ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിൽ കോവിഡ്19 കേസുകളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും ഭീതി അകലുന്നില്ല.കോവിഡ് ബാധ ഇനിയും അതിന്റെ പാരമ്യത്തിലെത്തിയിട്ടില്ലെന്നും ജാഗ്രത തുടരണമെന്നും പ്രസിഡന്റ് ഷി ചിൻ പിങ് പറഞ്ഞു. പ്രതിദിന കണക്കുകളിൽ കുറവുണ്ടെങ്കിലും സ്ഥിതി അതീവ ഗുരുതരം തന്നെയാണെന്ന് കമ്യൂണിസ്റ്റ് പാർട്ടി പൊളിറ്റ് ബ്യൂറോയിൽ അദ്ദേഹം സൂചിപ്പിച്ചു.

കോവിഡ് മരണം ലോകമാകെ 2363 ആയി. ചൈന: 2345, ഇറാൻ: 5 , ജപ്പാൻ, ദക്ഷിണ കൊറിയ: 3 വീതം, ഹോങ്കോങ്, ഇറ്റലി: 2 വീതം, തയ്‍വാൻ, ഫിലിപ്പീൻസ്, ഫ്രാൻസ്: 1 വീതം. വൈറസ് ബാധിച്ചുള്ള രണ്ടാമത്തെ മരണം ഇറ്റലിയിൽ റിപ്പോർട്ട് ചെയ്തതോടെ യൂറോപ്പും ഭീതിയിലായി. ഇറ്റലിയിലെ പല നഗരങ്ങളിലും പള്ളി കുർബാനകളും ഷോപ്പിങ് മേളകളും കായിക മത്സരങ്ങളുമെല്ലാം നിർത്തി വച്ചിരിക്കുകയാണ്.

കോവിഡിനെക്കുറിച്ചു പഠിക്കാനും പ്രതിരോധപ്രവർത്തനങ്ങൾക്കു നേതൃത്വം കൊടുക്കാനും ചൈനയിലുള്ള ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘം വുഹാനിലെത്തി. നേരത്തെ ഇവരുടെ യാത്രാ പരിപാടിയിൽ നിന്ന് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാൻ ഒഴിവാക്കിയിരുന്നു. വൈകിയാണ് ഇതിനുള്ള അനുമതി നൽകിയത്.

ചൈനയിലെ 3 പ്രവിശ്യകളിലുള്ള 5 ജയിലുകളിലും വൈറസ് പടർന്നതായി സ്ഥിരീകരിച്ചു. 447 പേർക്ക് ബാധിച്ചിട്ടുണ്ട്. പ്രതിരോധപ്രവർത്തനങ്ങളിൽ ജാഗ്രത പുലർത്താത്ത ഒരു ഡസൻ ജയിൽ ജീവനക്കാരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇതിനിടെ ബെയ്ജിങ്ങിൽ വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നത് ആശങ്ക പടർത്തി. വെള്ളിയാഴ്ച മാത്രം ബെയ്ജിങ്ങിലെ സെൻട്രൽ സിറ്റി ആശുപത്രിയിൽ 36 കേസുകൾ സ്ഥിരീകരിച്ചു. ബെയ്ജിങ്ങിൽ 4 പേരാണ് ഇതുവരെ മരിച്ചത്.

ദക്ഷിണ കൊറിയയിലും ശനിയാഴ്ച മാത്രം 142 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ 346.  ഇറാനിൽ ഒരു മരണം കൂടിയായതോടെ മരിച്ചവരുടെ എണ്ണം 5 ആയി. കോവിഡിനെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങൾക്ക് 10 കോടി യുഎസ് ഡോളർ സംഭാവന ചെയ്ത ബിൽ ഗേറ്റ്സിന് നന്ദി അറിയിച്ച് ഷി ചിൻപിങ് കത്തയച്ചു. 

ഒളിംപിക്സ് മാറ്റേണ്ട സാഹചര്യമില്ല: സമിതി

ടോക്കിയോയിൽ ഒളിംപിക്സ് വൊളന്റിയർമാരുടെ പരിശീലന പരിപാടി മാറ്റിവച്ചു. ജൂലൈ 24 നാണ് ഒളിംപിക്സ് ആരംഭിക്കേണ്ടത്. 3 പേരാണ് ജപ്പാനിൽ ഇതുവരെ മരിച്ചത്. ഒളിംപിക്സ് നീട്ടി വയ്ക്കുകയോ റദ്ദാക്കുകയോ മറ്റൊരിടത്തേക്ക് മാറ്റുകയോ ചെയ്യേണ്ട സാഹചര്യമില്ലെന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി പറയുന്നത്.

സിംഗപ്പുർ യാത്ര  ഒഴിവാക്കാൻ  നിർദേശം

ന്യൂഡൽഹി ∙ കോവിഡിന്റെ പശ്ചാത്തലത്തിൽ അടിയന്തരാവശ്യമില്ലാത്ത സിംഗപ്പുർ യാത്രകൾ ഒഴിവാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. തിങ്കളാഴ്ച മുതൽ കഠ്മണ്ഡു, ഇന്തൊനീഷ്യ, വിയറ്റ്‍നാം എന്നീ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്നവർക്കു വിമാനത്താവളങ്ങളിൽ പ്രത്യേക പരിശോധന നടത്താനും നിർദേശിച്ചു. ചൈന, ഹോങ്കോങ്, തായ്‍ലൻഡ്, ദക്ഷിണ കൊറിയ, സിംഗപ്പൂർ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇന്ത്യയിലെ 21 വിമാനത്താവളങ്ങളിൽ നിലവിൽ പരിശോധനയുണ്ട്.

കോവിഡ് 19 നേരിടുന്നതു സംബന്ധിച്ച് കാബിനറ്റ് സെക്രട്ടറി വിളിച്ചുചേർത്ത അവലോകന യോഗത്തിലാണു പുതിയ നിർദേശങ്ങൾ. ഇതിനിടെ, ചൈനയിലേക്കു മെഡിക്കൽ ഉപകരണങ്ങളുമായി പോകാനിരിക്കുന്ന ഇന്ത്യൻ വിമാനത്തിന് ഇന്നലെയും അനുമതി ലഭിച്ചില്ല. ചൈന അനുമതി വൈകിപ്പിക്കുകയാണെന്ന് ഇന്ത്യൻ അധികൃതർ പറയുമ്പോഴും ചൈന ഇതു നിഷേധിക്കുകയാണ്.

വൈറസ് ബാധിത മേഖലകളിൽ നിന്ന് പൗരൻമാരെ ഒഴിപ്പിക്കാൻ ഒട്ടേറെ രാജ്യങ്ങളുടെ വിമാനങ്ങൾ ചൈനയിലെത്തുന്നുണ്ട്. ഇതുമൂലം വിമാനത്താവളങ്ങളിലെ തിരക്കാണ് അനുമതി വൈകാൻ കാരണമെന്ന് ചൈന പറയുന്നത്.

കേരളത്തിൽ ഇനി നിരീക്ഷണത്തിൽ 142 പേർ

തിരുവനന്തപുരം ∙ കൊറോണ വൈറസുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു 142 പേർ നിരീക്ഷണത്തിലാണെന്നു മന്ത്രി കെ.കെ. ശൈലജ. ഇവരിൽ 137 പേർ വീടുകളിലും 5 പേർ ആശുപത്രികളിലുമാണ്. 

സംശയമുള്ള 441 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിൽ 436 ഫലം നെഗറ്റിവ് ആണ്. നിലവിൽ ആശുപത്രിയിലുള്ള ആരുടെയും ആരോഗ്യനിലയിൽ ആശങ്കയില്ല. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന 579 പേരെ പരിഷ്‌കരിച്ച മാർഗരേഖ പ്രകാരം ഇന്നലെ ഒഴിവാക്കി.

English summary: Coronavirus news cases

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com