ഓക്സ്ഫഡ് വാക്സിൻ രണ്ടു ഘട്ടങ്ങൾ വിജയം; പ്രതീക്ഷ

vaccine
പ്രതീകാത്മക ചിത്രം
SHARE

കോവിഡ് വാക്സിനു വേണ്ടി ലോകമെമ്പാടും നടത്തുന്ന ഗവേഷണങ്ങൾക്കു കരുത്തുപകർന്ന് ബ്രിട്ടനിൽ നിന്നു ശുഭവാർത്ത. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച സാധ്യതാ വാക്സിന്റെ ആദ്യ ഫലങ്ങൾ വിജയം. പ്രമുഖ മരുന്നു നിർമാതാക്കളായ അസ്ട്രാസെനകയുമായി ചേർന്നു വികസിപ്പിച്ച ‘എസെഡ്ഡി 1222’, മനുഷ്യരിൽ പരീക്ഷിച്ചതിന്റെ ആദ്യ 2 ഘട്ടങ്ങളാണ് വിജയിച്ചത്. 

വാക്സിൻ സുരക്ഷിതമാണെന്നും ഗുരുതര പാർശ്വഫലമില്ലെന്നും ലാൻസെറ്റ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ച പരീക്ഷണഫല റിപ്പോർട്ടിൽ പറയുന്നു. വാക്സിനേഷൻ സ്വീകരിച്ച 90% പേരിലും 28 ദിവസത്തിനകം വൈറസിനെതിരെ ആന്റിബോഡി ഉണ്ടായി.

14 ദിവസത്തിനകം ടി കോശങ്ങളും രൂപപ്പെട്ടു. 1077 പേരിൽ നടത്തിയ ആദ്യ 2 ഘട്ടങ്ങളുടെ ഫലമാണ് പുറത്തു വന്നത്. മൂന്നാം ഘട്ട പരീക്ഷണം പതിനായിരത്തിലേറെ പേരിലാണു നടത്തുക. അതും വിജയിച്ചാലേ അംഗീകാരം ലഭിക്കൂ.

ഈ വർഷാവസാനത്തോടെ വാക്സിൻ യാഥ്യാർഥ്യമാകുമെന്നാണ് അസ്ട്രാസെനകയുടെ പ്രതീക്ഷ. പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ലോകത്തെ ഒട്ടേറെ കമ്പനികളുമായി ഉൽപാദനക്കരാറായി. വില തീരുമാനിച്ചിട്ടില്ല. ഒരു ഡോസ് ഇന്ത്യയിൽ 1000 രൂപയ്ക്കു നൽകാനാവുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് നേരത്തേ വ്യക്തമാക്കിയിരുന്നു.

ശരീരത്തെ വൈറസ് ആക്രമിക്കുമ്പോൾ രൂപപ്പെടുന്ന ആന്റിബോഡിക്കു പുറമേ, ടി കോശങ്ങൾ രൂപപ്പെടുന്നത് അധികനേട്ടമാണ്. ആന്റിബോഡികൾ  പെട്ടെന്ന് ഇല്ലാതാകാം.  ടി കോശങ്ങൾ രൂപപ്പെട്ടാൽ നീണ്ടകാലം പ്രതിരോധശേഷി ലഭിക്കും. വൈറസ് ബാധിച്ച കോശങ്ങളെ, ടി കോശങ്ങൾ പൂർണമായി നശിപ്പിക്കും. ഒരു ചൈനീസ്‌ വാക്സിന്റെ പരീക്ഷണഫലവും ആശാവഹമാണ്. ഇവ രണ്ടും ശുഭകരമാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. 

ഇന്ത്യയിൽ 2 പരീക്ഷണം

ലോകത്തു മനുഷ്യരിൽ പരീക്ഷണം പുരോഗമിക്കുന്ന 23 സാധ്യതാ വാക്സിനുകളിൽ രണ്ടെണ്ണം ഇന്ത്യയിൽ നിന്നാണ്. ഹൈദരാബാദ് ഭാരത് ബയോടെക് വികസിപ്പിച്ച, കോവാക്സിനും അഹമ്മദാബാദ് സൈഡസ് കാഡിലയുടെ സൈകോവ്–ഡിയും. ഡൽഹി എയിംസിൽ കോവാക്സിൻ പരീക്ഷണം ഇന്നലെ തുടങ്ങി.

English summary: Oxford Covid vaccine

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA