sections
MORE

വെസ്റ്റ്ബാങ്ക് കൂട്ടിച്ചേർക്കാൻ നീക്കം; നെതന്യാഹുവിന് പ്രതിരോധമന്ത്രിയുടെ ‘ചെക്ക് ’

jerusalem-westbank
വെസ്റ്റ് ബാങ്ക് മേഖലയിൽ സ്ഥിതി ചെയ്യുന്ന ഗിവാത് സീവ് പട്ടണത്തിലുള്ള ജൂത താമസകേന്ദ്രങ്ങള്‍. ചിത്രം:റോയിട്ടേഴ്സ്
SHARE

ജറുസലം ∙ ലോകത്തിന്റെ എതിർപ്പുകളെ അവഗണിച്ച്, യുഎസ് പിന്തുണയോടെ വെസ്റ്റ് ബാങ്കിന്റെ ഭാഗങ്ങൾ ഇസ്രയേലിനോടു കൂട്ടിച്ചേർക്കാനുള്ള പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ തീരുമാനത്തിന് തിരിച്ചടി.

ഇന്നു മുതൽ നടപടി ആരംഭിക്കാനാണ് ആലോചിച്ചിരുന്നതെങ്കിലും, യുഎസിൽനിന്ന് ഇതിനുള്ള ‘പച്ചക്കൊടി’ കിട്ടിയില്ലെന്ന് ഇസ്രയേൽ മന്ത്രി സീവ് എൽകിൻ വ്യക്തമാക്കി. ഇസ്രയേൽ കാബിനറ്റ് ഇന്ന് കൂട്ടിച്ചേർക്കൽ നീക്കം സംബന്ധിച്ചു ചർച്ച തുടങ്ങാനിരിക്കുകയാണെന്നു റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഇതും എൽകിൻ തള്ളി.

പ്രശ്നത്തിൽ നെതന്യാഹുവിനോടു വിയോജിച്ച് സഖ്യകക്ഷി സർക്കാരിലെ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് രംഗത്തുവന്നു. ഇപ്പോഴത്തെ മുൻഗണന കോവിഡ് നിയന്ത്രണവും സാമ്പത്തികരംഗത്തെ തളർച്ച മറികടക്കലുമാണെന്നും ഗാന്റ്സ് പറഞ്ഞു. നവംബറിലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുൻപ് സംയോജനം യാഥാർഥ്യമാക്കണമെന്നാണ് നെതന്യാഹുവിന്റെ താൽപര്യം. മുൻ പട്ടാള മേധാവി കൂടിയായ ഗാന്റ്സ് ആകട്ടെ രാജ്യന്തര തലത്തിൽ ആലോചനകൾ നടത്തിയ ശേഷമേ മുന്നോട്ടു പോകാവൂ എന്ന നിലപാടുകാരനാണ്.

3 തവണ തിരഞ്ഞെടുപ്പു നടന്നിട്ടും ആർക്കും ഭൂരിപക്ഷം കിട്ടാഞ്ഞതിനെത്തുടർന്നാണ് കഴിഞ്ഞമാസം, എതിരാളികളായിരുന്ന നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ഗാന്റ്സിന്റെ ബ്ലൂ ആൻഡ് വൈറ്റ് പാർട്ടിയും ചേർന്ന് സഖ്യസർക്കാരുണ്ടാക്കി അധികാരമേറ്റത്.

