ADVERTISEMENT

ഹൂസ്റ്റൺ∙ യുഎസിലെ വംശീയവിവേചനത്തിന്റെയും പൊലീസ് അതിക്രമത്തിന്റെയും ഇരയായി കൊല്ലപ്പെട്ട ജോർജ് ഫ്ലോയ്ഡിന്റെ സംസ്കാരം നടത്തി. കഴിഞ്ഞ 25നു മിനിയപ്പലിസ് പൊലീസ് സംഘത്തിലെ ഉദ്യോഗസ്ഥൻ റോഡിൽ കിടത്തി കഴുത്തിൽ അമർത്തി ശ്വാസം മുട്ടിച്ചുകൊന്ന ഫ്ലോയ്ഡിന് (46) ഹൂസ്റ്റണിൽ അന്ത്യാജ്ഞലിയർപ്പിക്കാനെത്തിയത് ആയിരങ്ങൾ.

വീട്ടുകാരും ഉറ്റമിത്രങ്ങളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഹൂസ്റ്റൺ മെമ്മോറിയൽ ഗാർഡൻസിലാണ് അന്ത്യവിശ്രമമൊരുക്കിയത്. ഫൗണ്ടൻ പ്രെയ്സ് ചർച്ചിൽ നടന്ന സംസ്കാരശുശ്രൂഷയുടെ തത്സമയ സംപ്രേഷണവും നടന്നു. പ്രമുഖ മനുഷ്യാവകാശപ്രവർത്തകർ പ്രസംഗകരായി എത്തിയ ചടങ്ങിൽ നീതിക്കും സാമൂഹിക പരിഷ്കരണത്തിനുമായുള്ള ആഹ്വാനമാണു മുഴങ്ങിക്കേട്ടത്. ബോക്സിങ് താരം ഫ്ലോയ്ഡ് മേവെതറാണു സംസ്കാരച്ചടങ്ങിന്റെ ചെലവുകൾ വഹിച്ചത്.

george-floyd-01
ജോർജ് ഫ്ലോയ്ഡ്

ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തി കഴുത്തുഞെരുക്കി ശ്വാസം മുട്ടിക്കുന്ന പൊലീസ് മുറ നിരോധിച്ചു മിനിയപ്പലിസിലെ കോടതി ഉത്തരവു പുറപ്പെടുവിച്ചു. ജോർജിനെ ശ്വാസം മുട്ടിച്ചു കൊന്നതിന് അറസ്റ്റിലായ പൊലീസുദ്യോഗസ്ഥൻ ഡെറക് ഷോവിന്റെ ജാമ്യത്തുക 12.5 ലക്ഷം ഡോളറാക്കി വർധിപ്പിച്ചു.

പ്രതിഷേധക്കാരെ കൈകാര്യം ചെയ്തതിൽ വിമർശനം നേരിട്ട പോർട്‌ലൻഡ് പൊലീസ് മേധാവി രാജി വച്ച് കറുത്തവർഗക്കാരനായ ഉദ്യോഗസ്ഥൻ ചക് ലവലിനു പദവി കൈമാറി. ന്യൂയോർക്കിലെ ബഫലോയിൽ 75 വയസ്സുള്ള പ്രതിഷേധക്കാരനെ പൊലീസ് തള്ളിയിട്ടത് ആസൂത്രിതമാണെന്നു പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടതു വിവാദമായിട്ടുണ്ട്.

ഇതിനിടെ, മിനിയപ്പലിസിൽ ഫ്ലോയ്ഡ് കൊല്ലപ്പെട്ടതിനു സമാനമായ സാഹചര്യങ്ങളിൽ പാരിസിൽ മരിച്ച ഫ്രഞ്ച് യുവാവ് അഡാമ ട്രയോറിന്റെ ബന്ധുക്കളും നീതിക്കായി രാജ്യവ്യാപക പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു.

English summary: George Floyd funeral

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com