ADVERTISEMENT

ന്യൂയോർക്ക് ∙ ലോകമാകെ കോവിഡ് രോഗബാധിതരുടെ എണ്ണം ഒറ്റ ദിവസം ഒരു ലക്ഷത്തോളം വർധിച്ചു. ഇതേ നില തുടർന്നാൽ രോഗബാധിതരുടെ എണ്ണം ഇന്ന് 10 ലക്ഷം കടന്നേക്കുമെന്നാണ് ആശങ്ക. ഇതിൽ നാലു ലക്ഷത്തിലേറെപ്പേർ യുഎസ്, ഇറ്റലി, സ്പെയിൻ എന്നീ മൂന്നു രാജ്യങ്ങളിലാണ്. മരണസംഖ്യയിൽ ഫ്രാൻസും ചൈനയെ മറികടന്നു. ഇറാനിലെ മരണസംഖ്യ ചൈനയുടെ തൊട്ടടുത്തെത്തി. ഏറ്റവുമധികം മരണം സംഭവിച്ച രാജ്യങ്ങളിൽ ചൈന അഞ്ചാമതായി. 

യുഎസിൽ രോഗബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തോളമെത്തിയതോടെ രാജ്യം ജാഗ്രതയിലും ആശങ്കയിലുമാണ്. നിയന്ത്രണ നടപടികൾ ഫലപ്രദമായാൽ തന്നെ ഒരു ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയിൽ ആളുകൾ മരിച്ചേക്കാമെന്ന് വിലയിരുത്തലുണ്ട്; നടപടികൾ പരാജയപ്പെട്ടാൽ മരണം 15–22 ലക്ഷം ആകുമെന്നാണ് വൈറ്റ്ഹൗസ് കോവിഡ് പ്രതിരോധ സംഘത്തിലെ വിദഗ്ധ ഡോ. ഡെബറ ബേർക്സ് നൽകിയ മുന്നറിയിപ്പ്. 

യുകെയിൽ ഒറ്റദിവസം മരണം 381

മഡ്രിഡ് ∙ സ്പെയിനിലും കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടന്നു. ഒറ്റദിവസം 7,700 പുതിയ കേസുകൾ; 864 മരണം. രോഗികളുടെ വർധന മുൻ ദിവസങ്ങളെ അപേക്ഷിച്ചു കുറഞ്ഞെങ്കിലും പ്രതിദിന മരണസംഖ്യ റെക്കോർഡ്. രോഗികളുടെ എണ്ണത്തിൽ യുഎസും (2 ലക്ഷത്തോളം) മരണ സംഖ്യയിൽ ഇറ്റലിയും (12,500) തന്നെയാണു മുന്നിൽ. 

മറ്റു രാജ്യങ്ങളിലെ സ്ഥിതി

യുകെ:  ഒറ്റദിവസത്തെ മരണത്തിൽ  റെക്കോർ‍ഡ് (381). മൊത്തം മരണസംഖ്യ രണ്ടായിരത്തോളം. മരിച്ചവരിൽ  13 വയസ്സുള്ള ബാലനും. ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ കോവിഡ് മരണം. യൂറോപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ മരണം കഴിഞ്ഞദിവസം ബെൽജിയത്തിലുണ്ടായ 12 വയസ്സുകാരിയുടേത്.

ഇറാൻ: ഒറ്റദിവസം 138 മരണം. മൂവായിരത്തോളം പുതിയ കേസുകൾ.

ജർമനി: 5,500 പുതിയ കേസുകൾ, 149 മരണം.

ഇന്തൊനീഷ്യ: ഒറ്റദിവസത്തെ ഏറ്റവും കൂടുതൽ മരണം–157. ജനവാസമില്ലാത്ത ഗലാങ് ദ്വീപിൽ പുതിയ ആശുപത്രി ഒരുക്കുന്നു. 

മലേഷ്യ:  തെക്കുകിഴക്കൻ ഏഷ്യയിൽ കൂടുതൽ രോഗികൾ; മൂവായിരത്തിനടുത്ത്. 45 മരണം

പാക്കിസ്ഥാൻ: രോഗികളുടെ എണ്ണം 2000 കടന്നു. ഒറ്റദിവസം 105 പുതിയ കേസുകൾ. ഭാഗിക ലോക്ഡൗൺ പോരെന്നു വിലയിരുത്തൽ. 

ശ്രീലങ്ക: രോഗം പടരുന്നു. ഒറ്റദിവസത്തെ കേസുകളിൽ റെക്കോർഡ്. കൊളംബോയും ജാഫ്നയുമുൾപ്പെടെയുള്ള മേഖലകളിൽ നിശാനിയമം തുടരുന്നു. നിയമം ലംഘിച്ച 7,000 പേർ അറസ്റ്റിൽ. 

മറ്റു വിവരങ്ങൾ

∙ ക്യൂബ രാജ്യാന്തര വിമാന വരവ് നിരോധിച്ചു. വിദേശ ബോട്ടുകൾ തീരത്തുനിന്നു പിന്മാറാനും നിർദേശം.

.∙ വൈറസ് പരിശോധനയ്ക്ക് നൂറിലേറെ രാജ്യങ്ങൾ ദക്ഷിണ കൊറിയയുടെ സഹായം തേടി.

∙ ചൈനയിൽനിന്ന് വൈറസ് പരിശോധനാ കിറ്റ് കയറ്റുമതി ഏറുന്നു.

∙ മെക്സിക്കോയിൽ 29 ആരോഗ്യ പ്രവർത്തകർക്ക് രോഗം.

∙ ന്യൂസീലൻഡിൽ പുതിയ കേസുകൾ കുറയുന്നു.

∙ ജപ്പാൻ അടിയന്തരാവസ്ഥയുടെ വക്കിൽ.

യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്:

‘കഠിനകാലത്തിനായി ഒരുങ്ങിയിരിക്കുക. ഇതുവരെ കണ്ടതിൽവച്ചേറ്റവും വലിയ ദുരിതത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അറിയാമല്ലോ, ഇവിടെ ആഭ്യന്തരയുദ്ധം നടന്നതാണ്. 6 ലക്ഷം പേരുടെ ജീവനാണ് അന്നു നഷ്ടപ്പെട്ടത്. ഇപ്പോൾ എടുത്തിരിക്കുന്ന മുൻകരുതൽ ഇല്ലെങ്കിൽ അതിന്റെ പതിന്മടങ്ങു മരണങ്ങൾക്കിടയായേനെ.’ 

 English summary: COVID 19 cases rises to Ten lakhs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com