ADVERTISEMENT

സോൾട്ട് സിറ്റി (യൂട്ടാ, യുഎസ്) ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള വൈസ് പ്രസിഡന്റ് സ്ഥാനാർഥി സംവാദത്തിൽ മൈക്ക് പെൻസും കമല ഹാരിസും തമ്മിൽ പ്രധാനമായി തർക്കിച്ചതു കോവിഡ് വിഷയത്തിൽ. കോവിഡിന്റെ മാരകശേഷിയെപ്പറ്റി നേരത്തേ റിപ്പോർട്ട് ലഭിച്ചിട്ടും പ്രസിഡന്റ് ഡോണൾഡ് ട്രംപ് അതു മറച്ചുവച്ചെന്നു ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസ് ആരോപിച്ചു.

ഇന്ത്യക്കാരിയായ അമ്മ ശ്യാമള ഗോപാലനെക്കുറിച്ചു സംവാദവേദിയിലും കമല സംസാരിച്ചു. യുഎസ്എ ടുഡേയുടെ വാഷിങ്ടൻ ബ്യൂറോ ചീഫ് സൂസൻ പേജായിരുന്നു മോഡറേറ്റർ.

ട്രംപ് പറഞ്ഞാൽ കോവിഡ് വാക്സീൻ സ്വീകരിക്കുമോയെന്ന ചോദ്യത്തിന്, വിശ്വസിക്കാവുന്ന ആളുകൾ പറഞ്ഞാൽ കേൾക്കും, ട്രംപ് ആവശ്യപ്പെട്ടാൽ വാക്സീൻ എടുക്കില്ലെന്നു കമല പ്രതികരിച്ചു. 

ഗർഭഛിദ്രാനുമതി പിൻവലിച്ച് യുഎസ് സുപ്രീംകോടതി ഉത്തരവു വന്നാൽ, സ്വന്തം ശരീരത്തെപ്പറ്റി തീരുമാനമെടുക്കാനുള്ള സ്ത്രീസ്വാതന്ത്ര്യത്തിനൊപ്പംനിന്നു പോരാടുമെന്നു കമല പറഞ്ഞു.

സംവാദത്തിനിടെ, മൈക്ക് പെൻസിന്റെ തലയിൽ ഈച്ച വന്നിരുന്നതു സമൂഹമാധ്യമങ്ങളിലുൾപ്പെടെ രസകരമായ ചർച്ചകൾക്കു വഴിതുറന്നു.

കോവിഡ് നിബന്ധനകൾ കർശനമായി പാലിച്ചു നടന്ന സംവാദത്തിൽ ഇരു സ്ഥാനാർഥികൾക്കുമിടയിൽ സുതാര്യ സംരക്ഷണ മറകൾ സ്ഥാപിച്ചിരുന്നു.

പ്രസിഡന്റ്  സംവാദം ഓൺലൈനിൽ; താനില്ലെന്ന് ട്രംപ്

വാഷിങ്ടൻ ∙ അടുത്ത വ്യാഴാഴ്ച പ്രസിഡന്റ് സ്ഥാനാർഥികളുടെ രണ്ടാം സംവാദം ഓൺലൈൻ ആയി നടത്താൻ സംവാദ സമിതി. ഡോണൾഡ് ട്രംപും ജോ ബൈഡനും രണ്ടിടങ്ങളിലിരുന്ന് ഓൺലൈനായി പങ്കെടുക്കാനാണു നിർദേശം. എന്നാൽ, കംപ്യൂട്ടറിനു മുന്നിലിരുന്നു സംവാദം നടത്തി സമയം കളയാൻ താനില്ലെന്നു ട്രംപ് പ്രതികരിച്ചു.

അതേസമയം, കോവിഡ് ബാധിച്ചതു ദൈവാനുഗ്രഹം പോലെയെന്നു ട്രംപ് പറഞ്ഞു. റീജനറൊൻ മരുന്നു കമ്പനി വികസിപ്പിക്കുന്ന പരീക്ഷണ ഘട്ടത്തിലുള്ള കോവിഡ് മരുന്നു കഴിച്ചു സുഖപ്പെട്ടെന്നു പറയുന്ന വിഡിയോ സന്ദേശം ട്വിറ്ററിലൂടെയാണു  ട്രംപ് പുറത്തുവിട്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com