ADVERTISEMENT

ക്ലീവ്‌ലൻഡ് (ഒഹായോ) ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ആദ്യ സ്ഥാനാർഥി സംവാദം ട്രംപിന്റെ നിലവിട്ട പെരുമാറ്റം മൂലം ആകെ അലമ്പായി. ഒഹായോയിലെ ക്ലീവ്‌ലൻഡിലുള്ള കേസ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിൽ നടന്ന ഡിബേറ്റിലാണു ഡെമോക്രാറ്റ് സ്ഥാനാർഥി ജോ ബൈഡനോടു റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് തട്ടിക്കയറിയത്.

ചോദ്യം പൂർത്തിയാക്കാൻ അനുവദിക്കാതെയും ബൈഡനു സംസാരിക്കാനുള്ള സമയത്ത് ഇടയ്ക്കു കയറി പറഞ്ഞും ട്രംപ് സംവാദത്തിലുടനീളം ശല്യക്കാരനായി. ബൈഡൻ സംയമനം പാലിച്ചപ്പോൾ സംവാദത്തിന്റെ നിബന്ധനകൾ പാലിക്കാൻ ട്രംപിനെ ഓർമിപ്പിച്ച് മോഡറേറ്റർ ക്രിസ് വാലസിന് ആദ്യാവസാനം ഇടപെടേണ്ടി വന്നു. 

സുപ്രീംകോടതി ജഡ്ജി നിയമനം, കോവിഡ് പ്രതിരോധ പാളിച്ചകൾ, തപാൽ വോട്ട്, വംശീയ സംഘർഷങ്ങൾ, സാമ്പത്തികരംഗം തുടങ്ങിയ വിഷയങ്ങളിലൂന്നിയായിരുന്നു സംവാദം. കറുത്തവർഗക്കാരുൾപ്പെടെയുള്ളവരെ അധഃകൃതരായി കാണുന്ന വെള്ളക്കാരുടെ മനോഭാവത്തെ ട്രംപ് തള്ളിപ്പറഞ്ഞില്ലെന്നു മാത്രമല്ല, ആന്റിഫ, ഇടതുസംഘങ്ങൾക്കെതിരെ ആരെങ്കിലുമൊക്കെ വേണമെന്നും അഭിപ്രായപ്പെട്ടു. തപാൽ വോട്ടിനെച്ചൊല്ലി തിരഞ്ഞെടുപ്പു ഫലത്തിൽ തർക്കമുണ്ടായാൽ അന്തിമതീരുമാനം വരെ ക്ഷമയോടെ കാത്തിരിക്കാൻ അണികളോട് ആവശ്യപ്പെടുമെന്ന് ഉറപ്പുതരാമോയെന്ന ചോദ്യത്തിനും ട്രംപ് വ്യക്തമായ മറുപടി പറഞ്ഞില്ല.

കോവിഡ് മരണം ഇന്ത്യ  ഒളിപ്പിക്കുന്നെന്ന് ട്രംപ്

റഷ്യയിലും ചൈനയിലും ഇന്ത്യയിലുമൊക്കെ കോവിഡ് ബാധിച്ച് എത്രയാളുകൾ മരിക്കുന്നുണ്ടെന്നു ലോകം അറിയുന്നില്ലെന്നു ഡോണൾഡ് ട്രംപ്. കോവിഡ് പ്രതിരോധത്തിൽ ട്രംപിന്റെ പാളിച്ചകൾ ജോ ബൈഡൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ താരതമ്യം. പരിശോധനയുടെ എണ്ണത്തിൽ യുഎസ് കഴിഞ്ഞാൽ ഇന്ത്യയാണു മുന്നിലെന്നു ചൂണ്ടിക്കാട്ടിയിട്ടുള്ള ട്രംപ് ഇതാദ്യമായാണ് ഇക്കാര്യത്തിൽ ഇന്ത്യയ്‌ക്കെതിരെ ആരോപണമുന്നയിക്കുന്നത്. 

2016ലും 2017ലും 750 ഡോളർ മാത്രമാണു താൻ ആദായനികുതിയായി നൽകിയതെന്ന വാർത്ത വീണ്ടും നിഷേധിച്ച അദ്ദേഹം ദശലക്ഷക്കണക്കിനാണ് നികുതിയിനത്തിൽ അടച്ചതെന്ന് അവകാശപ്പെട്ടു. ബൈഡന്റെ മകൻ ഹണ്ടറിനെതിരെ സാമ്പത്തിക ആരോപണങ്ങളും ഉന്നയിച്ചു. 

രണ്ടാം സംവാദം 15നു ഫ്ലോറിഡയിൽ നടക്കും. വൈസ് പ്രസിഡന്റ് സ്ഥാനാർഥികളായ കമല ഹാരിസും (ഡെമോക്രാറ്റ്) മൈക്ക് പെൻസും (റിപ്പബ്ലിക്കൻ) തമ്മിലുള്ള സംവാദം 7നു യൂട്ടായിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com