sections
MORE

ഭീതി പരത്തി കോവിഡ്: ചൈനയിൽ മരണം 1631; സ്ഥിരീകരിച്ചത് 67,535 പേർക്ക്

HONG KONG-CHINA-HEALTH-VIRUS
കൊറോണ വൈറസ് ബാധ തടയാൻ ഹോങ്കോങ് നഗരമായ സിം ഷാ സൂയിൽ മുഖാവരണം ധരിച്ച് സഞ്ചരിക്കുന്നവർ. പ്രണയദിനമായ വെള്ളിയാഴ്ചത്തെ കാഴ്ച. ചിത്രം – എഎഫ്‌പി
SHARE

ബെയ്ജിങ് ∙ ലോകത്തു ഭീതി പരത്തി ചൈനയിലെ കോവിഡ് ബാധ (കൊറോണ) മരണങ്ങൾ 1631 ആയി ഉയർന്നു. പുതുതായി 143 കേസുകൾ റിപ്പോർട്ട് ചെയ്തതായി ചൈനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗത്തിന്റെ പ്രഭവകേന്ദ്രമായ ഹ്യുബെ പ്രവിശ്യയിൽ പുതുതായി 2240 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചു, വെള്ളിയാഴ്ച മാത്രം ഇവിടെ 139 മരണങ്ങൾ നടന്നതായും ദേശീയ ആരോഗ്യ മിഷൻ വ്യക്തമാക്കി. കോവിഡ് ബാധ (കൊറോണ) സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചു വയ്ക്കുന്നുവെന്ന ആക്ഷേപങ്ങൾക്കിടെയാണ് മരണസംഖ്യ ഉയരുന്നത്.

വൈറസ് സ്ഥിരീകരിച്ച കേസുകൾ കണക്കാക്കുന്ന രീതിയിൽ മാറ്റം വരുത്തിയെന്ന് ചൈനീസ് അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചൈനയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 67,535 ആയെന്നാണു ഔദ്യോഗിക വിവരം. വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിന് ഉദ്യോഗസ്ഥർക്കെതിരെ ചൈന കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചിരുന്നു.

ഹ്യുബെ പ്രവിശ്യയിലെ ആരോഗ്യ കമ്മിഷന്റെ ചുമതലയുള്ള പാർട്ടി സെക്രട്ടറി, പ്രാദേശിക റെഡ് ക്രോസ് ഉപമേധാവി എന്നിവരുൾപ്പെടെ ഒട്ടേറെ ഉദ്യോഗസ്ഥരെ നീക്കം ചെയ്തു. വൈറസ് ചൈനീസ് സമ്പദ്‍വ്യവസ്ഥയെ രൂക്ഷമായി ബാധിച്ചിട്ടുണ്ട്. ഓഹരി വിപണി കൂപ്പുകുത്തി. സമ്പദ്‍വ്യവസ്ഥയെ രക്ഷിക്കാൻ 12.38 ലക്ഷം കോടി രൂപ കഴിഞ്ഞ മാസം ബാങ്കുകൾക്കു നൽകിയിരുന്നു.

കപ്പലിൽ ഒരു ഇന്ത്യക്കാരന് കൂടി വൈറസ് ബാധ
ജപ്പാനിലെ യോകോഹാമ തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ആഡംബരക്കപ്പൽ ഡയമണ്ട് പ്രിൻസസിലെ ഒരു ഇന്ത്യക്കാരനു കൂടി കൊറോണ വൈറസ് (കോവിഡ് –19) സ്ഥിരീകരിച്ചു. ഇതുവരെ 3 ഇന്ത്യക്കാർക്കാണ് വൈറസ് ബാധിച്ചിട്ടുള്ളത്. 3 പേരെയും ആശുപത്രിയിലേക്കു മാറ്റി.

കപ്പലിലെ 218 പേർക്ക് ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. 3711 പേരാണ് കപ്പലിലുള്ളത്.ഇതിൽ 138 ഇന്ത്യക്കാരുണ്ട്; 132 ജീവനക്കാരും 6 യാത്രക്കാരും.

Olympics Tokyo Virus
യോകോഹാമ തുറമുഖത്തു പിടിച്ചിട്ടിരിക്കുന്ന ഡയമണ്ട് പ്രിൻസസ് കപ്പലിന്റെ ഇന്നലത്തെ ദൃശ്യം.

വൈറസ് ബാധിക്കാത്ത 80 വയസ്സിനു മുകളിലുള്ളവരെ കപ്പലിൽ നിന്നു മാറ്റാൻ ജപ്പാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ‌കപ്പലിലെ ഇന്ത്യക്കാരുമായി ബന്ധപ്പെട്ടതായി ജപ്പാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

കൊറോണക്കടലിലെ ‘പ്രണയക്കപ്പൽ’
കൊറോണയുടെ നടുക്കടലിൽ നങ്കൂരമിട്ട ഡയമണ്ട് പ്രിൻസസ് കപ്പലിൽ ‘കുടുങ്ങിയവരുടെ’ പ്രണയദിനാഘോഷത്തിന് ഒരു കുറവും വരുത്താതെ ജീവനക്കാർ. ഹണിമൂൺ ആഘോഷത്തിലായിരുന്ന ബ്രിട്ടിഷ് ദമ്പതികളിലൊരാളെ കൊറോണ വൈറസ് സ്ഥിരീകരിച്ച് ആശുപത്രിയിലേക്കു മാറ്റിയതുൾപ്പെടെ വിരഹങ്ങളുടെയും രോഗഭീതിയുടെയും പ്രണയദിനമായിരുന്നു യാത്ര മുടങ്ങി ഒറ്റപ്പെട്ട യാത്രക്കാർക്കിന്നലെ. ജീവനക്കാർ യാത്രക്കാർക്കു സ്നേഹസമ്മാനങ്ങളൊരുക്കി.

ഡൽഹി – ഹോങ്കോങ് വിമാനം റദ്ദാക്കി

നാളെ മുതൽ 29 വരെ ഡൽഹി – ഹോങ്കോങ് സ്പൈസ് ജെറ്റ് വിമാന സർവീസ് റദ്ദാക്കി. ദിവസേനയുള്ള സർവീസാണിത്. ഹോങ്കോങ്a, ചൈന എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ സർവീസുകൾ നേരത്തേ നിർത്തിവച്ചിരുന്നു. ഇരു സ്ഥലങ്ങളിലേക്കും പോകുന്നവരെ മടങ്ങിവരുമ്പോൾ വിശദ പരിശോധനയ്ക്കു വിധേയരാക്കുമെന്നു കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) വ്യക്തമാക്കിയിട്ടുണ്ട്.

ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെക്കൂടി പ്രത്യേക പരിശോധനയ്ക്കു വിധേയരാക്കാൻ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ നിർദേശിച്ചു. ചൈന, ഹോങ്കോങ്, തായ്‍ലൻഡ്, സിംഗപ്പുർ എന്നീ രാജ്യങ്ങളായിരുന്നു നേരത്തെ പട്ടികയിലുണ്ടായിരുന്നത്.

English Summary: Death toll from Corona Virus rises in China

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA