ADVERTISEMENT

മക്ക∙ കാരുണ്യത്തിന്റെ മലയിൽ നിന്നുയർന്ന പ്രാർഥനകൾ മാത്രമല്ല, അറഫയിൽ നിറഞ്ഞത്; വിവിധ നാടുകളിൽ ഹജ് സ്വപ്നം കണ്ടു നാളെണ്ണിക്കാത്തിരുന്ന ജനലക്ഷങ്ങളുടെ പ്രാർഥന, ഒപ്പം ലോകത്തെമ്പാടുമുള്ള മുസ്‌ലിംകളുടെ മനസ്സും അറഫയിൽ സംഗമിച്ചപ്പോൾ, എവിടെയും പ്രാർഥന, പ്രാർഥന മാത്രം.

പശ്ചാത്താപത്തിന്റെ കണ്ണീരിൽ പാപങ്ങൾ ഇറക്കിവച്ചു ഹജ് തീർഥാടകർ നാഥനു മുന്നിൽ അണിനിരന്നു; ഏറ്റവും ലളിതമായ വസ്ത്രമണിഞ്ഞ്, എല്ലാവരും സമന്മാരെന്ന വലിയ ചിന്തയുടെ പ്രതീകങ്ങളായി. ജബലുറഹ്മ(കാരുണ്യത്തിന്റെ മല)യിൽ പ്രത്യേകം തയാറാക്കിയ തമ്പുകളിലാണു സന്ധ്യവരെ ഹാജിമാർ ചെലവഴിച്ചത്. കോവിഡ് മുൻകരുതലിന്റെ ഭാഗമായി നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ഒരു മണിക്കൂർ പുറത്തിറങ്ങി പ്രാർഥിക്കാൻ അനുവാദം നൽകി. 

hajj

അറഫയിൽ തീർഥാടകർ ഒരുമിക്കവെ, മക്ക ഹറം പള്ളിയിൽ കഅബ പുതിയ പുടവ (കിസ്‌വ) അണിഞ്ഞു. കറുത്ത നിറത്തിലുള്ള ശുദ്ധമായ പട്ടിൽ 120 കിലോ സ്വർണം, 100 കിലോ വെള്ളി നൂലുകൊണ്ട് ഖുർആൻ സൂക്തങ്ങൾ ആലേഖനം ചെയ്ത കിസ്‌വയ്ക്ക് 670 കിലോ ഭാരമുണ്ട്. 

ഇന്നലെ ഉച്ചയോടെ മിനായിൽനിന്ന് അറഫയിലെത്തിയ തീർഥാടകരെല്ലാം നമിറ പള്ളിക്കകത്തു തന്നെ പ്രാർഥന നിർവഹിച്ചു. ആയിരത്തിൽപരം ഹാജിമാർ മാത്രമായതിനാൽ അകലം പാലിച്ചും നമസ്കരിക്കാൻ സാധിച്ചു. 

അവിടെ നിന്നു ബസുകളിൽ ജബലുറഹ്മയിലേക്ക്. സന്ധ്യയോടെ അറഫയോടു വിടപറഞ്ഞ ഹാജിമാർ തുടർകർമങ്ങൾക്കായി മുസ്ദലിഫയിലേക്കു നീങ്ങി. ആരോഗ്യസുരക്ഷയുടെ ഭാഗമായി തീർഥാടകർ കൂടിച്ചേരാതിരിക്കാൻ പ്രത്യേക മറ തീർത്തിട്ടുണ്ട്. ഇവിടെ പുലരുവോളം പ്രാർഥന. തുടർന്ന് അതിരാവിലെ മിനായിലേക്ക്. അവിടെ ജംറയിലെ ആദ്യ കല്ലേറുകർമം. ഇതിനായി അണുവിമുക്തമാക്കിയ കല്ലുകൾ വിതരണം ചെയ്തു.

തുടർന്ന് മക്കയിലെത്തി പ്രദക്ഷിണം, പ്രയാണം, ബലികർമം, തല മുണ്ഡനം എന്നിവ നിർവഹിച്ച്, ഇഹ്റാംവേഷം മാറി ഹാജിമാർ ബലിപെരുന്നാൾ ആഘോഷിക്കും. 2 ദിവസം കൂടി മിനായിൽ താമസിച്ചു കല്ലേറു കർമം പൂർത്തിയാക്കിയശേഷം കഅബയിലെത്തി വിടവാങ്ങൽ പ്രദക്ഷിണം നിർവഹിക്കുന്നതോടെ ഹജ്ജിനു വിരാമമാകും. തീർഥാടകരിൽ ആർക്കും കോവിഡ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നു സൗദി ആരോഗ്യമന്ത്രാലയ വക്താവ് അറിയിച്ചു. 

നഷ്ടങ്ങളെ ക്ഷമയോടെ നേരിടാം, തളരാതെ മുന്നേറാം

മക്ക∙ കോവിഡ് മഹാമാരിയിലൂടെ ലോകം കടന്നുപോകുന്ന ഇക്കാലത്ത്  പ്രയാസങ്ങൾ ക്ഷമയോടെ നേരിടണമെന്ന് സൗദി ഉന്നത പണ്ഡിതസഭാംഗം ഷെയ്ഖ് അബ്ദുല്ല അൽമനീഅ് ആഹ്വാനം ചെയ്തു. നമിറ പള്ളിയിൽ അറഫ ഖുതുബ (പ്രഭാഷണം) നിർവഹിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ, വ്യവസായം തുടങ്ങി വിവിധ മേഖലകളിലുണ്ടാകുന്ന നഷ്ടങ്ങളെ മനഃസാന്നിധ്യത്തോടെയും പക്വതയോടെയും നേരിടാനാണ് ഇസ്‍ലാം പഠിപ്പിക്കുന്നത്. സാമ്പത്തിക ഇടപാടുകളിൽ വഞ്ചനയും ചൂഷണവും പലിശയും മായം ചേർക്കലും അനുവദനീയമല്ല.

Content Highlights: Hajj, Arafa

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com