ബ്രസീലിന് കോവിഡിനെ നേരിടണം; ഒപ്പം പ്രസിഡന്റിനെയും: രോഗികൾ 3.39 ലക്ഷം

brazil-protest
ബ്രസീലിൽ ജെയർ ബോൾസോനാരോയ്ക്കെതിരെ നടന്ന പ്രതിഷേധം
SHARE

സാവോ പോളോ ∙ ബ്രസീലിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണാതീതമായി. രോഗികളുടെ എണ്ണം 3.39 ലക്ഷം കടന്നതോടെ രാജ്യങ്ങളുടെ പട്ടികയിൽ യുഎസ് കഴിഞ്ഞാൽ ബ്രസീൽ രണ്ടാമതെത്തി.

ഒറ്റദിവസം ആയിരത്തിലേറെ പേർ മരിച്ചതോടെ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കാൻ ആലോചിക്കുന്നു. ലാറ്റിൻ അമേരിക്കയിലെ മറ്റു രാജ്യങ്ങളിലും രോഗം പടരുകയാണ്.

ഔദ്യോഗികമായി മരണസംഖ്യ 21,000 ആണെങ്കിലും യഥാർഥത്തിൽ ഇതിലുമേറെയെന്ന് നിഗമനം. ഇതേസമയം, രോഗത്തിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ആദ്യ ദിനമാണ് കഴിഞ്ഞുപോയത്.

തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയർ ബോൾസോനാരോയുടെ നിലപാടുകൾക്കേറ്റ തിരിച്ചടിയാണ്  ബ്രസീലിലെ കൊറോണ വൈറസ് വ്യാപനമെന്നു രാജ്യാന്തര മാധ്യമങ്ങൾ തലക്കെട്ടെഴുതി. ‘ഇതൊരു ചെറിയ പനി മാത്രമാണ്. കോവിഡ് കൊണ്ടെന്നും നിങ്ങൾ മരിക്കാൻ പോകുന്നില്ല.

കടകളും സ്ഥാപനങ്ങളും അടച്ചിട്ടുള്ള കോവിഡ് പ്രതിരോധം ഗുണത്തേക്കാൾ ഏറെ ദോഷമാകും ചെയ്യുക. വീട്ടിൽ അടച്ചിട്ടിരിക്കാതെ ജനം ജോലിക്കു പോകണമെന്നാണു ഞാൻ പറയുന്നത്– റിയോ ഡി ജനീറോയിലെ തെരുവിൽ അനുയായികളെ ഒത്തുചേർത്ത് ബോൾസോനാരോ നടത്തിയ പ്രസ്താവനയാണിത്.

jair-bolsonaro-michelle-bolsonaro-brazil
ജെയർ ബോൾസോനാരോ ഭാര്യ മിഷേൽ ബോൾസോനാരോ

കൊറോണ വൈറസിനെക്കാൾ അപകടകാരി തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജെയർ ബോൾസോനാരോ ആണെന്ന് വിളിച്ചു പറഞ്ഞ് തെരുവിൽ സമരത്തിലാണ് ബ്രസീൽ ജനത. 

അമേരിക്കയിൽ ലോക്ഡൗൺ നടപടികൾ അവസാനിപ്പിക്കണമെന്ന പ്രചാരണങ്ങൾക്കു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ ചുക്കാൻ പിടിച്ചപ്പോൾ അരയുംതലയും മുറുക്കി സംസ്ഥാനത്തെ ഗവർണർമാർ രംഗത്തിറങ്ങിയ സമാന സാഹചര്യമാണ് ബ്രസീലിലും.ബ്രസീലിൽ മരണസംഖ്യ കുത്തനെ ഉയർന്നതോടെ ശ്‍‍മശാനങ്ങള്‍ നിറഞ്ഞു കവിയുന്ന കാഴ്ചയാണ്.

ആമസോണ്‍ മഴക്കാടുകള്‍ക്ക് സമീപമുള്ള സെമിത്തേരിയില്‍ ശവപ്പെട്ടികള്‍ കൂട്ടമായി കുഴിച്ചു മൂടുന്ന ചിത്രങ്ങൾ വാർത്താ ഏജൻസികൾ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ആശുപത്രികളില്‍ ഐസിയുകളും വെന്‍റിലേറ്ററുകളുമില്ലാത്ത അവസ്ഥ. ജനങ്ങളുടെ വികാരം മനസിലാക്കാത്ത സോഷ്യോപാത്ത് രാജ്യം ഭരിക്കുമ്പോൾ രാജ്യം ശവപ്പറമ്പാകുമെന്നാണ് ബോൾസോനാരോയ്ക്കെതിരെ ഒരു രാജ്യാന്തര മാധ്യമം ഉന്നയിച്ച വിമർശനം.

