ADVERTISEMENT

ബെയ്റൂട്ട് ∙ ലബനൻ തലസ്ഥാന നഗരത്തിന്റെ പകുതിയോളം ഛിന്നഭിന്നമാക്കിയ ഉഗ്ര സ്ഫോടനത്തിൽ കൊല്ലപ്പെട്ടത് 135 ലേറെപ്പേർ. പരുക്കേറ്റത് അയ്യായിരത്തിലേറെപ്പേർക്ക്. നൂറുകണക്കിനാളുകളെ കാണാതായിട്ടുണ്ട്. 3 ലക്ഷം പേർ ഭവനരഹിതരായി.

തുറമുഖത്തെ സംഭരണകേന്ദ്രത്തിൽ സൂക്ഷിച്ചിരുന്ന 2750 ടൺ അമോണിയം നൈട്രേറ്റിനു തീ പിടിച്ചാണു ചൊവ്വാഴ്ച സ്ഫോടനമുണ്ടായതെന്നു ആഭ്യന്തര മന്ത്രി മുഹമ്മദ് ഫഹ്മി പറഞ്ഞു. 2013ൽ ഒരു ചരക്കുകപ്പലിൽനിന്നു പിടിച്ചെടുത്തതാണിത്. ഇതു സൂക്ഷിച്ചിരുന്ന കെട്ടിടത്തിലേക്ക് തീ പടർന്നതെങ്ങനെയെന്നു വ്യക്തമല്ല. സ്ഫോടനത്തിന്റെ ആഘാതത്തിൽ 160 കിലോമീറ്റർ അകലെയുള്ള ദ്വീപുരാജ്യമായ സൈപ്രസിലെ കെട്ടിടങ്ങൾ വരെ കുലുങ്ങി.

വളം നിർമാണത്തിനും സ്ഫോടകവസ്തുവായും ഉപയോഗിക്കുന്ന അമോണിയം നൈട്രേറ്റിന്റെ ശേഖരം സുരക്ഷാഭീഷണിയാണെന്ന് പലവട്ടം മുന്നറിയിപ്പു നൽകിയിരുന്നതാണ്. ഉത്തരവാദികളായ തുറമുഖ ഉദ്യോഗസ്ഥരെ മുഴുവൻ വീട്ടുതടങ്കലിൽ വയ്ക്കാൻ സർക്കാർ തീരുമാനിച്ചു.

നഗരമാകെ കെട്ടിടാവശിഷ്ടങ്ങളും തകർന്ന വാഹനങ്ങളും ചില്ലുകളും കൊണ്ടു മൂടിയിരിക്കുകയാണ്. പരിസരത്തെ മുഴുവൻ കെട്ടിടങ്ങളും തകർന്നടിഞ്ഞു. 5 ആശുപത്രികളും തകർന്നു. കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ രക്ഷിക്കാൻ തീവ്രശ്രമങ്ങൾ നടന്നുവരുകയാണ്. ദുരന്തബാധിതനഗരമായി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടിയന്തര സഹായമെത്തിക്കാൻ മുന്നോട്ടുവന്നിട്ടുണ്ട്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ ഇന്നു ലബനനിൽ എത്തും.

സ്ഫോടകവസ്തുശേഖരം എവിടെനിന്ന് ?

2013 നവംബറിൽ ജോർജിയയിൽ നിന്നു മൊസാംബിക്കിലേക്കു പോകുകയായിരുന്ന റഷ്യൻ ചരക്കുകപ്പൽ വിവിധ കാരണങ്ങളാൽ ബെയ്റൂട്ട് തുറമുഖത്തു പിടിച്ചിടുകയായിരുന്നു.

നിയമതടസ്സങ്ങൾ നീണ്ടതോടെ ഉടമസ്ഥർ കപ്പൽ ഉപേക്ഷിച്ചു. ഇതോടെയാണു കപ്പലിലെ വൻ അമോണിയം നൈട്രേറ്റ് ശേഖരം തുറമുഖത്തെ ഒരു സംഭരണകേന്ദ്രത്തിലേക്കു മാറ്റിയത്. 2014നും 2017നുമിടയിൽ കസ്റ്റംസ് അധികൃതർ ഇത് നീക്കം ചെയ്യാനുള്ള അനുമതി തേടി 5 കത്തുകൾ ജുഡീഷ്യൽ വകുപ്പിന് അയച്ചെങ്കിലും മറുപടി ലഭിച്ചില്ല.

English Summary: Beirut Expolosion follow up

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com