ADVERTISEMENT

ഇസ്തംബുൾ ∙ 900 വർഷം ഓർത്തഡോക്സ് കത്തീഡ്രലും 500 വർഷം മുസ്‍ലിം പള്ളിയും 80 വർഷം മ്യൂസിയവും ആയിരുന്ന തുർക്കിയിലെ പ്രസിദ്ധമായ ഹാഗിയ സോഫിയ വീണ്ടും മുസ്‍ലിം ആരാധനാലയമായി. 86 വർഷത്തിനുശേഷം നടന്ന വെള്ളിയാഴ്ച പ്രാർഥനയ്ക്ക് തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ ഖുർആൻ പാരായണത്തോടെ തുടക്കമിട്ടു. മൂന്നര ലക്ഷത്തോളം മുസ്‍ലിംകൾ പങ്കെടുത്തു. ഇതേസമയം, സമീപരാജ്യമായ ഗ്രീസിലെ ഓർത്തഡോക്സ് പള്ളികളിൽ ദുഃഖസൂചകമായി മണികൾ മുഴങ്ങി. നൊമ്പരപ്പെടുത്തുന്ന കാര്യമാണിതെന്ന് ഫ്രാൻസിസ് മാർപാപ്പ പ്രതികരിച്ചു.

ബൈസന്റൈൻ ചക്രവർത്തി ജസ്റ്റീനിയൻ എഡി 537 ൽ നിർമിച്ച ഹാഗിയ സോഫിയ 1453 ൽ ഒട്ടോമാൻ പടയോട്ടം വരെ ഓർത്തഡോക്സ് കത്തീഡ്രലായിരുന്നു. ഒട്ടോമാൻ സുൽത്താൻ മുസ്‍ലിം പള്ളിയാക്കി മാറ്റിയ ഹാഗിയ സോഫിയ 1934ൽ തുർക്കി റിപ്പബ്ലിക്കിന്റെ സ്ഥാപകനായ മുസ്തഫ കമാൽ അതാതുർക്ക് മ്യൂസിയമായി പ്രഖ്യാപിച്ചു. ഈ നടപടി തുർക്കിയിലെ കോടതി ഈ വർഷം ആദ്യം റദ്ദാക്കിയതോടെയാണ് എർദോഗൻ ഹാഗിയ സോഫിയ വീണ്ടും മുസ്‍ലിം പള്ളിയാക്കി മാറ്റുന്ന ഉത്തരവ് പുറപ്പെടുവിച്ചത്. രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കൾക്കു പറ്റിയ തെറ്റ് തിരുത്തുകയാണെന്ന് എർദോഗൻ പറഞ്ഞു. 

യുനെസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളിൽപെടുന്ന ഹാഗിയ സോഫിയ, പ്രാർഥനാവേളകളിലൊഴികെ ആർക്കും സന്ദർശിക്കാമെന്ന് തുർക്കി വ്യക്തമാക്കിയിട്ടുണ്ട്. ഗ്രീസിലെങ്ങും പ്രതിഷേധം അലയടിച്ചു. ആതൻസിലെ ഓർത്തഡോക്സ് കത്തീഡ്രലിൽ ഐറേനിയസ് ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പ്രാർഥന നടന്നു. യുഎസിലും പ്രതിഷേധം പ്രകടമായിരുന്നു. ന്യൂയോർക്കിൽ ആർച്ച് ബിഷപ് എൽപിദോഫൊറോസിന്റെ നേതൃത്വത്തിൽ പ്രാർഥന നടത്തി.

English Summary: Hagia Sophia opens as mosque

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com