ADVERTISEMENT

ശുദ്ധമായ ഭാഷ, വസ്തുതകൾ എണ്ണിപ്പറഞ്ഞുള്ള ലളിതമായ വിവരണം; രോഷം പുകയുന്ന, കുറിക്കു കൊള്ളുന്ന ചോദ്യങ്ങൾ. സത്യം തുറന്നു കാട്ടുന്നതിനു കോടതി കയറേണ്ടി വന്നാൽപോലും പേന മടക്കാൻ തയാറാകാത്ത ചങ്കൂറ്റം. അതായിരുന്നു ഹാരൾഡ് എവൻസ്. നിർഭയം എങ്ങനെ വാർത്തയെഴുതാമെന്നതിന്റെ ഉജ്വലമാതൃകകളായിരുന്നു എവൻസിന്റെ അന്വേഷണാത്മക റിപ്പോർട്ടുകൾ.  

16ാം വയസ്സിൽ പത്രപ്രവർത്തനം തുടങ്ങിയതിനു പിന്നിലെ അധ്വാനശീലത്തെക്കുറിച്ചുളള അദ്ദേഹത്തിന്റെ ഓർമകൾക്ക് ഗൃഹാതുരതയുടെ അച്ചടിമഷി മണമായിരുന്നു. വെയ്ൽസ് സ്വദേശികളായ ഫ്രെഡജറിക് – മേരി ദമ്പതികളുടെ 4 ആൺമക്കളിൽ മൂത്തയാളായിരുന്നു എവൻസ്. റയിൽവേയിൽ എൻജിൻ ഡ്രൈവറായ പിതാവും വീടിനോടു ചേർന്നു പലചരക്കുകട നടത്തിയിരുന്ന മാതാവും. അത്താഴമേശയിൽ ലോകകാര്യങ്ങൾ ചർച്ചചെയ്തിരുന്ന ആറംഗ കുടുംബം. 

സാധാരണക്കാർക്കു പ്രിയപ്പെട്ട സാധാരണ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്ന ആഴ്ചപ്പത്രമായിരുന്നു ആദ്യം ജോലി ചെയ്ത ആഷ്ടൻ അണ്ടർ ലൈൻ റിപ്പോർട്ടർ. സൈനികസേവനവും കോളജ് പഠനവും കഴിഞ്ഞ് ‘രാവും പകലും വാർത്തകൾ മിടിക്കുന്ന’ മാഞ്ചസ്റ്റർ നഗരത്തിൽ പത്രപ്രവർത്തനമെന്ന ആവേശകരമായ അനുഭവത്തിൽ മുഴുകുകയായിരുന്നു എവൻസ്. അന്വേഷണാത്മക പത്രപ്രവർത്തനത്തെ അദ്ദേഹം അടുത്തറിഞ്ഞത് 1956–57 കാലത്തെ യുഎസ് സന്ദർശനവേളയിലായിരുന്നു. 

ബ്രിട്ടൻ വിട്ട് യുഎസിൽ കുടിയേറിയ ശേഷം യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ടർ എഡിറ്റോറിയൽ ഡയറക്ടറായി. കോൻഡെ നാസ്റ്റ് ട്രാവലർ മാഗസിൻ സ്ഥാപിച്ചു. ചിത്ര വിന്യാസം, രൂപകല്പന, ഉള്ളടക്കം തുടങ്ങി പത്രപ്രവർത്തനവുമായി ബന്ധപ്പെട്ട ഒട്ടേറെ ആധികാരിക ഗ്രന്ഥങ്ങളും എഴുതിയിട്ടുണ്ട്. 

റാൻഡം ഹൗസ് പ്രസിഡന്റും പബ്ലിഷറുമായി എവൻസ് അമേരിക്കൻ പ്രസാധക ലോകത്തു തുടക്കമിട്ട വിപ്ലവത്തിനു സമാനതകളില്ല. പ്രൈമറി കളേഴ്സ് പോലെയുള്ള നോവലുകളും മാർലൻ ബ്രാൻഡോയുടെ ആത്മകഥ ഉൾപ്പെടെ പ്രമുഖരുടെ ഓർമക്കുറിപ്പുകളും പുറത്തിറക്കി പുതിയ വായനാനുഭവം തന്നെ സമ്മാനിച്ചു. 

മലയാള മനോരമയുടെ ഉറ്റബന്ധുവും മാർഗദർശിയുമായിരുന്നു എവൻസ്. 2007 ൽ സംഘർഷകാലത്തെ പത്രസ്വാതന്ത്ര്യം എന്ന വിഷയത്തിൽ അദ്ദേഹം നടത്തിയ കെ.സി.മാമ്മൻ മാപ്പിള സ്മാരക പ്രഭാഷണം എക്കാലവും പ്രസക്തമായ ചിന്തകൾ പങ്കു വയ്ക്കുന്നതാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com