ADVERTISEMENT

ന്യൂയോർക്ക് ∙ യുഎസിൽ കോവിഡ് സ്ഥിതി രൂക്ഷമായി തുടരുന്നു. 37 സംസ്ഥാനങ്ങളിൽ പോസിറ്റീവ് കേസുകൾ വർധിക്കുകയാണ്. മയാമിയിൽ കർഫ്യൂ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാജ്യത്താകെ രോഗം സ്ഥിരീകരിച്ചത് 53,483 പേർക്കാണ്. പ്രതിദിനം അരലക്ഷത്തിലേറെ പേർക്കു രോഗം ബാധിക്കുന്നുണ്ട്. എന്നാൽ, ടെസ്റ്റുകളുടെ എണ്ണം കൂടിയതുകൊണ്ടാണിതെന്നും വൈറസ് ഉടൻ അപ്രത്യക്ഷമാകുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. ഇതിനിടെ, പ്രതിഷേധങ്ങൾ അവഗണിച്ച് ദക്ഷിണ ഡകോട്ടയിലെ മൗണ്ട് റഷ്മോറിൽ റാലിയിൽ ട്രംപ് പങ്കെടുത്തു.

∙ ഇന്ത്യ സന്ദർശിച്ചു മടങ്ങിയ 3 പേർക്ക് സിംഗപ്പൂരിൽ കോവിഡ് സ്ഥിരീകരിച്ചു. ജൂൺ 21 ന് സിംഗപ്പൂരിലെത്തിയ 2 സ്ത്രീകൾക്കും പുരുഷനുമാണ് കോവിഡ്. തിരിച്ചെത്തിയ ശേഷം ഇവർ വീടുകളിൽ ക്വാറന്റീനിലായിരുന്നു. സിംഗപ്പൂരിൽ രോഗികളുടെ എണ്ണം 44,664 ആയി ഉയർന്നു.

∙ ബ്രസീലിൽ പോസിറ്റീവ് കേസുകളുടെ എണ്ണം 15 ലക്ഷം കടന്നു. മരണം 63,000 ത്തിനു മുകളിലാണ്. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കുന്ന നിയമം കൊണ്ടുവന്നു.

∙ റഷ്യയിൽ മരണം 10,000 കടന്നു. അടുത്ത ഫെബ്രുവരിക്കു മുൻപ് ജീവിതം സാധാരണനിലയിലാകാൻ സാധ്യതയില്ലെന്ന് ആരോഗ്യമന്ത്രി മിഖായേൽ മുറാഷ്കോ പറഞ്ഞു.

∙ ലോക്ഡൗൺ ഇളവുകളുടെ അടുത്തഘട്ടം ആരംഭിച്ചതോടെ ഇംഗ്ലണ്ടിൽ 3 മാസത്തിനു ശേഷം പബുകളും റസ്റ്ററന്റുകളും തിയറ്ററുകളും സലൂണുകളും തുറന്നു. വെള്ളിയാഴ്ച 137 പേർ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. രോഗബാധിതരുടെ എണ്ണം 44,000 കടന്നു. 

∙ വടക്കുകിഴക്കൻ സ്പെയിനിലെ 2 ലക്ഷം ജനസംഖ്യയുള്ള എൽ സെഗ്രി കൗണ്ടിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചു. കോവിഡ് പോസിറ്റീവ് കേസുകൾ വർധിച്ചതിനെത്തുടർന്നാണ്.

∙ ജപ്പാനിലെ ടോക്കിയോയിൽ കേസുകളുടെ എണ്ണം തുടർച്ചയായ മൂന്നാം ദിവസവും 100 കടന്നതോടെ നഗരാതിർത്തി വിട്ടു പോകരുതെന്ന് നിർദേശം.

∙ കൊറോണ വൈറസ് രാജ്യത്തു പ്രവേശിക്കാതെ തടഞ്ഞുവെന്ന് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് അവകാശവാദം. ഇതുവരെ ഒറ്റ കേസ് പോലുമില്ലെന്നാണ് ഉത്തരകൊറിയൻ അവകാശവാദം. 

∙ ഇറാനിൽ മാസ്ക് ധരിക്കാത്തവർക്ക് സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കാൻ തീരുമാനിച്ചു. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾ ഒരാഴ്ച അടച്ചിടുകയും ചെയ്തു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 2.3 ലക്ഷവും മരണം 11,000 ഉം കടന്നു.

∙ മെക്സിക്കോയിൽ വെള്ളിയാഴ്ച 6740 പേർക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ എണ്ണം 2.45 ലക്ഷം കടന്ന് ഇറ്റലിയുടെ മുന്നിൽ കയറി.

English Summary: Covid world update

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com