ADVERTISEMENT

സോൾ ∙ ദക്ഷിണ കൊറിയയിൽ ആദ്യത്തെ കോവിഡ്–19 (കൊറോണ വൈറസ്) മരണം. രോഗം ആദ്യം കണ്ടെത്തുകയും 2100 പേർ മരിക്കുകയും ചെയ്ത ചൈനയ്ക്കു പുറത്ത് ഉണ്ടാവുന്ന ഒൻപതാമത്തെ മരണമാണിത്.  കൊറിയയിലെ നാലാമത്തെ വലിയ നഗരമായ ഡേഗുവിൽ ക്രിസ്ത്യൻ പള്ളിയിലെ ആരാധനയിൽ പങ്കെടുത്ത മുതിർന്ന പൗരനാണ് മരിച്ചത്.

ഇയാളോടൊപ്പം ആരാധനയിൽ പങ്കെടുത്തവരാണ് അണുബാധയുണ്ടായ 28 പേർ. ഇവിടെ കൊറോണ രോഗികളുടെ എണ്ണം 104 ആയി. നഗരത്തിലെ 25 ലക്ഷം പേരോടും പുറത്തിറങ്ങരുതെന്നു മേയർ അഭ്യർഥിച്ചു. രോഗബാധ സ്ഥിരീകരിച്ചതോടെ നഗരം ശൂന്യമായി. 

മുൻപ് വിചാരിച്ചിരുന്നതിനേക്കാളും വേഗം പകരുന്ന രോഗമാണിതെന്ന നിലപാടാണ് കൊറിയൻ ശാസ്ത്രജ്ഞർക്കുള്ളത്. ഇൻഫ്ലുവൻസ മാതിരിയാണ് രോഗം കാണപ്പെടുന്നതെന്നും ലക്ഷണങ്ങളൊന്നും കാണിക്കാത്തവരിൽ പോലും അണുബാധ കണ്ടതായും ശാസ്ത്രജ്ഞർ പറഞ്ഞു. രോഗലക്ഷണം കാണിക്കാത്തവരും രോഗം പകർത്തുന്നുവെന്നത് ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെങ്കിലും ഇത് ആശങ്കാജനകമായി വിദഗ്ധർ കരുതുന്നു. ലോകാരോഗ്യ സംഘടനയും ഇക്കാര്യം  നിരീക്ഷിച്ചുവരുകയാണ്.

പള്ളിയിൽ നിന്നാണോ രോഗി എത്തിയ ആശുപത്രിയിൽ നിന്നാണോ രോഗം പകർന്നതെന്നതും പരിശോധിച്ചുവരുകയാണ്. ആശുപത്രി അടച്ചിട്ട് ജീവനക്കാരും രോഗികളുമായി അവിടെയുണ്ടായിരുന്ന 600 പേരെയും പരിശോധിക്കും. നഗരത്തിലുള്ള യുഎസ് സൈനിക താവളത്തിലെ ഒരു ഭടനും രോഗബാധയുണ്ടായിട്ടുണ്ട്.

ചൈനയിൽ പുതുതായി 349 പേർക്കു കൂടി അണുബാധ സ്ഥിരീകരിച്ചു. ആകെ രോഗബാധിതർ 74,000 ആണ്. അണുബാധ കുറഞ്ഞുതുടങ്ങിയെന്ന ചൈനീസ് കണക്കുകളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നുണ്ട്. വുഹാനിൽ കടകൾ തുറക്കുന്നത് മാർച്ച് 11 വരെ നീട്ടി. സ്കൂളുകൾ തുറക്കാനിരുന്നതും മാറ്റിവച്ചു. 

ജപ്പാൻ തീരത്തു കിടക്കുന്ന ഡയമണ്ട് പ്രിൻസസ് കപ്പിലിലെ 2 പേർ മരിച്ചു. 3700 പേർ ഉണ്ടായിരുന്ന കപ്പലിലെ 634 പേർക്കാണ് രോഗബാധയുണ്ടായത്. കുഴപ്പമില്ലെന്നു കണ്ട് കപ്പിൽ നിന്ന് യാത്രക്കാരെ വിട്ടയച്ചുതുടങ്ങിയിരുന്നു.  ഇറാനിലെ വിശുദ്ധ നഗരമായ ഖോമിൽ 2 പേർ മരിക്കുകയും 3 പേരിൽ കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തതോടെ മതസമ്മേളനങ്ങൾ നടത്തരുതെന്ന അധികൃതർ നിർദേശം നൽകി. നഗരത്തിലെ എല്ലാ സ്ഥാപനങ്ങളും അടച്ചു.

English summary: Covid; One death in South Korea

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com