sections
MORE

ഉറക്കം നഷ്ടപ്പെട്ട് യുഎസ്; 10 ലക്ഷത്തോളം പേർക്ക് തൊഴിൽ നഷ്ടം

US-NEW-YORK-CITY-coronavirus case
SHARE

യുഎസിൽ കോവിഡ് സ്ഥിരീകരിച്ച വാർത്ത പുറത്തുവന്നപ്പോൾ ജനം ആകെ വിരണ്ടുപോയി. അദൃശ്യശത്രുവിനെക്കുറിച്ചു കേട്ടതോടെയുള്ള ഒരുതരം ‘മാസ് ഹിസ്റ്റീരിയ’ ആയിരുന്നു പിന്നെ. ടോയ്‌ലറ്റ് പേപ്പറും വെള്ളവും വാങ്ങാനുള്ള മരണപ്പാച്ചിൽ. ആ ആൾക്കൂട്ടം മതി രോഗം അനായാസം പരത്താൻ എന്നു തിരിച്ചറിയാതെയുള്ള വെപ്രാളം. ഇപ്പോൾ ഇവിടെ പല കടകളിലും  ഓരോ സാധനത്തിനും നിശ്ചിത പരിധി നിശ്ചയിച്ചുള്ള റേഷനിങ് സംവിധാനമായിക്കഴിഞ്ഞു. കടയിലെ പല തട്ടുകളും കാലിയാണ്. സമൃദ്ധിയുടെ അമേരിക്കയ്ക്കു ചിന്തിക്കാൻ പോലുമാകാത്ത കാര്യം.  

ഷോപ്പിങ്ങിനു കടയിലേക്കോടുന്നവർക്കെല്ലാം സംരക്ഷണ കവചങ്ങളായി മാസ്കും കയ്യുറയും കാണാം. പക്ഷേ, ആശുപത്രികളിൽ പെഴ്സനൽ പ്രൊട്ടക്ടീവ് എക്വിപ്മെന്റ്സ് (പിപിഇ) അഥവാ സംരക്ഷണോപാധികൾ ആവശ്യത്തിനു കിട്ടാതെ ആരോഗ്യപ്രവർത്തകർ ബുദ്ധിമുട്ടുന്ന കാഴ്ചയും ഒപ്പമുണ്ട്. വൈറസുമായി തിരിച്ചെത്തി കുടുംബാംഗങ്ങൾക്കും പകർന്നുനൽകാനാണോ വിധിയെന്നറിയാതെ, ഒരുറപ്പും ഇല്ലാതെയാണു ഡോക്ടർമാരും നഴ്സുമാരും വീട്ടിൽനിന്ന് ഇറങ്ങുന്നത്. എങ്കിലും ഇതൊരു വലിയ ദൗത്യമാണെന്ന് അവരും തിരിച്ചറിയുന്നു. 

smitha
സ്മിത മാത്യൂസ്

പ്രായമേറിയവരെ മാത്രമേ ഗുരുതരമായി ബാധിക്കൂ എന്നാണു നാമെല്ലാം ആദ്യഘട്ടത്തിൽ കേട്ടത്. ഇപ്പോൾ കൊറോണ വൈറസ് ബാധിച്ച് 12 വയസ്സുകാരി വെന്റിലേറ്ററിലാണെന്ന വാർത്ത മകനുമായി പങ്കുവച്ചപ്പോൾ അവന്റെ ആദ്യത്തെ ചോദ്യം ഇതായിരുന്നു: അവൾക്ക് ആസ്മ ഉണ്ടോ? അവന്റെ മനസ്സിലെ പേടി എനിക്കു മനസ്സിലാകും. അവനും 12 വയസ്സാണ്; ആസ്മയുണ്ട്. പ്രായഭേദമെന്യേ ഈ രോഗം എല്ലാവരുടെയും ഉറക്കംകെടുത്തിക്കഴിഞ്ഞു.

ആപ്പിളും ഗൂഗിളും പോലെ ഐടി ഭീമന്മാരും സിലിക്കൺവാലിയുമുള്ള കലിഫോർണിയയിൽ നിരത്തുകൾ ഏതാണ്ടു വിജനമാണിപ്പോൾ. കൊറോണക്കാലത്തിനു മുൻപ് എനിക്കു നഴ്സിങ് കോളജിലേക്കുള്ള 40 കിലോമീറ്റർ യാത്രചെയ്യാൻ ഒന്നര മണിക്കൂർ വേണ്ടിയിരുന്നെങ്കിൽ ഇപ്പോൾ 40 മിനിറ്റ് മതി. കഴിഞ്ഞ 25 വരെയുള്ള കണക്കുകളനുസരിച്ചു കലിഫോർണിയയിലെ 10 ലക്ഷത്തോളം പേർക്കാണു തൊഴിൽ ഇല്ലാതായത്. നഴ്സിങ് കോളജിലെ എന്റെ വിദ്യാർഥികളിൽ പലരും പകൽ ക്ലാസ് കഴിഞ്ഞ് റസ്റ്ററന്റുകളിലും കടകളിലും ജോലി ചെയ്താണു ഫീസിനുള്ള പണമുണ്ടാക്കുന്നത്. അവരുടെ വരുമാനം നിലച്ചു. 

സ്കൂളുകളിൽ പല കുട്ടികളും വരുന്നത് ഭക്ഷണംകൂടി മനസ്സിൽകണ്ടാണ്. അവരുടെ അന്നവും മുട്ടി.  വയോധികർ താമസിക്കുന്ന കെയർ ഹോമുകളിൽ സ്ഥിതി കഷ്ടമാണ്. ഏറ്റവും രോഗസാധ്യതയുള്ളവരെന്ന നിലയിൽ  അവരവരുടെ മുറികളിൽതന്നെ കഴിയാൻ നിർദേശിച്ചിരിക്കുന്നു. തീൻമേശയിലെ കൂടിവരവുപോലും നിഷേധിക്കപ്പെട്ടതോടെ അവരുടെ സ്ഥിതി ദയനീയം.

ബീച്ചുകളിലും പാർക്കുകളിലും കഴിഞ്ഞ ദിവസവും കണ്ടു, നല്ല ആൾക്കൂട്ടം. കോവിഡ് പകർച്ചാനിരക്കു പിടിച്ചുനിർത്താൻ സർക്കാർ പെടാപ്പാടു പെടുമ്പോൾ വിദ്യാസമ്പന്നവും വികസിതവുമായ ഒരു രാജ്യത്തെ പൗരന്മാർ ഇത്ര അലസരായാൽ ഇനിയെന്തൊക്കെയാവും കാണേണ്ടിവരിക? 

(യുഎസിലെ കലിഫോർണിയയിൽ നഴ്സിങ് കോളജ് അസിസ്റ്റന്റ് പ്രഫസറായ സ്മിത, മുംബൈ സ്വദേശിയാണ്)

English summary: COVID 19 hits America

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
FROM ONMANORAMA