ADVERTISEMENT

ബഹ്റൈനിൽ വീണ്ടും കോവിഡ് മരണം. ഇറാനിൽ നിന്നു മടങ്ങിയെത്തിയ സ്വദേശി സ്ത്രീ (51) ആണു മരിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അമ്മമാർക്ക് വീടുകളിലിരുന്ന് ജോലി ചെയ്യാം. 

അനിശ്ചിത കാലത്തേക്ക് കുവൈത്തിൽ ഭാഗിക കർഫ്യൂ

കുവൈത്തിൽ അനിശ്ചിതകാലത്തേക്കു വൈകിട്ട് 5 മുതൽ പുലർച്ചെ 4 വരെ കർഫ്യൂ. ലംഘിച്ചാൽ 3 വർഷം തടവും 10,000 ദിനാർ (ഏകദേശം 24 ലക്ഷം രൂപ) പിഴയും. 26 വരെ അനുവദിച്ച അവധി ഏപ്രിൽ 12 വരെ നീട്ടി. രാജ്യം വിടാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്കു പോകാം. ഇതിനായി അതതു രാജ്യങ്ങൾ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തണം. രോഗികൾ, പ്രായമായവർ, കുഞ്ഞുങ്ങൾ, ഭിന്നശേഷിക്കാർ തുടങ്ങിയവർക്കാകും മുൻഗണന. ഇഖാമ (താമസാനുമതി) നിയമലംഘകർക്കു പിഴ കൂടാതെ രാജ്യം വിടാനും അവസരം.

ഒമാൻ: ധനവിനിമയ സ്ഥാപനങ്ങൾ അടയ്ക്കുന്നു

പൊതുസ്ഥലങ്ങളിലെ എല്ലാ ഒത്തുചേരലുകളും വിലക്കി. പ്രവാസി തൊഴിലാളികൾ പുറത്തിറങ്ങുന്നതിനു നിയന്ത്രണം. ജോലി സമയം കഴിഞ്ഞാൽ പ്രവാസികൾ വീട്ടിൽ തന്നെ കഴിയണം. മസ്ജിദ് ഉൾപ്പെടെ ആരാധനാലയങ്ങളെല്ലാം അടച്ചു. ധനവിനിമയ കേന്ദ്രങ്ങളും എല്ലാ കസ്റ്റമർ സർവീസ് സ്ഥാപനങ്ങളും അടയ്ക്കാൻ നിർദേശിച്ചു. ക്ലിനിക്കുകൾ, ഫാർമസികൾ എന്നിവ ഒഴികെയുള്ള സ്ഥാപനങ്ങൾ പ്രവർത്തിക്കില്ല.

സൗദി: മലയാളം എസ്എംഎസും

119 പേർക്കു കൂടി കോവിഡ്. ജാഗ്രതാ എസ്എംഎസ് മലയാളത്തിലും. സംരംഭകരെ സഹായിക്കാൻ കൊറോണ റെസ്പോൺസ് സെന്റർ. റസ്റ്ററന്റ്, സൂപ്പർമാർക്കറ്റ്, ക്ലിനിക്, ഫാർമസി എന്നിവ ഒഴികെയുള്ളവ നിർബന്ധമായും അടപ്പിക്കുന്നു.  രോഗബാധിതരിൽ 5 ആരോഗ്യവകുപ്പ് ജീവനക്കാരും.

യുഎഇ: റിമോട്ട് മന്ത്രിസഭാ യോഗം 

സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി യുഎഇയിൽ ആദ്യ റിമോ‍ട്ട് മന്ത്രിസഭാ യോഗം. വിനോദ കേന്ദ്രങ്ങൾ രണ്ടാഴ്ചത്തേക്ക് അടച്ചു.  പ്രാദേശിക, വിദേശ സിലബസുകാർക്ക് ഇ–ലേണിങ്ങിനു തുടക്കമായി.  ഇന്ത്യൻ സ്കൂളു‍കൾക്ക് ഏപ്രിൽ ആദ്യവാരം മുതൽ. എമിറേറ്റ്സ് എയർലൈൻസ് മുഴുവൻ യാത്രാവിമാന സർവീസുകളും 25 മുതൽ നിർത്തിവയ്ക്കും. കാർഗോ സർവീസ് തുടരും.

ഖത്തർ: ഉത്തരവ് ലംഘിച്ചാൽ അറസ്റ്റ്

പൊതു ഇടങ്ങളിൽ ഒത്തുകൂടരുതെന്ന ഉത്തരവ് ലംഘിക്കുന്നവരെ അറസ്റ്റ് ചെയ്യും. പബ്ലിക് പാർക്കുകളും ബീച്ചുകളും അടച്ചു. സർക്കാർ സ്ഥാപനങ്ങളിലെ 80 % ജീവനക്കാരും വീട്ടിലിരുന്നു ജോലി ആരംഭിച്ചു. ഇന്ത്യൻ സ്‌കൂൾ വിദ്യാർഥികൾക്കായുള്ള ഓൺലൈൻ ക്ലാസുകൾ സജീവം.

ബഹ്റൈൻ: അമ്മമാർക്ക് വീട്ടിലിരുന്ന് ജോലി

പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന അമ്മമാർക്കു വീടുകളിലിരുന്നു ജോലി ചെയ്യാം.  എല്ലാവരും ഇ–സേവനങ്ങൾ പ്രയോജനപ്പെടുത്തണമെന്നു കർശന നിർദേശം.

ഗൾഫ് മേഖല

∙രോഗബാധിതർ: 1720, സുഖപ്പെട്ടവർ: 278, മരണം: 4

∙സൗദി– രോഗികൾ 511, സുഖപ്പെട്ടവർ 17

∙യുഎഇ– രോഗികൾ 153,  സുഖപ്പെട്ടവർ 38, മരണം 2

∙ഖത്തർ– രോഗികൾ 481, സുഖപ്പെട്ടവർ 27

∙ബഹ്റൈൻ– രോഗികൾ 332, സുഖപ്പെട്ടവർ 149, മരണം 2

∙കുവൈത്ത്– രോഗികൾ 188, സുഖപ്പെട്ടവർ 30

∙ഒമാൻ– രോഗികൾ 55, സുഖപ്പെട്ടവർ 17

English summary: COVID 19; Kuwait impose curfew

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com