ADVERTISEMENT

വാഷിങ്ടൻ ∙ നേരിട്ടു ക്ലാസിൽ പങ്കെടുക്കുന്നവർ ഒഴികെയുള്ള വിദേശ വിദ്യാർഥികൾ രാജ്യത്തു തങ്ങരുതെന്ന ട്രംപ് സർക്കാരിന്റെ നിയമത്തിനെതിരെ സെനറ്റ് അംഗങ്ങൾ രംഗത്ത്. ഓൺലൈൻ ക്ലാസ് ആണെങ്കിൽ വിദേശ വിദ്യാർഥികൾ തിരിച്ചുപോകണമെന്ന ‘കരിനിയമം’ പിൻവലിക്കണമെന്ന് 136 കോൺഗ്രസ് അംഗങ്ങളും ഇന്ത്യൻ വംശജ കമല ഹാരിസ് അടക്കമുള്ള 30 സെനറ്റ് അംഗങ്ങളും ആവശ്യപ്പെട്ടു. 

ഈ മാസം 6ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് പുറത്തിറക്കിയ പുതിയ നിയമം വിദേശ വിദ്യാർഥികളെ പരിഭ്രാന്തരാക്കിയിരുന്നു. ഇന്ത്യയിലും ചൈനയിലും നിന്നുള്ളവരാണ് വിദ്യാർഥികളിൽ ഭൂരിപക്ഷവും.  10 ലക്ഷത്തോളം വിദേശ വിദ്യാർഥികൾ രാജ്യത്തുണ്ടെന്നാണ് കണക്ക്. 

സർക്കാർ നീക്കം ക്രൂരവും അന്യായവുമാണെന്ന് സെനറ്റ് അംഗങ്ങൾ ആരോപിച്ചു. വിദ്യാർഥികൾ നിലവിൽ രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരാണെന്നും വീസ നിയമങ്ങൾ പാലിച്ചാണ് ഇവിടെ എത്തിയതെന്നും രാജ്യത്തിന് ഏതെങ്കിലും തരത്തിൽ ഭീഷണിയല്ലെന്നും സെനറ്റ് അംഗങ്ങൾ ചൂണ്ടിക്കാട്ടി. 

പൂർണമായും ഓൺലൈൻ ക്ലാസ് ആണ് നടക്കുന്നതെങ്കിൽ വിദ്യാർഥികൾ രാജ്യം വിടണം, അല്ലെങ്കിൽ ക്ലാസ് നടക്കുന്ന മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് മാറണം എന്നാണ് നിർദേശം. 

സ്കൂളുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കാൻ സമ്മർദം ചെലുത്തുന്നതിന്റെ ഭാഗമാണ് പുതിയ നിയമം എന്നാണ് സൂചന. വിദേശ വിദ്യാർഥികൾ നൽകുന്ന ഉയർന്ന ഫീസ് ആണ് മിക്ക യൂണിവേഴ്സിറ്റികളുടെയും വരുമാനമാർഗം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതിന്റെ പിന്നിൽ രാഷ്ട്രീയ കാരണങ്ങളാണെന്നും അടുത്തിടെ ട്രംപ് ആരോപിച്ചിരുന്നു.

English summary: senators against Trump on foreign students policy

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com