ADVERTISEMENT

ന്യൂയോർക്ക് ∙ ബ്രിട്ടിഷ്, അമേരിക്കൻ അന്വേഷണാത്മക പത്രപ്രവർത്തനത്തിലെ സുവർണകാലത്തിന്റെ മുഖമുദ്രയായിരുന്ന ഇതിഹാസജീവിതം അരങ്ങൊഴിഞ്ഞു. ബ്രിട്ടനിലെ സൺഡേ ടൈംസ് മുൻ എഡിറ്ററും റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയുടെ എഡിറ്റർ അറ്റ് ലാർജുമായ സർ ഹാരൾഡ് എവൻസ് (92) അന്തരിച്ചു. പ്രമുഖ മാധ്യമപ്രവർത്തക ടിന ബ്രൗൺ ആണു ഭാര്യ. 

1960 കളുടെ അവസാനം ബ്രിട്ടനെയും ലോകത്തെയും ഞെട്ടിച്ച താലിഡൊമൈഡ് മരുന്നുദുരന്തത്തിന്റെ ഉള്ളറകൾ തേടിയിറങ്ങിയ എവൻസ്, സൺഡേ ടൈംസിലൂടെ പുറത്തുകൊണ്ടുവന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങളായിരുന്നു. ഗർഭകാല ഛർദിക്കു ശമനത്തിനായി താലിഡൊമൈഡ് കഴിച്ച സ്ത്രീകൾക്കു ഗുരുതര വൈകല്യങ്ങളുള്ള കുഞ്ഞുങ്ങൾ പിറന്നപ്പോൾ മരുന്നു കമ്പനിയിൽ നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു വാർത്തകൾ നൽകി ജനാഭിപ്രായം സ്വരൂപിച്ചു. റഷ്യൻ ചാരക്കേസ്, ഡിസി–10 വിമാനാപകട സ്കൂപ്പുകൾ, തിമത്തി ജോൺസ് വധശിക്ഷയുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടുകൾ തുടങ്ങിയവയും എവൻസിനെ ലോകപ്രശസ്തനാക്കി. 

1928 ജൂൺ 28നു ബ്രിട്ടനിലെ ഗ്രേറ്റർ മാഞ്ചസ്റ്ററിലാണു ജനനം. 16ാം വയസ്സിൽ ആഷ്ടൻ അണ്ടർ ലൈൻ റിപ്പോർട്ടറിൽ പത്രപ്രവർത്തകനായി. 1967 ൽ സൺഡേ ടൈംസ് എഡിറ്റർ. 1981 ൽ മാധ്യമചക്രവർത്തി റൂപർട് മർഡോക് ഏറ്റെടുത്തതിനു ശേഷം ടൈംസ് എഡിറ്റർ പദവിയിലേക്കു നിയോഗിക്കപ്പെട്ട എവൻസ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് പിന്നീടു രാജിവച്ചു. പിന്നാലെ അമേരിക്കയിലേക്കു താമസം മാറ്റി. റാൻഡം ഹൗസ് പ്രസാധക സ്ഥാപനത്തിന്റെ പ്രസിഡന്റും പബ്ലിഷറുമായി. മനോരമയുടെ ‘ദ് വീക്ക്’ ഇംഗ്ലിഷ് വാരികയിൽ ‘സ്ലംപ്ലേഷൻ’ എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു. 

പത്രപ്രവർത്തനത്തിലെ സമഗ്രസംഭാവനകൾക്കു 2004 ൽ പ്രഭു പദവി നൽകി ബ്രിട്ടൻ ആദരിച്ചു. 

ഗുഡ് ടൈംസ്, ബാഡ് ടൈംസ്, ദി അമേരിക്കൻ സെഞ്ചുറി, ദെയ് മെയ്ഡ് അമേരിക്ക, മൈ പേപ്പർ ചേസ്: ട്രൂ സ്റ്റോറീസ് ഓഫ് വാനിഷ്ഡ് ടൈംസ് തുടങ്ങിയവയാണു പ്രധാന കൃതികൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com