ADVERTISEMENT

ക്വാലലംപുർ ∙ മലേഷ്യയുടെ മുൻ പ്രധാനമന്ത്രി നജീബ് റസാഖിന് സാമ്പത്തിക തട്ടിപ്പു കേസിൽ 12 വർഷം ജയിൽശിക്ഷ. 1 മലേഷ്യ ഡവലപ്മെന്റ് ബെർഹഡ് (1എംഡിബി) എന്ന നിക്ഷേപ നിധിയിൽ നിന്ന് 100 കോടിയിലേറെ ഡോളർ തട്ടിയെടുത്ത കേസിൽ അധികാര ദുർവിനിയോഗത്തിന് 12 വർഷവും വിശ്വാസവഞ്ചനയ്ക്ക് 3 വകുപ്പുകളിലായി 10 വർഷം വീതവും പണാപഹരണത്തിന് 3 വകുപ്പുകളിൽ 10 വർഷം വീതവുമാണ് തടവുശിക്ഷ വിധിച്ചത്. ഇതിനു പുറമേ, 21 കോടി റിങ്കിറ്റ് (368 കോടിയോളം രൂപ) പിഴയും ഹൈക്കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. 

മലേഷ്യയിൽ അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ രാഷ്ട്രീയ നേതാവാണ് നജീബ്. തട്ടിപ്പിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് അദ്ദേഹം വാദിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ നൽകും. 

രാജ്യത്തിന്റെ സാമ്പത്തിക വികസനത്തിനായി നജീബ് തന്നെ ആരംഭിച്ച നിധി അദ്ദേഹവും കൂട്ടാളികളും കൊള്ളയടിച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് 2 വർഷം മുൻപ് നജീബിന് അധികാരം നഷ്ടമാകാൻ ഇടയാക്കിയത്. 

മുൻ പ്രധാനമന്ത്രിക്കെതിരെയുള്ള 5 അഴിമതിക്കേസുകളിൽ ആദ്യത്തേതാണ് വിധിപറഞ്ഞത്. മറ്റു കേസുകൾ അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. നജീബിന്റെ മലായ് പാർട്ടിക്കു ഭൂരിപക്ഷമുള്ള സർക്കാരാണ് ഇപ്പോൾ മലേഷ്യ ഭരിക്കുന്നത്. അതുകൊണ്ടുതന്നെ ഏറെ രാഷ്ട്രീയമാനമുള്ള വിധിയാണിത്. വിധി അട്ടിമറിക്കപ്പെടുമോ എന്ന സംശയിക്കുന്നവരുമേറെയുണ്ട്. 

English Summary: Twelve year imprisonment for Najib Razak

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com