ADVERTISEMENT

ബെയ്ജിങ് ∙ കോവിഡ് –19 ബാധിച്ചു മരിച്ചവരുടെ എണ്ണം 1775 ആയി. 5 പേരൊഴികെ എല്ലാവരും ചൈനയിലാണ്. രോഗം ബാധിച്ചവരുടെ എണ്ണം 71,440. രോഗബാധിതരുടെ എണ്ണം കുറ‍ഞ്ഞുവരികയാണെന്ന് ചൈന അറിയിച്ചു. 10,844 പേർ ആശുപത്രി വിട്ടു.

ലോകാരോഗ്യസംഘടനയുടെ നേതൃത്വത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ധരും ചൈനീസ് അധികൃതർക്കൊപ്പം വൈറസിനെ നേരിടാൻ രംഗത്തിറങ്ങി. 12 അംഗ സംഘമാണ് ചൈനയിലുള്ളത്. ബെയ്ജിങ്, ഗുവാങ്ഡോങ്, സിഷ്വാൻ എന്നിവിടങ്ങളിൽ ഇവർ പര്യടനം ആരംഭിച്ചു. എന്നാൽ, വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ ഈ പട്ടികയിൽ ഇല്ലാത്തത് അദ്ഭുതമുയർത്തിയിട്ടുണ്ട്.

വുഹാനിൽലേക്ക് 30,000 മെഡിക്കൽ ജീവനക്കാരെ കൂടി ചൈന നിയമിച്ചു. ഇവരിൽ മൂന്നിലൊന്ന് തീവ്രപരിചരണ വിദഗ്ധരാണ്. വുഹാനിൽ യാത്രകൾക്കും മറ്റും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ഇതിനിടെ, കോവിഡ് നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ട ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട നിയമജ്ഞനും മനുഷ്യാവകാശ പ്രവർത്തകനുമായ ഷു ഷിയോങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സഹായവുമായി ഇന്ത്യൻ വിമാനം; ഇന്ത്യക്കാരുമായി മടങ്ങും

ബെയ്ജിങ് ∙ കോവിഡിൽ കുരുങ്ങിക്കിടക്കുന്ന ചൈനയ്ക്ക് സഹായഹസ്തം നീട്ടി ഇന്ത്യ. മെഡിക്കൽ ഉപകരണങ്ങളും വസ്തുക്കളുമായി പ്രത്യേക വിമാനം എത്തുമെന്ന് ചൈനയിലെ ഇന്ത്യൻ അംബാസഡർ വിക്രം മിസ്റി അറിയിച്ചു. സഹായവാഗ്ദാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞയാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന് എഴുതിയിരുന്നു. 

ചൈനയിൽ നിന്നു നാട്ടിലേക്കു പോകാനാഗ്രഹിക്കുന്ന ഇന്ത്യക്കാരെയും അയൽരാജ്യങ്ങളിലുള്ളവരെയും മടക്കയാത്രയിൽ ഈ വിമാനത്തിൽ കൊണ്ടുവരും. തിരികെ വരാനാഗ്രഹിക്കുന്നവർ ബന്ധപ്പെടണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടിട്ടുണ്ട്.

80 –100 ഇന്ത്യക്കാർ വുഹാനിലുണ്ടെന്നാണ് കരുതുന്നത്. ആദ്യ 2 വിമാനങ്ങൾ എത്തിയപ്പോൾ പനി മൂലം വരാൻ കഴിയാഞ്ഞ 10 പേരും ഇക്കൂട്ടത്തിലുണ്ട്.

ചൈന പാർലമെന്റ് സമ്മേളനം നീട്ടിവച്ചേക്കും

ബെയ്ജിങ് / ടോക്കിയോ ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ അടുത്ത മാസം നടക്കേണ്ട വാർഷിക പാർലമെന്റ് സമ്മേളനം നീട്ടിവയ്ക്കാൻ ചൈന ആലോചിക്കുന്നു. കമ്യൂണിസ്റ്റു പാർട്ടിയുടെ ശക്തിപ്രകടനമായ സമ്മേളനം മാറ്റിവയ്ക്കുന്നത് പതിവുള്ളതല്ല.

അയ്യായിരത്തിലേറെ പേർ അംഗങ്ങളായുള്ള നാഷനൽ പീപ്പിൾസ് കോൺഗ്രസ്, ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൽറ്റേറ്റിവ് കോ‍ൺഫറൻസ് എന്നീ 2 സമിതികളുടെയും യോഗം മാറ്റാനാണ് ആലോചന. 2 വർഷത്തിലൊരിക്കൽ നടക്കുന്ന ബെയ്ജിങ് ഓട്ടോ ഷോ റദ്ദാക്കി. ഏപ്രിൽ അവസാനമാണ് നടക്കേണ്ടിയിരുന്നത്.

ഇതിനിടെ, അടുത്തയാഴ്ച നടക്കേണ്ട ചക്രവർത്തിയുടെ പിറന്നാളാഘോഷങ്ങൾ ജപ്പാൻ റദ്ദാക്കി. പ്രശസ്തമായ ടോക്കിയോ മാരത്തൺ പ്രമുഖരായ പ്രഫഷനൽ ഓട്ടക്കാർക്കു മാത്രമായി പരിമിതപ്പെടുത്തുകയും ചെയ്തു. 38,000 പേർ പങ്കെടുക്കാറുള്ളതാണ്. ജൂലൈയിൽ ഒളിംപിക്സ് നടക്കാനിരിക്കെ, കടുത്ത പ്രതിസന്ധിയിലാണ് ജപ്പാൻ. ടൂറിസത്തെയും വ്യവസായങ്ങളെയും ഓഹരിവിപണിയെയും കോവിഡ് ബാധിച്ചിട്ടുണ്ട്.

ജപ്പാൻ കപ്പലിലെ 4 ഇന്ത്യക്കാർ സുഖം പ്രാപിക്കുന്നു

ടോക്കിയോ ∙ ജപ്പാനിലെ യോകോഹാമയിൽ പിടിച്ചിട്ടിരിക്കുന്ന വിനോദക്കപ്പലിൽ വച്ചു കോവിഡ് ബാധിച്ച 4 ഇന്ത്യക്കാരുടെയും നില മെച്ചപ്പെട്ടു വരുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.

ഇതിനിടെ, കപ്പലിൽ 99 പേർക്കു കൂടി വൈറസ് സ്ഥിരീകരിച്ചു. ആകെ രോഗബാധിതരുടെ എണ്ണം 454 ആയി. കപ്പലിലെ 340 അമേരിക്കക്കാരെ യുഎസ് വിമാനത്തിൽ തിരികെ കൊണ്ടുപോയി. 138 ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

English Summary: Kovid death toll touches 1775

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com