ADVERTISEMENT

വത്തിക്കാൻ സിറ്റി ∙ കാൽ നൂറ്റാണ്ടിലേറെ കത്തോലിക്കാ സഭയെ നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ജന്മ ശതാബ്ദി ഇന്ന്. കമ്യൂണിസ്‌റ്റ് പോളണ്ടിൽ നിന്നു വിശുദ്ധ പത്രോസിന്റെ പവിത്ര സിംഹാസനത്തിലേക്ക് ഉയരുകയും ജനകീയ മാർപാപ്പയായി ചരിത്രത്തിൽ സ്‌ഥാനമുറപ്പിക്കുകയും ചെയ്‌ത അദ്ദേഹം 2014ൽ സഭയുടെ വിശുദ്ധരുടെ ഗണത്തിൽ സ്ഥാനംപിടിച്ചു.

പോളണ്ടിലെ വാഡോവൈസിൽ 1920 മേയ് 18ന് ജനിച്ച കാരൾ ജോസഫ് വൊയ്‌റ്റീവ ക്രാക്കോവ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരിക്കെ 1978ലാണു മാർപാപ്പയായത്. അകാലത്തിൽ കാലംചെയ്‌ത ജോൺ പോൾ ഒന്നാമന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം ജോൺ പോൾ രണ്ടാമൻ എന്ന പേര് സ്വീകരിക്കുകയായിരുന്നു.

2005 ഏപ്രിൽ രണ്ടിനു കാലംചെയ്തു. 2011 മേയ് ഒന്നിനു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു. പോളണ്ടിൽ കമ്യൂണിസത്തിന്റെ തകർച്ചയ്‌ക്ക് ആക്കം കൂട്ടിയ സോളിഡാരിറ്റി തൊഴിലാളി യൂണിയനെ സജീവമായി പിന്തുണച്ചിരുന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ നാമകരണ ചടങ്ങ് കത്തോലിക്കാ സഭ ‘ദൈവ കരുണയുടെ ദിനം’ ആയി സാർവദേശീയ തൊഴിലാളിദിനമായ മേയ് ഒന്നിനു ആഘോഷിച്ചതും ശ്രദ്ധേയം.

2014 ഏപ്രിൽ 27നു വിശുദ്ധഗണത്തിലേക്ക് ഉയർന്നു. സമാധാനത്തിന്റെ സന്ദേശവുമായി നൂറിലേറെ വിദേശ യാത്ര നടത്തിയ അദ്ദേഹം പുണ്യജീവിതംകൊണ്ട് ജീവിച്ചിരിക്കുമ്പോൾ തന്നെ വിശുദ്ധ പദവിയോടടുത്തിരുന്നു. 1986 ഫെബ്രുവരി 7,8തീയതികളിൽ കേരളം സന്ദർശിച്ച ജോൺ പോൾ രണ്ടാമൻ മാർപാപ്പയാണു ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചനെയും അൽഫോൻസാമ്മയെയും കോട്ടയത്തു നടന്ന ചടങ്ങിൽ വാഴ്‌ത്തപ്പെട്ടവർ ആയി പ്രഖ്യാപിച്ചത്.

English Summary: The Centenary of the birth of Saint John Paul II

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com