ബ്രസീലിലെ 27ൽ 24 ഗവർണർമാരും പ്രസിഡന്റിനെ അനുസരിക്കില്ലെന്നു പരസ്യനിലപാട് കൂടി എടുത്തതോടെ വൻ രാഷ്ട്രീയ പ്രതിസന്ധിയും ബ്രസീലിൽ ഉടലെടുത്തിരുന്നു.

രാജ്യങ്ങളിലെ സ്ഥിതി

പെറു ∙ രോഗികളുടെ എണ്ണം 1.11 ലക്ഷം കടന്നതോടെ ദേശീയ ലോക്ഡൗൺ ജൂൺ അവസാനം വരെ നീട്ടി.

മെക്സിക്കോ ∙ പ്രതിദിന മരണസംഖ്യയിൽ റെക്കോർഡ് (479). പുതുതായി  2,960 കേസുകൾ.

അർജന്റീന ∙ ഒറ്റദിവസം 10,649 കേസുകൾ. രോഗവ്യാപനത്തിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിദിന നിരക്ക്. ഒറ്റദിവസത്തെ മരണം 433.

യുഎസ് ∙ രണ്ടു മാസത്തിലേറെ നീണ്ട ലോക്ഡൗണിനു ശേഷം നഗരങ്ങളിൽ വൻ തിരക്ക്. വാരാന്ത്യ അവധിയായതോടെ വാഹന ഗതാഗതം 3 ഇരട്ടിയായി. 

ജർമനി ∙ ഒറ്റദിവസം 638 കേസുകൾ. ഭക്ഷണശാലയിൽ നിന്ന് 7 പേർക്ക് രോഗപ്പകർച്ച. ആരാധന പുനരാരംഭിച്ചതോടെ ഫ്രാങ്ക്ഫർട്ടിലെ ഒരു പള്ളിയിലും കോവിഡ് പടരുന്നതായി സൂചന.

റഷ്യ ∙ ഒറ്റദിവസം 9,434 പുതിയ കേസ്, 139 മരണം.

ബ്രിട്ടൻ ∙ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഉപദേശകൻ ഡൊമിനിക് കമ്മിങ്സിനെ ലോക്ഡൗൺ നിർദേശം ലംഘിച്ചതിനു പുറത്താക്കാൻ പ്രതിപക്ഷ പാർട്ടികളുടെ സമ്മർദം. 400 കിലോമീറ്റർ അകലെയുള്ള കുടുംബവീട് സന്ദർശിച്ചതിന്റെ പേരിലാണ് വിവാദം. ഡൊമിനിക് കമ്മിങ്സിന്റെ ഭാര്യയ്ക്ക് കോവിഡ് രോഗലക്ഷണമുണ്ട്.

സിംഗപ്പൂർ ∙ 642 പുതിയ കേസുകൾ. ആകെ രോഗബാധിതർ 31,000 കടന്നു

മലേഷ്യ ∙ കുടിയേറ്റക്കാരുടെ തടങ്കൽ പാളയങ്ങളിൽ രോഗം പടരുന്നു.

ഇന്തൊനീഷ്യ ∙ 949 പുതിയ കേസ്, 25 മരണം.

ജറുസലം ∙ 2 മാസത്തിനുശേഷം ക്രിസ്തുവിന്റെ കബറിടപ്പള്ളി തുറക്കുന്നു. ഒരുസമയം 50 പേർക്കു മാത്രം പ്രവേശനം.

ഫ്രാൻസ് ∙ 2 മാസത്തിനുശേഷം പള്ളികളിൽ ആരാധനയ്ക്ക് അനുമതി, മാസ്ക് നിർബന്ധം

യുഎസ് ∙ ആരാധനാലയങ്ങൾ തുറക്കാൻ ഗവർണർമാർക്ക് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നിർദേശം. ന്യൂയോർക്കിൽ ഇന്നലെ 84 മരണം. ഏറെ നാൾ കൂടിയാണു മരണം നൂറിൽ താഴെയെത്തുന്നത്.

English Summary: Brazil overtakes Russia to become No 2 in world for virus cases

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA