ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ ‘ദൈവമേ ലോകത്തെ മുഴുവൻ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ശരീരത്തിന് ആരോഗ്യവും മനസ്സിന് ആശ്വാസവും നൽകണമേ’– കോവിഡ് മഹാമാരിയിൽ ഉഴലുന്ന ലോകത്തിനായി വിറയാർന്ന സ്വരത്തിൽ വയോധികനായ ഫ്രാൻസിസ് മാർപാപ്പ പ്രാർഥിച്ചു. 

പതിനായിരങ്ങൾ തടിച്ചുകൂടുന്ന സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ വെള്ളിയാഴ്ച രാത്രി ഒരു മണിക്കൂർ ‘ഉർബി എത് ഒർബി’ (നഗരത്തിനും ലോകത്തിനും വേണ്ടി) പ്രാർഥനയും പ്രത്യേക ആശിർവാദവും മാർപാപ്പ തനിച്ചു നടത്തുമ്പോൾ ലോകം നേരിടുന്ന മഹാവിപത്തിന്റെ മുഴുവൻ സങ്കടവും ആ മുഖത്തു ദൃശ്യമായിരുന്നു. 

സെന്റ് മാർസലോ പള്ളിയിലെ കുരിശുരൂപം പ്രദക്ഷിണമായി കൊണ്ടുവന്നുവച്ച് നടത്തുന്ന ഈ പ്രത്യേക പ്രാർഥനയും ആശിർവാദവും ക്രിസ്മസിനും ഈസ്റ്ററിനും മാത്രം നടത്തുന്നതാണ്. മഹാമാരിയിൽ പെട്ടുഴലുന്ന ലോകജനതയ്ക്ക് ആശ്വാസമേകാൻ പ്രത്യേകമായി നടത്തിയ പ്രാർഥനയിൽ ലക്ഷങ്ങൾ ടിവിയിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും പങ്കാളികളായി. 

‘പ്രത്യാശയിലേക്കു ഞങ്ങളുടെ ഹൃദയങ്ങളെ തുറക്കണമേ’ എന്ന പ്രാർഥനയോടെ ആയിരുന്നു തുടക്കം. അടിസ്ഥാന ജീവിതമൂല്യങ്ങളെ ഓർമിപ്പിച്ച മാർപാപ്പ പ്രതിസന്ധിയിൽ ഒരുമിച്ചു നിൽക്കാൻ ആഹ്വാനം ചെയ്തു. മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെയുള്ളവർക്കായി മാർപാപ്പ പ്രാർഥിച്ചു. 

English summary: Pope Francis prays alone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com