ADVERTISEMENT

ലണ്ടൻ ∙ യൂറോപ്യൻ യൂണിയൻ വിട്ട ബ്രിട്ടൻ മികവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള പുതിയ കുടിയേറ്റ നിയമം നടപ്പാക്കുന്നു.  2021 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരുന്ന പുതിയ സംവിധാനത്തിൽ കൃത്യമായ മാനദണ്ഡം അടിസ്ഥാനമാക്കിയുള്ള നിശ്ചിത പോയിന്റ് നേടുന്നവർക്കേ വീസ അനുവദിക്കൂ. യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും മറ്റു രാജ്യങ്ങളിൽ നിന്നുള്ളവർക്കും തുല്യ പരിഗണന.  

ജോലിയിലെ പ്രാവീണ്യം, യോഗ്യത, ശമ്പളം എന്നിവ അനുസരിച്ചാണ് പോയിന്റ്. ഇംഗ്ലിഷ് ഭാഷ നിർബന്ധമായും അറിയണം. കുറഞ്ഞ വാർഷിക ശമ്പളം 25,600 പൗണ്ട് (23.5 ലക്ഷം രൂപ). യൂറോപ്യൻ യൂണിയനിൽ നിന്നുള്ള  പ്രത്യേക പ്രാവീണ്യം വേണ്ടാത്ത സാധാരണ ജോലിക്കാരുടെ എണ്ണം 10,000 ആയി പരിമിതപ്പെടുത്തും. 

ഇതനുസരിച്ച് 2004 നു ശേഷം യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടനിൽ കുടിയേറിയവരിൽ 70% പേരും പുതിയ നിബന്ധനകൾ അനുസരിച്ച് വീസയ്ക്ക് യോഗ്യരല്ലാതാവും. ഓരോ വർഷവും അനുവദിക്കുന്ന വീസയുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.  പ്രത്യേക മേഖലകളിൽ നിപുണരായ ഇന്ത്യക്കാരായ അപേക്ഷകർക്ക് ഇത് ഏറെ ഗുണകരമാകുമെന്ന് കരുതപ്പെടുന്നു. 

വിദ്യാർഥികൾക്കും പുതിയ പോയിന്റ് സംവിധാനം ബാധകമായിരിക്കും. ബ്രിട്ടനിലെ ഏതെങ്കിലും അംഗീകൃത വിദ്യാഭ്യാസസ്ഥാപനത്തിൽ പ്രവേശനം ലഭിച്ചതിന്റെ രേഖ, പഠനച്ചെലവ് വഹിക്കാനാവുമെന്നതിന്റെ രേഖ, ഇംഗ്ലിഷ് ഭാഷാ ജ്ഞാനം എന്നിവ സ്റ്റുഡന്റ് വീസയ്ക്കും നിർബന്ധം.ഓരോ മേഖലയിലും പ്രഗത്ഭരായ ജോലിക്കാരെ ബ്രിട്ടനിലേക്ക് ആകർഷിച്ച് സമ്പദ്‍വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പുതിയ സംവിധാനം കൊണ്ടുവരുന്നതെന്ന് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ നയരേഖയിൽ പറയുന്നു. ഓരോ മേഖലയിലും നൈപുണ്യം നേടിയവർക്കു മാത്രമേ ഇനി വീസ അനുവദിക്കുകയുള്ളു. 

3 കാര്യങ്ങൾ നിർബന്ധം; 70 പോയിന്റ് കടമ്പ

വീസ അപേക്ഷിക്കുമ്പോൾ ഇനി പറയുന്ന മൂന്നു കാര്യങ്ങൾ നിർബന്ധമാണ്.

∙അംഗീകൃത സ്പോൺസറിൽ നിന്നുള്ള ജോലി വാഗ്ദാനം

∙കഴിവിന് അനുസൃതമായ ജോലി

∙ഇംഗ്ലിഷ് ഭാഷാ പരിജ്ഞാനം 

ഇതു കൂടാതെ വിദ്യാഭ്യാസ യോഗ്യത, ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന മേഖലയിലെ ശമ്പള നിലവാരം, ആ മേഖലയിൽ ജോലിക്കാരുടെ കുറവ് എന്നിവയിൽ നിശ്ചിത മാനദണ്ഡം അനുസരിച്ചുള്ള കുറഞ്ഞത് 70 പോയിന്റ് എങ്കിലും നേടുകയും വേണം. പോയിന്റുകൾ താഴെ പറയും വിധം:

∙സ്പോൺസറുടെ ജോലി വാഗ്ദാനം – 20 പോയിന്റ്

∙നൈപുണ്യത്തിന് അനുസൃതമായ ജോലി –20

∙ഇംഗ്ലിഷ് സംസാരിക്കാനുള്ള കഴിവ് – 10 ( ഇവ മൂന്നും നിർബന്ധം)

∙ശമ്പളം നിലവിലെ നിലവാരത്തിനു മുകളിൽ (30,000 പൗണ്ട്) അല്ലെങ്കിൽ 25,600 പൗണ്ടിൽ കൂടുതൽ – 20 (10% വരെ കുറവെങ്കിൽ 10 പോയിന്റ്, 10–20 % കുറവെങ്കിൽ 0 പോയിന്റ്) 

∙ജോലിക്കാരുടെ ക്ഷാമമുള്ള മേഖലകൾ – 20

∙ജോലിയുമായി ബന്ധപ്പെട്ട വിഷയത്തിൽ പിഎച്ച്ഡി – 10

∙സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് പിഎച്ച്ഡി – 20

പ്രായം, ജോലി പരിചയം തുടങ്ങിയവ ഉൾപ്പെടുത്തി സംവിധാനം പിന്നീട് വിപുലമാക്കുമെന്നും നയരേഖയിൽ പറയുന്നുണ്ട്. മികച്ച ശാസ്ത്രജ്ഞരെയും ഗവേഷകരെയും ബ്രിട്ടനിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായുള്ള ഗ്ലോബൽ ടാലന്റ് സ്കീം നാളെ പ്രാബല്യത്തിൽ വരും. ഇതിലെ നിബന്ധനകൾ യൂറോപ്യൻ യൂണിയനിൽ നിന്നുള്ളവർക്കും ബാധകമായിരിക്കും. 

English summary: Britain's new immigration system

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com