കർ സ്മരണയിൽ ഇന്ത്യയും

ഓസ്കർ നിശയിലെ മൊണ്ടാഷ് വിഡിയോകളിൽ തിളങ്ങി ഇന്ത്യയുടെ സത്യജിത് റായിയും എ ആർ റഹ്മാനും. 1955 ൽ ഇറങ്ങിയ സത്യജിത് റായിയുടെ ‘പഥേർ പാഞ്ചാലി’യിലെ രംഗങ്ങളും 2009 ൽ ഓസ്കർ നേടിയ റഹ്മാന്റെ ഗാനം ‘ജയ് ഹോ’ യും ആണ് വിഡിയോ ചിത്രങ്ങളിൽ തെളിഞ്ഞത്.

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com