ADVERTISEMENT

ന്യൂയോർക്ക് ∙ കോവിഡ് ബാധിച്ചു 259 പേർ കൂടി മരിച്ചതോടെ മരണ സംഖ്യയിൽ യുഎസ് ചൈനയെ മറികടന്നു –3400. രോഗികൾ  അനുദിനം വർധിക്കുന്ന സാഹചര്യത്തിൽ ന്യൂയോർക്ക് ഗവർണർ അടിയന്തരമായി 10 ലക്ഷം ആരോഗ്യപ്രവർത്തകരുടെ സഹായം അഭ്യർഥിച്ചു. നാവികസേന 1000 കിടക്കകളുള്ള കപ്പൽ തീരത്ത് സജ്ജീകരിച്ചു.

80,000 വിരമിച്ച നഴ്സുമാരും ഡോക്ടർമാരും സന്നദ്ധസേവനത്തിനുണ്ട്. എന്നിട്ടും കാര്യങ്ങൾ എങ്ങുമെത്തുന്നില്ലെന്നു പരിതപിച്ച ഗവർണർ ആർഡ്രു ക്യൂമോ ‘ദയവായി ഞങ്ങളെ സഹായിക്കൂ’എന്ന് അഭ്യർഥിച്ചു. ന്യൂയോർക്കിലേതിനു സമാനമായ സാഹചര്യം മറ്റു സംസ്ഥാനങ്ങളിലും ആവർത്തിക്കുമെന്ന ഭീതി ശക്തമാണ്.

4 ദിവസത്തിനിടെ കലിഫോർണിയയിലും രോഗികളുടെ എണ്ണം ഇരട്ടിയും തീവ്രപരിചരണ വിഭാഗത്തിലെ രോഗികളുടെ എണ്ണം മൂന്നിരട്ടിയും ആയെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

∙ ആദ്യമായി യുഎസ് സൈനികൻ രോഗം ബാധിച്ചു മരിച്ചു.  ന്യൂ ജഴ്സി ആർമി നാഷനൽ ഗാർഡ്സ്മാനാണു മരിച്ചത്. 568 സൈനികർക്കു രോഗം. 

∙ യുഎസ് കോൺഗ്രസിലെ 6 അംഗങ്ങൾക്ക് രോഗം സ്ഥിരീകരിച്ചു. 30 പേർ സ്വയം ക്വാറന്റീനിൽ. 

മുൻ പ്രസിഡന്റ് ബറാക് ഒബാമയുടെ തിരഞ്ഞെടുപ്പു പ്രചാരണസംഘത്തിൽ അംഗമായിരുന്ന ഇന്ത്യൻ വംശജൻ സൂരജ് പട്ടേലിനും രോഗം.

∙ 25 വയസ്സുള്ള യുഎസ് ഗായിക കാലീ ഷോർ രോഗംബാധിച്ചതായി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തി.

∙ അടുത്ത 30 ദിവസം നിർണായകമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയതിനു പിന്നാലെ മെക്സിക്കൻ അതിർത്തിയിൽ നിയന്ത്രണം കർശനമാക്കി. 

∙ ഫോർഡ് മോട്ടർ കമ്പനി മിഷിഗൻ പ്ലാന്റിൽ അടുത്ത 100 ദിവസങ്ങൾക്കുള്ളിൽ അരലക്ഷം വെന്റിലേറ്ററുകൾ നിർമിക്കാമെന്ന് ഉറപ്പുനൽകി. ജനറൽ മോട്ടോഴ്സും വെന്റിലേറ്റർ നിർമിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.

∙ഹോളിവുഡ് ദമ്പതികളായ റിയാൻ റെയ്നോൾഡ്സും ബ്ലേക്ക് ലൈവ്‌ലിയും ന്യൂയോർക്കിലെ ആശുപത്രികൾക്ക് 4 ലക്ഷം യുഎസ് ഡോളർ സംഭാവന ചെയ്തു.

English summary: COVID 19 death toll in New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com