ADVERTISEMENT

യോകോഹാമ (ജപ്പാൻ) ∙ ഇന്ത്യക്കാരടക്കം 3,711 പേരുമായി പിടിച്ചിട്ടിരിക്കുന്ന ജപ്പാൻ ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ 39 പേർക്കുകൂടി കൊവിഡ്–19 (കൊറോണ വൈറസ്) സ്ഥിരീകരിച്ചു. ഇവരിൽ 2 പേർ ഇന്ത്യക്കാരായ കപ്പൽ ജീവനക്കാരാണെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. ഇതോടെ 29 യാത്രക്കാരും 10 ജീവനക്കാരുമുൾപ്പെടെ രോഗബാധിതർ 175 ആയി. ചികിത്സാ സഹായത്തിനെത്തിയ ഉദ്യോഗസ്ഥനും രോഗം ബാധിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്. 

ഇതേസമയം, 97 പേർകൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 1,113 ആയി. എങ്കിലും പുതിയ രോഗികളുടെ എണ്ണം കുറയുന്നത് ആശ്വാസം പകരുന്നു. ഇന്നലെ 2015 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. മൊത്തം 44,653 പേർക്കാണ് ചൈനയിൽ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

ഹോങ്കോങ്ങിൽ ഇറങ്ങിയ യാത്രക്കാരനിൽ വൈറസ് കണ്ടെത്തിയതിനെത്തുടർന്ന് ഈ മാസം 5 നാണു ഡയമണ്ട് പ്രിൻസസ് കപ്പൽ പിടിച്ചിട്ടത്. 2670 യാത്രക്കാരും 1100 ജീവനക്കാരുമുള്ള കപ്പലിലെ 300 പേർക്ക് പ്രാഥമിക പരിശോധനയിൽത്തന്നെ രോഗബാധ കണ്ടെത്തിയിരുന്നു. 

ജപ്പാനിൽ വേറെയും 28 പേർക്കു രോഗബാധ സ്ഥിരീകരിച്ചു. ഇവരിൽ 9 പേരെ രോഗത്തിന്റെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനിൽ നിന്ന് ഒഴിപ്പിച്ച് കൊണ്ടുവന്നതാണ്. ഇതിനിടെ ചൈനയിലെ ഹ്യൂബെയ്ക്കു പുറമെ സെജിയാങ് പ്രവിശ്യയിലേക്കും യാത്രാ വിലക്ക് ഏർപ്പെടുത്തിയതായി ജപ്പാൻ പ്രധാനമന്ത്രി ആബെ ഷിൻസോ പ്രഖ്യാപിച്ചു.

ഭീതിമൂലം രോഗി ജനാലയിലൂടെ ചാടി

മോസ്കോ ∙ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ കഴിഞ്ഞ റഷ്യൻ സ്ത്രീകളിലൊരാൾ ജനാലയിലൂടെ ചാടിയും   മറ്റൊരാൾ പൂട്ടുപൊളിച്ചും രക്ഷപ്പെടാൻ ശ്രമിച്ചു. ചൈനയിൽ നിന്നു മടങ്ങിയെത്തിയ ഇരുവരോടും 14 ദിവസം ആശുപത്രിയിൽ കഴിയണമെന്ന് നി‍ർദേശിച്ചിരുന്നു. റഷ്യയിൽ 2 പേർക്കു മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചതെങ്കിലും കനത്ത മുൻകരുതലാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സിംഗപ്പുരിൽ ബാങ്ക് ജീവനക്കാരെ ഒഴിപ്പിച്ചു

സിംഗപ്പൂർ ∙ ജീവനക്കാരിൽ ഒരാൾക്ക് കൊറോണ വൈറസ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് സിംഗപ്പൂരിലെ ഏറ്റവും വലിയ ബാങ്കായ ഡിബിഎസ് ആസ്ഥാന ഓഫിസിൽ നിന്ന് 300 പേരെ ഒഴിപ്പിച്ചു. വീട്ടിലിരുന്നു ജോലി ചെയ്യാൻ ഇവർക്ക് അനുമതി നൽകി. 

ആഗോള വളർച്ച കുറയും

ന്യൂഡൽഹി ∙ കൊവിഡ്–19 രോഗഭീഷണിയുടെ പശ്ചാത്തലത്തിൽ 2020 ലെ ആഗോള വളർച്ചയിൽ 0.1 ശതമാനം കുറവുണ്ടാകുമെന്ന് ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പ്രവചിച്ചു. 

English summary: Corona confirms on Japan ship 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com