ADVERTISEMENT

വാഷിങ്ടൻ ∙ കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിനെ (46) ശ്വാസം മുട്ടിച്ചു കൊന്ന കേസിൽ പൊലീസുകാരൻ ഡെറക് ഷോവനെതിരെ (44) കൊലക്കുറ്റം അടക്കം കർശന വകുപ്പുകൾ ചുമത്തി പുതിയ കുറ്റപത്രം നൽകി. 40 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയത്. കൊലപാതകം നോക്കിനിന്ന മറ്റു 3 പൊലീസുകാരെയും പ്രതി ചേർത്തിട്ടുണ്ട്. 

കഴിഞ്ഞ 25നാണ് വ്യാജ ഡോളർ നോട്ട് കൈവശംവച്ചെന്ന പരാതിയുടെ പേരിൽ പിടികൂടിയ ഫ്ലോയ്‌ഡിനെ പൊലീസ് നടുറോഡിൽ കിടത്തി കഴുത്തിൽ കാൽമുട്ട് അമർത്തി കൊല ചെയ്തത്. ഇതിൽ പ്രതിഷേധിച്ച് തുടങ്ങിയ പ്രക്ഷോഭം 9 ദിവസമായി തുടരുകയാണ്. ഇതുവരെ പതിനായിരത്തിലേറെപ്പേർ അറസ്റ്റിലായി.

കർഫ്യൂ ലംഘിച്ച് വൈറ്റ് ഹൗസിനു സമീപം പതിനായിരങ്ങൾ അണിചേർന്നു. ന്യൂയോർക്കിൽ 3 പൊലീസുകാർക്കു കുത്തേറ്റു.

മിനിയപ്പലിസിൽ നടന്ന അനുസ്മരണച്ചടങ്ങുകളിലും പതിനായിരങ്ങളാണു പങ്കെടുത്തത്. തിങ്കളാഴ്ച ഹൂസ്റ്റണിൽ നടക്കുന്ന സംസ്കാരച്ചടങ്ങിൽ യുഎസ് മുൻ വൈസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള പ്രമുഖർ പങ്കെടുക്കും.

ഫ്ലോയ്‌ഡിനു കോവിഡ് ബാധിച്ചിരുന്നുവെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൊലീസ് പീഡനത്തിനിടെ ഹൃദയാഘാതം സംഭവിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

പ്രക്ഷോഭകർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാൻ സംസ്ഥാനങ്ങളോടു പ്രസിഡന്റ് ട്രംപ് വീണ്ടും ആവശ്യപ്പെട്ടു.

സൈന്യത്തെ ഇറക്കുമെന്ന ട്രംപിന്റെ പ്രഖ്യാപനത്തെ വിമർശിച്ച് മുൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രംഗത്തെത്തി. അമേരിക്കൻ ജനതയെ വിഭജിക്കുകയാണ് ട്രംപ് ചെയ്യുന്നതെന്ന് മാറ്റിസ് കുറ്റപ്പെടുത്തി. 

ഏതാനും ദിവസം മുൻപ് ആയിരത്തിലേറെ സൈനികരെ വാഷിങ്ടനിലേക്കു വരുത്തിയിരുന്നു. പ്രക്ഷോഭം സമാധാനപരമായതിനാൽ സൈനികർ മടങ്ങുമെന്ന് പ്രസ്താവിച്ച പ്രതിരോധ സെക്രട്ടറി മാർക് എസ്പർ പിന്നീടു നിലപാടു മാറ്റി.

വംശീയ വിദ്വേഷത്തിനെതിരെ പോരാടാൻ ഗൂഗിൾ 3.7 കോടി ഡോളർ നൽകുമെന്ന് സിഇഒ സുന്ദർ പിച്ചൈ അറിയിച്ചു.

ഗാന്ധിപ്രതിമയ്ക്ക് നേരെയും അക്രമം

വാഷിങ്ടൻ ∙ യുഎസിൽ ഇന്ത്യൻ എംബസിക്കു മുന്നിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമ അക്രമികൾ വൃത്തികേടാക്കി. സ്പ്രേ പെയിന്റ് ഉപയോഗിച്ചാണു കഴിഞ്ഞ ദിവസം രാത്രി പ്രതിമ വൃത്തികേടാക്കിയത്. 

എംബസി അധികൃതർ നൽകിയ പരാതിയെത്തുടർന്നു പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവത്തിൽ ഇന്ത്യയിലെ യുഎസ് അംബാസഡർ കെൻ ജസ്റ്റർ ക്ഷമാപണം നടത്തി. 

വാഷിങ്ടൻ ഡിസിയിൽ പൊതുസ്ഥലത്തു സ്ഥാപിച്ച ഗാന്ധിജിയുടെ പ്രതിമ 2000 സെപ്റ്റംബർ 16ന് അന്നത്തെ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റന്റെ സാന്നിധ്യത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് അനാഛാദനം ചെയ്തത്. വെങ്കലപ്രതിമയ്ക്ക് 8 അടി ഉയരമുണ്ട്.

English Summary: Protest in USA continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com