ADVERTISEMENT

ബോസ്റ്റൺ (യുഎസ്) ∙ അമേരിക്കൻ പ്രസിഡന്റായിരുന്ന ഏബ്രഹാം ലിങ്കന്റെ മുടിച്ചുരുളിനും 1865ൽ അദ്ദേഹം കൊല്ലപ്പെട്ടതിനെക്കുറിച്ചുള്ളതും രക്തക്കറ പുരണ്ടതുമായ ടെലിഗ്രാമിനും ലേലത്തിൽ ലഭിച്ചത് 81,000 ഡോളർ (ഏകദേശം 59.51 ലക്ഷം രൂപ).

ബോസ്റ്റണിലെ ആർ ആർ ഓക്‌ഷൻ കേന്ദ്രമാണു കഴിഞ്ഞ ദിവസം ഈ അപൂർവ വസ്തുക്കൾ ലേലത്തിനുവച്ചത്. മുക്കാൽ ലക്ഷം ഡോളർ വില ലഭിക്കുമെന്ന് ഓക്‌ഷൻ ഹൗസ് പ്രതീക്ഷിച്ച വസ്തുക്കൾ ഉയർന്ന വിലയ്ക്കു സ്വന്തമാക്കിയ വ്യക്തി ആരെന്നു സംഘാടകർ വെളിപ്പെടുത്തിയില്ല.

വാഷിങ്ടനിലെ ഫോഡ് തിയറ്ററിനു സമീപം ജോൺ വില്യംസ് ബൂത്തിന്റെ വെടിയേറ്റു വീണ ലിങ്കന്റെ മൃതദേഹത്തിൽ നിന്നു മൃതദേഹപരിശോധനാവേളയിൽ നീക്കം ചെയ്ത മുടിച്ചുരുളിനു രണ്ട് ഇഞ്ചോളം (അഞ്ചു സെന്റീമീറ്റർ) ആയിരുന്നു നീളം.

ലിങ്കന്റെ ഭാര്യ മേരി ടോഡ് ലിങ്കന്റെ ബന്ധുവും കെന്റക്കിയിലെ പോസ്റ്റ് മാസ്റ്ററുമായിരുന്ന ഡോ ലിമൻ ബീച്ചർ ടോഡിനു ലഭിച്ചതായിരുന്നു ഈ മുടിച്ചുരുൾ. 

ലിങ്കന്റെ ഇൻക്വസ്റ്റ് വേളയിൽ ഡോ. ടോഡും സന്നിഹിതനായിരുന്നെന്ന് ആർ.ആർ ഓക്‌ഷൻ വെളിപ്പെടുത്തി. കെന്റക്കി ലെക്സിങ്ടണിലെ പോസ്റ്റ് ഓഫിസിൽ ഡോ . ടോഡിന്റെ സഹായിയായിരുന്ന ജോർജ് കിന്നിയർ, ഡോ ടോഡിന് അയച്ച ഔദ്യോഗിക ടെലിഗ്രാമിൽ പിടിപ്പിച്ച നിലയിലായിരുന്നു മുടിച്ചുരുൾ. 1865 ഏപ്രിൽ 11നു രാത്രി 11നാണ് ഈ ടെലിഗ്രാം വാഷിങ്ടനിൽ മേൽവിലാസക്കാരനു ലഭിക്കുന്നത്.

ലിങ്കന്റെ മുടിച്ചുരുളിന്റെയും ടെലിഗ്രാമിന്റെയും ആധികാരികത ആർ ആർ ഓക്‌ഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. 

ഈ മുടിച്ചുരുൾ ടോഡ് കുടുംബത്തിന്റെ പക്കൽ ഭദ്രമായി സൂക്ഷിച്ചിരുന്ന കാര്യം 1945ൽ എഴുതിയ കത്തിൽ ഡോ ടോഡിന്റെ മകൻ ജയിംസ് ടോഡും വ്യക്തമാക്കിയിട്ടുണ്ട്.

English Summary: Lock of Abraham Lincoln's hair sells for more than $81,000

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com