ADVERTISEMENT

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ ഉറങ്ങിയവർ പുലർച്ചെ ‘ഇറാഖിൽ’ ഉറക്കമുണർന്ന ആ അധിനിവേശത്തിന് ഇന്നു വയസ്സ് 30. ഓർക്കാപ്പുറത്താണ് 1990 ഓഗസ്റ്റ് 2ന് അർധരാത്രി കഴിഞ്ഞപ്പോൾ സദ്ദാം ഹുസൈന്റെ ഇറാഖ് സൈന്യം കുവൈത്ത് തെരുവുകൾ കയ്യടക്കിയത്. കുവൈത്ത് തങ്ങളുടേതാണെന്ന് ഇറാഖ് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ ലോക ഭൂപടത്തിൽ നിന്ന് ആ രാജ്യം ഇല്ലാതായതു പോലെയായി.

സദ്ദാമിന്റെ 3 ലക്ഷത്തിലേറെ സൈനികരാണു കുവൈത്തിൽ കടന്നുകയറിയത്. അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും ഭരണനേതൃത്വത്തിലുള്ളവരും അപ്പോഴേക്കും അതിർത്തി കടന്ന് സൗദി അറേബ്യയിൽ എത്തി. തന്ത്രപരമായി രാജ്യം വിടാൻ ഭരണാധികാരികൾക്കു കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ചരിത്രം മറ്റൊന്നാകുമായിരുന്നു.

സൗദി കേന്ദ്രീകരിച്ചു പ്രവർത്തിച്ച ഷെയ്ഖ് ജാബറിന്റെ നേതൃത്വത്തിലുള്ള കാവൽ ഭരണകൂടമാണ് കുവൈത്തിനെ മോചിപ്പിക്കാനുള്ള നീക്കങ്ങൾക്കു ചരടുവലിച്ചത്. രാജ്യാന്തര സമൂഹത്തെ തങ്ങൾക്ക് അനുകൂലമാക്കാനും അവർക്കായി.

കുവൈത്തിൽ നിന്നു പിന്മാറാൻ ഐക്യരാഷ്ട്ര സംഘടന അഭ്യർഥിച്ചെങ്കിലും സദ്ദാം വഴങ്ങിയില്ല. പഴയ പ്രതാപത്തിലേക്കു തിരിച്ചുവരാനാകാത്തവിധം കുവൈത്തിനെ തകർക്കാനും ഇറാഖ് സൈന്യം മത്സരിച്ചു. വിമാനത്താവളവും ബഹുനില കെട്ടിടങ്ങളും ബോംബിട്ടു തകർത്തു. കുവൈത്ത് എയർവേയ്സിന്റെ വിമാനങ്ങൾ കടത്തിക്കൊണ്ടുപോയി.

1991 ജനുവരി 16ന് യു‌എസിന്റെ നേതൃത്വത്തിൽ ആരംഭിച്ച സൈനിക നടപടിയിൽ (ഓപ്പറേഷൻ ഡെസേർട്ട് സ്റ്റോം) 32 രാജ്യങ്ങൾ ഇറാഖിനെതിരെ അണിനിരന്നു. സ്കഡ് മിസൈലും അപ്പാച്ചി ഹെലികോപ്റ്ററും  ലോകത്തിനു പരിചിതമായത് അക്കാലത്താണ്. ഫെബ്രുവരി അവസാനം ഇറാഖ് സൈന്യം കീഴടങ്ങിയതോടെ യുദ്ധം അവസാനിച്ചു. 

എല്ലാം ഒന്നിൽ നിന്നു തുടങ്ങിയ കുവൈത്ത് പ്രതാപം തിരിച്ചുപിടിച്ചു. തങ്ങളെ ഇല്ലാതാക്കാൻ ശ്രമിച്ച ഇറാഖിലും ഇന്ന് കുവൈത്തിന്റെ സഹായം വേണ്ടുവോളം എത്തുന്നു.

English summary: Kuwait invasion

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com