ADVERTISEMENT

കോവിഡ്–19 വാക്സിൻ ആദ്യം സ്വന്തമാക്കി കുത്തകയാക്കാൻ സമ്പന്ന രാഷ്ട്രങ്ങൾ ശ്രമം തുടങ്ങിയതോടെ രാജ്യാന്തര തലത്തിൽ വാക്സിൻ യുദ്ധം. നിർധന രാഷ്ട്രങ്ങൾക്ക് വാക്സിൻ വൈകിയേക്കുമെന്ന ആശങ്കയെത്തുടർന്ന് ലോകാരോഗ്യ സംഘടന പ്രശ്നത്തിൽ ഇടപെട്ടു തുടങ്ങി.

ബ്രിട്ടൻ മുന്നിൽ

വാക്സിൻ പരീക്ഷണങ്ങളുടെ ആദ്യഘട്ടത്തിൽ മേധാവിത്വം നേടിയ ബ്രിട്ടനാണു കരാറുകൾ ഉറപ്പിക്കുന്നതിൽ മുന്നിൽ. ഏറ്റവുമൊടുവിൽ, ജിഎസ്കെ – സനോഫി കമ്പനികളുടെ സംയുക്ത വാക്സിൻ പരീക്ഷണവുമായി ബന്ധപ്പെട്ട കരാറിൽ ബ്രിട്ടൻ ഒപ്പുവച്ചു. ഈ കമ്പനികൾ വാക്സിൻ വികസിപ്പിച്ചാൽ ആദ്യത്തെ 6 കോടി ഡോസ് ബ്രിട്ടനു നൽകണം. ഇതുൾപ്പെടെ മുപ്പതോളം കമ്പനികളാണു ബ്രിട്ടനു വേണ്ടി പരീക്ഷണം നടത്തുന്നത്.

വീറോടെ പരീക്ഷണങ്ങൾ

യുഎസ്, ചൈന, റഷ്യ, ജർമനി എന്നീ രാജ്യങ്ങളും വാക്സിൻ പരീക്ഷണങ്ങളുമായി മുന്നേറുകയാണ്. യുഎസ് സർക്കാരുമായി 200 കോടി ഡോളറിന്റെ കരാറിൽ ജർമനി ഒപ്പുവച്ചിട്ടുണ്ട്. ലോകത്താകെ 177 ൽ ഏറെ വാക്സിനുകളാണു പരീക്ഷണത്തിലുള്ളത്. വീറിലും വാശിയിലും വ്യാവസായിക വിപ്ലവത്തിനു സമാനമാണ് വാക്സിൻ വിപ്ലവം എന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വാക്സിൻ കമ്പനികളുടെ ഓഹരി മൂല്യവും ഇരട്ടിയിലേറെയായി.

കോവാക്സ്

വാക്സിനുകളുടെ അവകാശം സമ്പന്ന രാജ്യങ്ങൾ കയ്യടക്കുന്നത് അസമത്വമുണ്ടാക്കുമെന്ന ആശങ്കയിലാണ് ലോകാരോഗ്യ സംഘടന. ഏഷ്യ, തെക്കൻ അമേരിക്ക, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ ധനശേഷി കുറഞ്ഞ രാജ്യങ്ങളെ ഇതു ബാധിച്ചേക്കാം. പ്രതിസന്ധി ഒഴിവാക്കാൻ കോവിഡ് വാക്സിൻസ് ഗ്ലോബൽ ആക്സസ് (കോവാക്സ്) എന്ന സന്തുലിത വിതരണ സംവിധാനത്തെക്കുറിച്ചുള്ള ആലോചനയിലാണു ലോകാരോഗ്യ സംഘടന.

അതേസമയം, ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്‌സിനായ കോവാക്‌സിൻ മനുഷ്യരിൽ പരീക്ഷണം ആരംഭിച്ചത് ഇന്ത്യയ്ക്കു പ്രതീക്ഷയേകുന്നു. 

English summary: Covid vaccine war

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com