ADVERTISEMENT

ന്യൂയോർക്ക് ∙ മുൻ പ്രസിഡന്റ് ബറാക് ഒബാമയുടേതടക്കം യുഎസിലെ ബിസിനസ്, രാഷ്ട്രീയ, വിനോദ മേഖലകളിലെ വൻകിടക്കാരുടെ ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. സംഘടിതമായ രീതിയിൽ നടന്ന ഹാക്കിങ് ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ തട്ടിപ്പിനു വേണ്ടി. 

അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ട പ്രമുഖർ ഇവർ:

∙ ബറാക് ഒബാമ

∙ ഇലോൺ മസ്ക് (ടെസ്‍ല സിഇഒ)

∙ ബിൽ ഗേറ്റ്സ് (മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ)

∙ ജോ ബൈഡൻ (യുഎസ് മുൻ വൈസ് പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനാർഥി)

∙ കാന്യേ വെസ്റ്റ് (ഗായകൻ)

∙ കിം കർദാഷിയാൻ (റിയാലിറ്റി ടിവി താരം)

∙ വാറൻ ബഫറ്റ് (ഓഹരി വിപണിയിലെ ശതകോടീശ്വരൻ)

∙ ജെഫ് ബെസോസ് (ആമസോൺ സിഇഒ)

∙ മൈക്ക് ബ്ലൂംബർഗ് (മുൻ ന്യൂയോർക്ക് മേയറും ബിസിനസ്സുകാരനും)

∙ യൂബർ, ആപ്പിൾ കമ്പനികളുടെ കോർപറേറ്റ് അക്കൗണ്ടുകൾ. 

ഇവരുടെയെല്ലാം അക്കൗണ്ടിൽ നിന്ന് അക്രമികൾ ചെയ്ത ട്വീറ്റിൽ, അജ്ഞാത ബിറ്റ്കോയിൻ വോലറ്റിലേക്ക് 1000 യുഎസ് ഡോളർ അയച്ചാൽ 2000 ഡോളർ തിരിച്ചു നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ഒബാമയെയും ഗേറ്റ്സിനെയും പോലുള്ളവർ ഇങ്ങനെ ട്വീറ്റ് ചെയ്താൽ കഥയറിയാത്തവർ വിശ്വസിച്ചുപോകാനിടയുണ്ടെന്നുള്ളതാണ് ഇതിന്റെ അപകടം. 

ഇത്തരം തട്ടിപ്പുകൾക്കു ബിറ്റ്കോയിൻ എളുപ്പമുള്ള മാർഗമാണ്. ഒരിക്കൽ പണമയച്ചു കഴിഞ്ഞാൽ അതെങ്ങോട്ടു പോകുന്നുവെന്നു കണ്ടെത്തുക അസാധ്യമാണെന്ന് വിദഗ്ധർ പറയുന്നു. മണിക്കൂറുകൾക്കുള്ളിൽ 1.12 ലക്ഷം യുഎസ് ഡോളർ ഈ ബിറ്റ്കോയിൻ വോലറ്റിലേക്കു പ്രവഹിച്ചുവെന്നാണു വിവരം. ഇത്, അക്രമികളുടെ തന്നെ പണമാണോ പ്രമുഖരുടെ ട്വീറ്റുകൾ വിശ്വസിച്ച് സാധാരണക്കാർ അയച്ചതാണോ എന്നു വ്യക്തമല്ല. 

ട്വിറ്റർ ജീവനക്കാരുടെ കംപ്യൂട്ടർ സംവിധാനത്തിൽ കടന്നുകയറിയാണ് ഹാക്കർമാർ ഇങ്ങനെ ചെയ്തതെന്നും വിവരം അറിഞ്ഞയുടൻ അക്കൗണ്ടുകൾ ലോക്ക് ചെയ്ത് ട്വീറ്റുകൾ നീക്കം ചെയ്തുവെന്ന് ട്വിറ്റർ അധികൃതർ അറിയിച്ചു. സംഭവിച്ചതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ട്വിറ്റർ ചീഫ് എക്സിക്യൂട്ടീവ് ജാക്ക് ഡോർസെ പറഞ്ഞു. 

പ്രസിഡന്റ് തിരഞ്ഞെടുപ്പു പടിവാതിൽക്കലെത്തി നിൽക്കെ ഹാക്കിങ് യുഎസിൽ രാഷ്ട്രീയ വിവാദവുമായി. പ്രചാരണത്തിനു വ്യാപകമായി ഉപയോഗിക്കപ്പെടുന്ന സമൂഹമാധ്യമമാണ് യുഎസിൽ ട്വിറ്റർ. 

English Summary: Wave of high profile twitter accounts hacked in USA in bitcoin scam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com