ഐസ് ഹോക്കി സ്റ്റേഡിയം മോർച്ചറി; സ്പെയിനിൽ കുമിഞ്ഞുകൂടി മൃതദേഹങ്ങൾ

spain-death
SHARE

ആശുപത്രികളിലും വൃദ്ധമന്ദിരങ്ങളിലും ഉപേക്ഷിക്കപ്പെട്ട നിലയിൽ മൃതദേഹങ്ങൾ കുമിഞ്ഞുകൂടുന്നു. ആരോഗ്യപ്രവർത്തകർ പോലും കോവിഡ് പിടിപെട്ടു മരിക്കുന്നു. സാധാരണക്കാർ ഭീതിയിൽ വീടുകളിൽ കഴിയുന്നു. വിറങ്ങലിച്ചു നിൽക്കുകയാണു സ്പെയിനിലെ നഗരങ്ങൾ. ഏപ്രിൽ 14വരെ ലോക്‌ഡൗൺ നീട്ടി.

നിരത്തുകളി‍ൽ പട്ടാളമിറങ്ങി. ഓരോ വാഹനവും അവർ തടയുന്നു. ആരെയും എങ്ങോട്ടും വിടുന്നില്ല. ഹോട്ടലുകൾ ആശുപത്രികളാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. തലസ്ഥാനമായ മഡ്രിഡിലെ ഒരു ഐസ് ഹോക്കി സ്റ്റേഡിയം മോർച്ചറിയാക്കി മാറ്റിയെന്നു കേട്ടു. കാര്യങ്ങൾ കൈവിട്ടുപോകുന്ന അവസ്ഥയാണ്. ആദ്യം മഡ്രിഡിലായിരുന്നു രോഗം കൂടുതൽ. ഇപ്പോൾ രാജ്യം മുഴുവനും കോവിഡിന്റെ പിടിയിലാണ്. 

രണ്ടാഴ്ചയായി ഞങ്ങൾ പുറംലോകം കണ്ടിട്ട്. ഞങ്ങളെന്നു പറഞ്ഞാൽ ഞാനും ഭർത്താവും ഒന്നര വയസ്സുകാരി മകളും. കഴിഞ്ഞ 14 മുതൽ രാജ്യത്തു ലോക്‌‍ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ആഴ്ചയി‍ൽ ഒരുദിവസം ഒരാൾക്കു മാത്രം പുറത്തിറങ്ങാം. വീടിനോട് ഏറ്റവുമടുത്ത കടയിൽപോയി അത്യാവശ്യം വേണ്ട സാധനങ്ങൾ വാങ്ങാം. എത്രയും പെട്ടെന്നു വീട്ടിലേക്കു മടങ്ങണമെന്നു മാത്രം. ഏക ആശ്വാസമെന്നു പറയാവുന്നത്, എല്ലാ ദിവസവും രാത്രി 8നു വീടിന്റെ ബാൽക്കണിയിലേക്ക് ഇറങ്ങി രാജ്യത്തെ ആരോഗ്യപ്രവർത്തകർക്കായി കയ്യടിക്കാം. ചുറ്റിലും മനുഷ്യജന്മങ്ങളുണ്ടെന്ന് ഓർക്കുന്നത് ആ സമയത്തു മാത്രമാണ്.

fredina
ഡോ. ഫെഡ്രിന എം.കുരികേശ്

ലോക്‌ഡൗൺ ആദ്യം പ്രഖ്യാപിച്ചപ്പോൾ ഇവിടെയുള്ളവർ ഗൗരവമായി എടുത്തില്ല. എല്ലാവരും പതിവുപോലെ പ്രഭാത സവാരിക്കിറങ്ങി. വൈകുന്നേരങ്ങളിൽ പാർക്കുകളിൽ ഒത്തുകൂടി. വാഹനങ്ങളുമായി നിരത്തുകളിലിറങ്ങി. രാവുകൾ ആഘോഷിച്ചു. കൊറോണ പടർന്നു പിടിക്കാൻ അധികനേരം വേണ്ടിവന്നില്ല. ഫുട്ബോൾ മത്സരങ്ങൾ നേരത്തേ നിർത്തിവച്ചതിനാൽ സ്റ്റേഡിയങ്ങൾ വഴിയുള്ള കോവിഡ് വ്യാപനം കുറവാണ്. 

പലവ്യഞ്ജന കടകളൊഴികെ മറ്റൊന്നും പ്രവർത്തിക്കുന്നില്ല. കമ്പനികളെല്ലാം വീടുകളിലിരുന്നു ജോലി ചെയ്യാൻ സൗകര്യം കൊടുത്തിട്ടുണ്ട്. ജോലി നഷ്ടപ്പെട്ടവരുമുണ്ട്. എങ്കിലും ഞങ്ങൾ പ്രതീക്ഷയിലാണ്. രാത്രി എട്ടിനു രാജ്യം മുഴുവൻ ഒറ്റക്കെട്ടായി കയ്യടിക്കുമ്പോൾ ആ പ്രതീക്ഷയാണു മുഴങ്ങുന്നതും...  

Spain Covid

(മുൻ ഫുട്ബോൾ താരം കുരികേശ് മാത്യുവിന്റെ മകളായ ഡോ. ഫെഡ്രിന, നെസ്‌ലയിൽ പ്രോജക്ട് മാനേജരായ ഭർത്താവ്  ജയിംസ് ജോ‍ർജിനൊപ്പം സ്പെയിനിലെ ബാർസിലോനയിലാണു താമസം)

English summary: COVID 19 death toll in Spain

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA