ADVERTISEMENT

വാഷിങ്ടൻ ∙ ലോകത്തിലെ ആകെ രോഗികളിൽ നാലിലൊന്നും അമേരിക്കയിൽ. മാരകവേഗത്തിൽ രോഗം പടരുന്നതു ന്യൂയോർക്കിലും ലൂസിയാനയിലുമാണ്. ന്യൂയോർക്കിൽ ഓരോ രണ്ടര മിനിറ്റിലും ഒരാൾ മരിക്കുന്നതായി ഗവർണർ ആൻഡ്രു കൂമോയുടെ വെളിപ്പെടുത്തി.

അടിയന്തര സഹായത്തിന് സൈന്യമിറങ്ങി. കൺവൻഷൻ സെന്റർ ഒറ്റ രാത്രി കൊണ്ട് 2500 കിടക്കകളുള്ള ആശുപത്രിയാക്കി. സംസ്ഥാനത്ത് ആകെ രോഗികൾ ഒരു ലക്ഷം കവിഞ്ഞു. ഒരു ദിവസം 500 ലേറെപ്പേർ മരിച്ചതോടെ ന്യൂയോർക്കിലെ മാത്രം മരണം 3,000 കവിഞ്ഞു. 

∙ ആരോഗ്യ ഇൻഷുറൻസില്ലാത്ത 2.75 കോടി അമേരിക്കക്കാർക്കും കോവിഡ് ചികിത്സയ്ക്കു സർക്കാർ പരിരക്ഷ. ഇതിന് 10,000 കോടി ഡോളർ ഫണ്ട്. 

∙ ന്യൂയോർക്കിൽ മാസ്ക്, കയ്യുറ, ഗൗൺ അടക്കം അടിസ്ഥാന രക്ഷാ മെഡിക്കൽ ഉപകരണങ്ങൾ കിട്ടാതെ ആരോഗ്യപ്രവർത്തകർ. 

∙ ന്യൂയോർക്കിൽ കൂടുതൽ രോഗികളേറിയതോടെ ഓക്സിൻ ക്ഷാമവും 

∙ ലൂസിയാനയിൽ രോഗികൾ 10,000 കവിഞ്ഞു. 

∙ജയിലുകളിലെ നൂറോളം പേർക്കു രോഗം. 6 മാസത്തിൽ താഴെ തടവിനു ശിക്ഷിക്കപ്പെട്ടവരെ വീടുകളിൽ നിരീക്ഷത്തിലാക്കും. 

∙സൈന്യത്തിൽനിന്നു വിരമിച്ച 9,000 ആരോഗ്യപ്രവർത്തകർ സേവനത്തിന് 

∙50 സംസ്ഥാനങ്ങളിലായി സൈന്യം നൂറിലേറെ താൽക്കാലിക ആശുപത്രികൾ നിർമിക്കുന്നു. 

∙യുഎസ്എസ് തിയോഡർ റൂസ്‌വെൽറ്റ് അണ്വായുധ യുദ്ധക്കപ്പലിലെ കൊറോണ വൈറസ് വ്യാപനം പരസ്യപ്പെടുത്തിയതിന് ക്യാപ്റ്റൻ ബ്രെറ്റ് ക്രോസിയറെ കമാൻ‍ഡ് പദവിയിൽനിന്നു നീക്കി. അദ്ദേഹത്തെ പദവിയിൽ തിരിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഇന്റർനെറ്റ് ക്യാംപെയ്നിൽ ഒപ്പിട്ട് ലക്ഷത്തിലേറെപേ‍ർ.

Asian woman wearing the N95 Respiratory Protection Mask against PM2.5 air pollution and headache Suffocate
Asian woman wearing the N95 Respiratory Protection Mask against PM2.5 air pollution and headache Suffocate

മാസ്ക് ‘കൊള്ള’യുഎസിന് എതിരെ ആരോപണം

പാരിസ്/ബെർലിൻ ∙ യുഎസ് കമ്പനിയായ 3എം ചൈനയിലെ ഫാക്ടറിയിൽ നിർമിച്ച് ജർമനിയിലേക്ക് അയച്ച 2 ലക്ഷം മാസ്കുകൾ ബാങ്കോക്ക് വിമാനത്താവളത്തിൽ വച്ച് യുഎസ് പിടിച്ചെടുത്തതായി ജർമൻ ആഭ്യന്തര മന്ത്രി ആൻഡ്രിയസ് ഗീസൽ. ബെർലിൻ പൊലീസിനു വേണ്ടി ഓർഡർ ചെയ്ത മാസ്കുകളാണ് യുഎസ് റാഞ്ചിയത്. യുഎസ് അധികൃതർ ആരോപണം നിഷേധിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണൾഡ് ട്രംപ് യുഎസിൽ ഡിഫൻസ് പ്രൊഡക്‌ഷൻ ആക്ട് നടപ്പാക്കിയിരുന്നു. ഇതു പ്രകാരം യുഎസ് കമ്പനികൾക്കു മെഡിക്കൽ ഉപകരണങ്ങൾ രാജ്യത്തിന്റെ ആവശ്യങ്ങൾക്കു മാത്രമേ വിതരണം ചെയ്യാനാകൂ. ഈ വകുപ്പു പ്രകാരമാണ് ബാങ്കോക്കിൽ മാസ്കുകൾ പിടിച്ചെടുത്തതത്രേ. ഇതിനൊപ്പം, മറ്റു രാജ്യങ്ങൾ കരാറുറപ്പിച്ച മാസ്കുകൾ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ കൂടുതൽ വില കൊടുത്ത് യുഎസ് ‘തട്ടിയെടുക്കുന്ന’തായും പരാതി ഉയർന്നിട്ടുണ്ട്. ഫ്രാൻസും ജർമനിയും ബ്രസീലും സമാനമായ ആരോപണങ്ങളുമായി രംഗത്തെത്തി. 

വിപണി വിലയെക്കാൾ വളരെ ഉയർന്ന തുക നൽകി മാസ്കുകൾ ചൈനീസ് കമ്പനികളിൽനിന്ന് യുഎസ് മൊത്തത്തിൽ കൊണ്ടുപോവുകയാണത്രേ. തങ്ങൾ മിക്കവാറും കരാർ ഉറപ്പിച്ചുവെന്നു കരുതിയ കമ്പനികൾ പോലും യുഎസ് മോഹവില പറയുമ്പോൾ കാലുമാറുകയാണെന്നാണ് അവരുടെ പരാതി. ജർമനിയിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞത് ഇങ്ങനെ: ‘പണത്തിന് ഒരു വിലയുമില്ല. അവർ (യുഎസ്) എത്ര കാശു വേണമെങ്കിലും കൊടുക്കാൻ തയാറായി നി‍ൽക്കുകയാണ്.’ 

ബ്രസീലുമായി കരാർ ഒപ്പിട്ടിരുന്ന കമ്പനികൾ അമേരിക്കക്കാർ കൂടുതൽ പണവുമായി എത്തിയപ്പോൾ കാലുമാറിയെന്ന് ബ്രസീൽ ആരോഗ്യമന്ത്രി ലൂയിസ് ഹെൻറിക് മൻഡേറ്റയും ആരോപിച്ചു, ‘‘20 ചരക്കു വിമാനങ്ങളാണ് യുഎസ് ചൈനയിലേക്ക് അയച്ചത്. ഇതോടെ അവർ ‍ഞങ്ങളെ ഉപേക്ഷിച്ചു.’’ ചൈനയാണ് ഇപ്പോൾ ഏറ്റവും കൂടുതൽ മാസ്കുകൾ ഉൽപാദിപ്പിക്കുന്നത്. 

കാനഡയിലേക്കും ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതി നിർത്തിവയ്ക്കാനും മെഡിക്കൽ ഉപകരണങ്ങൾ ഉൽപാദിപിക്കുന്ന കമ്പനികളോട് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസ് നിർദേശിച്ചിരുന്നു. ഇതിനെതിരെ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രൂക്ഷമായി പ്രതികരിച്ചു. കാനഡയിലെ ആരോഗ്യപ്രവർത്തകർ യുഎസിൽ ദിവസേന ജോലിക്കു പോകുന്ന കാര്യം ഓർമിപ്പിക്കുകയും ചെയ്തു.

നിങ്ങളൊക്കെ മാസ്കിടണം; ഞാൻ ചെയ്യില്ല! 

വാഷിങ്ടൻ ∙ അമേരിക്കക്കാരോട് തൂവാലകൊണ്ടോ തുണികൊണ്ടുണ്ടാക്കിയ മാസ്ക് കൊണ്ടോ മുഖം മറയ്ക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഉപദേശം. എന്നാൽ, താൻ മാസ്ക് ധരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആണ് മുഖംമറയ്ക്കാൻ നിർദേശിച്ചത്. തൂവാലയോ തുണിയോ ഉപയോഗിച്ചു മറച്ചാൽ മതി. മെഡിക്കൽ –സർജിക്കൽ മാസ്കുകൾ ആരോഗ്യപ്രവർത്തകർക്കായി മാറ്റിവയ്ക്കണം എന്നാണ് നിർദേശം.

ഇതാണ് ട്രംപ് ജനങ്ങളോട് ആവശ്യപ്പെട്ടതും; സ്വയം ധരിക്കില്ലെങ്കിലും! മാസ്ക് ധരിച്ച് മറ്റു രാജ്യത്തലവന്മാരുമായി സംസാരിക്കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് ന്യായം.

English summary: COVID 19 Pandemic in New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com