ADVERTISEMENT

ഇസ്‍ലാമാബാദ് ∙ പാക്ക് സർക്കാരിനും സൈന്യത്തിനുമെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ മുസ്‍ലിം ലീഗ്(എൻ) നേതാവുമായ നവാസ് ഷെരീഫ്. പ്രതിപക്ഷം പ്രധാനമന്ത്രി ഇമ്രാൻ ഖാന് എതിരല്ലെന്നും കഴിവുകെട്ട അദ്ദേഹത്തെ തിരഞ്ഞെടുത്തവരെയാണ് എതിർക്കുന്നതെന്നും പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) സംഘടിപ്പിച്ച ഐക്യ പ്രതിപക്ഷ സമ്മേളനത്തിൽ വിഡിയോ ലിങ്ക് വഴി പങ്കെടുത്ത ഷെരീഫ് പറഞ്ഞു.

2018ലെ തിരഞ്ഞെടുപ്പിൽ കൃത്രിമം കാട്ടിയ ഇമ്രാനെ അധികാരത്തിലെത്തിക്കാൻ പിന്തുണച്ച സൈനികനേതൃത്വം രാജ്യത്തിന്റെ നാശത്തിനു വഴിയൊരുക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജനാധിപത്യത്തിന് അവസരം നൽകണമെന്നും സൈന്യം രാഷ്ട്രീയത്തിൽ ഇടപെരുതെന്നും മൂന്നു തവണ പ്രധാനമന്ത്രി ആയിരുന്ന ഷെരീഫ് പറഞ്ഞു.

ഷെരീഫിനു മുൻപ് പ്രസംഗിച്ച മുൻ പ്രസിഡന്റും പിപിപി നേതാവുമായ ആസിഫ് അലി സർദാരിയും സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോ അധ്യക്ഷത വഹിച്ചു. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ യോജിച്ചുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ഐക്യ പ്രതിപക്ഷ സമ്മേളനം സംഘടിപ്പിച്ചത്.

ലണ്ടനിൽ താമസം, ചികിത്സ

2017 ൽ അധികാരത്തിൽനിന്നു പുറത്താക്കപ്പെട്ട നവാസ് ഷെരീഫും മകൾ മറിയവും മകളുടെ ഭർത്താവ് സഫ്ദറും വിവിധ അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടെങ്കിലും ജാമ്യത്തിലാണ്.

നാലാഴ്ച ചികി‍ത്സയ്ക്കായി കോടതി അനുമതിയോടെ രാജ്യം വിട്ട അദ്ദേഹം കഴിഞ്ഞ നവംബർ മുതൽ ലണ്ടനിലാണു താമസം. 

ആരോഗ്യപരമായ കാരണങ്ങളാലാണു ഷെരീഫ് മടങ്ങിയെത്താൻ വൈകുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com