സഖ്യധാരണ പ്രകാരം സർക്കാർ നടപടികൾക്കു മേൽ നെതന്യാഹുവിനും 18 മാസത്തിനു ശേഷം ്രപധാനമന്ത്രി പദത്തിലെത്താനിരിക്കുന്ന ഗാന്റ്സിനും പരസ്പരം വീറ്റോ അധികാരമുണ്ട്. രണ്ടുപേരും യോജിപ്പിലെത്താതെ ഒന്നും നടക്കില്ലെന്നർഥം. എന്നാൽ, വെസ്റ്റ് ബാങ്ക് കൂട്ടിച്ചേർക്കലിന്റെ കാര്യത്തിൽ, ഗാന്റ്സിന്റെ സമ്മതമില്ലാതെ കാബിനറ്റിനു മുന്നിലോ പാർലമെന്റിനു മുന്നിലോ നിർദേശം മുന്നോട്ടു വയ്ക്കാൻ നെതന്യാഹുവിന് അവകാശമുണ്ട്. സർക്കാരിന്റെ ഭാവി തന്നെ അപകടത്തിലാക്കി നെതന്യാഹു അതിനു തയാറാകുമോ എന്നാണ് അറിയേണ്ടത്.

യുഎ‍ൻ സെക്രട്ടറി ജനറൽ, യൂറോപ്യൻ യൂണിയൻ, പ്രധാന അറബ് രാജ്യങ്ങൾ എന്നിവരെല്ലാം നെതന്യാഹുവിന്റെ നീക്കത്തോട് കടുത്ത എതിർപ്പു വ്യക്തമാക്കിയിട്ടുണ്ട്. കൂട്ടിച്ചേ‍ർക്കൽ നീക്കം മേഖലയിൽ വിനാശകാരിയായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മിഷണർ മിഷേൽ ബാഷ്‍ലെറ്റ് പറഞ്ഞു. ഇസ്രയേലിനെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയാണെന്ന് ബ്രിട്ടിഷ് വിദേശകാര്യ ഉപമന്ത്രി ജയിംസ് ക്ലെവർലി പറഞ്ഞു.

വെസ്റ്റ് ബാങ്കിന്റെ 30% ഇസ്രയേലിന്റെ ഭാഗമാക്കുകയും ബാക്കി ഭാഗം പലസ്തീന്റെ പരമാധികാരത്തിൽ വിട്ടുനൽകുകയും ചെയ്യുക എന്നതാണ് ജനുവരിയിൽ ട്രംപ് മുന്നോട്ടു വച്ച മധ്യപൂ‍ർവദേശ രൂപരേഖ. ഇത് പലസ്തീൻ തള്ളിക്കളഞ്ഞതാണ്. വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറുസലം, ഗാസാ സ്ട്രിപ് എന്നിവ പൂർണ സ്വതന്ത്ര രാഷ്ട്രത്തിന്റെ ഭാഗമാണെന്നാണ് പതിറ്റാണ്ടുകളായി പലസ്തീൻ വാദിക്കുന്നത്. 

നിലപാട് പറയാതെ ഇന്ത്യ 

ന്യൂഡൽഹി ∙ ഇസ്രയേലിന്റെ നീക്കത്തിൽ നിലപാടു വ്യക്തമാക്കാതെ ഇന്ത്യ. പലസ്തീനുമായി നല്ല ബന്ധം സൂക്ഷിക്കുമ്പോഴും യുഎസിന്റെ പിന്തുണയോടെയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ നീക്കമെന്നതാണ് ഇന്ത്യയെ തള്ളാനും കൊള്ളാനും കഴിയാത്ത സ്ഥിതിയിലാക്കുന്നത്. 

യുഎസിന്റെ പദ്ധതി ഉൾപ്പെടെ പരിഗണിച്ച്, സ്വീകാര്യമായ ദ്വിരാഷ്ട്ര പരിഹാരം വേണമെന്നാണ് ജനുവരിയിൽ ഇന്ത്യ വ്യക്തമാക്കിയത്. ഒരു വിഷയത്തിൽ ഒതുങ്ങാത്ത വിശാല ബന്ധമാണ് ഉഭയകക്ഷിതലത്തിലുള്ളതെന്നാണ് 2018 ൽ  പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേൽ സന്ദർശിച്ചപ്പോൾ വ്യക്തമാക്കിയത്. 

English summary: West bank annexation by Israel

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA