ADVERTISEMENT

വാഷിങ്ടൻ ∙ ന്യൂയോർക്ക് സംസ്ഥാനത്തു മാത്രം 76,000 കോവിഡ് രോഗികൾ; ചൈനയിലെ മൊത്തം രോഗബാധിതരുടെ എണ്ണത്തോടാണു ന്യൂയോർക്ക് അതിവേഗം അടുക്കുന്നത്. 2996 പേർ കൊല്ലപ്പെട്ട 9/11 ഭീകരാക്രമണത്തിലും വലിയ നഷ്ടമാണു കോവിഡ് യുഎസിൽ ഇതിനകം തന്നെ വിതച്ചിരിക്കുന്നത്– മരണം നാലായിരത്തിലേറെ. ന്യൂയോർക്കിൽ മാത്രം 1500 കവിഞ്ഞു.

 ‘‘തുരങ്കത്തിന്റെ അവസാനം നമ്മൾ വെളിച്ചം കാണും. പക്ഷേ, അവിടേക്കുള്ള യാത്ര ഏറെ ദുഷ്കരം. മുൻപു നാം അഭിമുഖീകരിച്ചിട്ടില്ലാത്ത സാഹചര്യം’’– യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞതിങ്ങനെ. ന്യൂജഴ്‌സി, കലിഫോർണിയ, മിഷിഗൻ, ഫ്ലോറിഡ, വാഷിങ്ടൻ എന്നിവയുൾപ്പെടെ 9 സംസ്ഥാനങ്ങളിൽ രോഗികൾ 5000 കവിഞ്ഞു. രാജ്യത്തുടനീളം ഇപ്പോൾ യുദ്ധാലാടിസ്ഥാനത്തിൽ താൽക്കാലിക ആശുപത്രികൾ ഉൾപ്പെടെ ചികിത്സാസംവിധാനങ്ങൾ ഏർപ്പെടുത്തുകയാണ്.

ഇതിനിടെ കോവിഡ് രോഗികളുമായി കടലിൽ കുടുങ്ങിയ ഡച്ച് കപ്പലിനു വേണ്ടി അറ്റ്ലാന്റിക് തീരത്തെ തുറമുഖം തുറക്കാൻ ട്രംപ് ഫ്ലോറിഡയോടു നിർദേശിച്ചു. കപ്പലിലെ 4 യാത്രക്കാർ മരിച്ചതിനെതുടർന്ന് തീരത്തേക്കുള്ള പ്രവേശനം ഫ്ലോറിഡ ഗവർണർ തടഞ്ഞിരിക്കുകയായിരുന്നു.  പുതിയ സാഹചര്യത്തിൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു നടപടികളും വൈകിയേക്കും. 

കൊറോണ വൈറസ് വായുവിലൂടെ 8 മീറ്റർ വരെയെത്തും

വാഷിങ്ടൻ ∙ കൊറോണ വൈറസിനു വായുവിലൂടെ 8 മീറ്റർ വരെ സഞ്ചരിക്കാൻ കഴിയുമെന്നു യുഎസിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയുടെ (എംഐടി) പഠനം. സാമൂഹിക അകലം ഒരു മീറ്റർ മതിയാകില്ലെന്നാണു പഠനം സൂചിപ്പിക്കുന്നത്. 

ചുമയും തുമ്മലും വഴി പുറത്തുവരുന്ന കണങ്ങൾ ശക്തമാണ്. ഇതുവഴി വൈറസ് 8 മീറ്റർ വരെയെത്താം. വൈറസിനു വായുസഞ്ചാര സാധ്യതയില്ലെന്ന ആദ്യ വിലയിരുത്തലുകളെയും എംഐടി പഠനം തള്ളുന്നു. മണിക്കൂറുകളോളം വായുവിൽ തുടരുകയും ചെയ്യും. വൈറസിന് നിലനിൽക്കാൻ പ്രതലങ്ങൾ വേണ്ടെന്നും അമേരിക്കൻ മെഡിക്കൽ അസോസിയേഷന്റെ ജേണലായ ‘ദ് റിസർച്ചിൽ’ പ്രസിദ്ധീകരിച്ച പഠനത്തിലുണ്ട്. 

ന്യൂയോർക്ക്  ഗവർണറുടെ സഹോദരനും കോവിഡ് 

ന്യൂയോർക്ക്∙ കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ സിഎൻഎൻ വാർത്താ അവതാരകൻ ക്രിസ് കൂമോയും (49). ന്യൂയോർക്ക് ഗവർണർ ആൻഡ്രൂ കൂമോയുടെ സഹോദരനും മുൻ ഗവർണർ പരേതനായ മരിയോ കൂമോയുടെ മകനുമാണ്.  ‘ഭയപ്പെടാതിരിക്കുക. വേദനാജനകമായ ദിവസങ്ങളാണു വരാനിരിക്കുന്നത്. ഇതൊരു പോരാട്ടമാണ്’– ക്രിസ് കൂമോ പ്രതികരിച്ചു. അടുത്തുതന്നെ ടിവി ഷോയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷയും പങ്കുവച്ചു.

English summary: Donald Trump warns tragic days 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com