ADVERTISEMENT

ന്യൂയോർക്ക് ∙ മിനിയപ്പലിസിൽ കൊല്ലപ്പെട്ട കറുത്തവർഗക്കാരൻ ജോ‍ർജ് ഫ്ലോയ്ഡിനെ പൊലീസ് അതിക്രൂരമായി പീഡിപ്പിക്കുന്നതിന്റെ മറ്റൊരു വിഡിയോ പുറത്തുവന്നു. ‘എന്നെ എഴുന്നേൽക്കാൻ അനുവദിക്കൂ, ഞാൻ ശ്വാസം വിടട്ടെ’ എന്നു നിലവിളിക്കുന്ന ഫ്ലോയ്ഡിന്റെ ദേഹത്ത് 3 പൊലീസുകാർ മുട്ടുകുത്തി നിൽക്കുന്നതാണ് യുഎസ് മാധ്യമങ്ങൾ പുറത്തുവിട്ട പുതിയ വിഡിയോയിലുള്ളത്.

നേരത്തെ, പൊലീസുകാരിലൊരാൾ തല നിലത്ത് ചേർത്തമർത്തുമ്പോൾ ‘എനിക്കു ശ്വാസം മുട്ടുന്നു’ എന്ന് ഫ്ലോയ്ഡ് നിലവിളിക്കുന്ന വിഡിയോ ആണു പുറത്തുവന്നത്. കൈകളിൽ വിലങ്ങുവച്ച ശേഷം 8 മിനിറ്റ് കാൽമുട്ട് കഴുത്തിലമർത്തി നിന്ന പൊലീസുകാരൻ, ആ ദേഹം നിശ്ചലമായതോടെയാണ് എഴുന്നേറ്റത്. തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഫലമുണ്ടായില്ല. കടയിൽ വ്യാജ കറൻസി കൊടുത്തുവെന്ന പരാതിയിലായിരുന്നു അറസ്റ്റ്.

സംഭവത്തിൽ അമേരിക്കയാകെ പ്രതിഷേധം അലയടിക്കുകയാണ്. പലയിടത്തും അക്രമവും വെടിവയ്പുമുണ്ടായി. ഡെട്രോയിറ്റിൽ പ്രക്ഷോഭകാരികൾക്കു നേരെ കാറിലെത്തിയ അജ്ഞാത സംഘം നടത്തിയ വെടിവയ്പിൽ 19 വയസ്സുകാരൻ മരിച്ചു. മിനിയപ്പലിസിൽ പൊലീസിനു നേരെ വെടിവയ്പുണ്ടായി. കഴിഞ്ഞദിവസം കത്തിച്ച പൊലീസ് സ്റ്റേഷനു മുന്നിലടക്കം കർഫ്യൂ ലംഘിച്ചാണ് രണ്ടാം ദിവസവും പ്രതിഷേധങ്ങളുണ്ടായത്. സൈനിക പൊലീസിനോട് തയാറായിരിക്കാൻ ആവശ്യപ്പെട്ടു.

In this May 29, 2020, photo, a woman holds a placard as she screams "You have no authority to kill minorities," at Kansas City Police during a protest against police brutality and the death George Floyd at the Country Club Plaza in Kansas City. Protests have been erupting all over the country after George Floyd died earlier this week in police custody in Minneapolis. (Tammy Ljungblad/The Kansas City Star via AP)
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്‌ഡിനെ പൊലീസ് ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം പടരുന്ന യുഎസിൽ, മിസോറിയിലെ കാൻസസ് സിറ്റിയിൽ പ്രകടനം തടഞ്ഞ പൊലീസിനു നേരേ പ്ലക്കാർഡ് ഉയർത്തിക്കാണിക്കുന്ന യുവതി. ‘ന്യൂനപക്ഷങ്ങളെ കൊല്ലാൻ നിങ്ങൾക്ക് അധികാരമില്ല’ എന്നാണ് പ്ലക്കാർഡിലുള്ളത്.

ന്യൂയോർക്കിലെ ബ്രൂക‍്‍ലിനിൽ നടന്ന വൻ പ്രതിഷേധ റാലിയിൽ ആയിരങ്ങൾ പങ്കെടുത്തു. പൊലീസിനു നേരെ കുപ്പികളും മറ്റും എറി‍ഞ്ഞവരെ അറസ്റ്റ് ചെയ്തു. അറ്റ്ലാന്റയിൽ പ്രതിഷേധക്കാർ റോഡുകൾ തടഞ്ഞു. ‘സമാധാന മാർഗത്തിലൂടെ മാത്രമേ ലക്ഷ്യം നേടാനാകൂ’ എന്ന് റാലിയിൽ പങ്കെടുത്ത, മാർട്ടിൻ ലൂഥർ കിങ് ജൂനിയറിന്റെ മകൾ ബെർനിസ് കിങ് പറഞ്ഞു.

ഇതിനിടെ, ജോർജ് ഫ്ലോയ്ഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിപ്പിടിച്ച പൊലീസുകാരൻ ഡെറക് ഷൊവാനു മേൽ കൊലപാതകക്കുറ്റം ചുമത്തി. ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിലെ യുഎസ് എംബസികളും അംബാസഡർമാരും പതിവില്ലാത്തവിധം, കൊലപാതകത്തെ അപലപിച്ചു.

നിലപാട് മയപ്പെടുത്തി ട്രംപ് ‘ആ വേദന തിരിച്ചറിയുന്നു’

വാഷിങ്ടൻ ∙ ‘കൊള്ള തുടങ്ങുമ്പോൾ വെടിവയ്പും ‌തുടങ്ങും’ എന്ന വിവാദനിലപാടിൽ നിന്നു പിൻവലിഞ്ഞ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ പരാമർശിച്ചാണ് കഴിഞ്ഞ ദിവസം ട്രംപ് ഇങ്ങനെ ട്വീറ്റ് ചെയ്തത്. ഡമോക്രാറ്റിക് പാർട്ടി അംഗങ്ങളും ഇതിനെതിരെ രംഗത്തെത്തിയിരുന്നു.

എന്തുകൊണ്ടാണ് കറുത്തവർഗക്കാർക്കെതിരായ അക്രമം വലിയ പ്രതിഷേധങ്ങൾക്കു കാരണമാകുന്നതെന്നു തനിക്കു മനസ്സിലാകുന്നുണ്ടെന്നും അവരുടെ വേദന തിരിച്ചറിയുന്നുവെന്നും ഇന്നലെ ട്രംപ് പറഞ്ഞു. 

English summary: George Floyd death; Protest in US

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com