ADVERTISEMENT

സമാധാന നൊബേലിനുള്ള സാധ്യതാ പട്ടികയിൽ യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ് ഉണ്ടായിരുന്നുവെന്നു പലരും കളിയായി പറയുന്നുണ്ട്. എന്തായാലും ട്രംപിന് ഒരു കാര്യത്തിൽ സന്തോഷിക്കാം, നൊബേൽ നേടിയ യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ തലപ്പത്ത് ഇപ്പോഴുള്ളത് അദ്ദേഹം 2017 ൽ നിയമിച്ച ആളാണ് – യുഎസിലെ സൗത്ത് കാരലൈന മുൻ ഗവർണറും റിപ്പബ്ലിക്കൻ പാ‍ർട്ടി നേതാവുമായ ഡേവിഡ് ബീസ്‍ലേ.

ലോകം കോവിഡിനു മുൻപിൽ പകച്ചു നിൽക്കുമ്പോൾ ഭക്ഷ്യക്ഷാമമുള്ള 6 മേഖലകളിലാണ് പ്രധാനമായും ഡബ്ല്യുഎഫ്പി ഇപ്പോൾ പ്രവർത്തിക്കുന്നത് – കോംഗോ, നൈജീരിയ, സാഹേൽ, ദക്ഷിണ സുഡാൻ, സിറിയ, യെമൻ. ഇവിടങ്ങളെല്ലാം ആഭ്യന്തര സംഘർഷങ്ങൾകൊണ്ടു കൂടിയാണ് ദുരന്തഭൂമികളായത്. 

2019 ഏജൻസിയുടെ ചരിത്രത്തിലെ നിർണായക വർഷങ്ങളിലൊന്നായിരുന്നു. 13.5 കോടി മനുഷ്യരാണ് കഴിഞ്ഞ വർഷം കഠിനമായ ദാരിദ്ര്യത്തിലൂടെയും പട്ടിണിയിലൂടെയും കടന്നുപോയത്. യുദ്ധം, സംഘർഷം, അപ്രതീക്ഷിതമായെത്തിയ കോവിഡ് എന്നിവ സൃഷ്ടിച്ച ഗുരുതര സ്ഥിതി. ഇനിയുള്ള ഒരു വർഷം അതിലേറെ സങ്കീർണമായിരിക്കുമെന്നാണു വിലയിരുത്തപ്പെടുന്നത്.

പട്ടിണിയിലേക്കു തള്ളപ്പെടുന്നവരുടെ എണ്ണം 26 കോടി പിന്നിടുമെന്നു ഡബ്ല്യുഎഫ്പി കണക്കാക്കുന്നു. ‘കോവിഡ് വാക്സീൻ കണ്ടുപിടിക്കും വരെ, ദുരിതങ്ങൾക്കുള്ള വാക്സീൻ ഭക്ഷണമാണ്’ എന്ന നൊബേൽ സമിതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനം അതാണ്. പട്ടിണി കിടക്കുന്ന ഓരോ മനുഷ്യന്റെയും മുൻപിൽ ഭക്ഷണമെത്തും വരെ ഡബ്ല്യുഎഫ്പിയുടെ പ്രസക്തി അവസാനിക്കുന്നില്ല. 

‘ഡബ്ല്യുഎഫ്പിയുടെ പ്രവർത്തകർക്കുള്ളതാണ് ഈ പുരസ്കാരം. യുദ്ധവും സംഘർഷവും പ്രതികൂല കാലാവസ്ഥയുമെല്ലാം മറികടന്ന് അവർ പ്രവർത്തിക്കുന്നു. സമാധാനമില്ലാതെ, പട്ടിണിയില്ലാത്ത ലോകമെന്ന നമ്മുടെ ലക്ഷ്യം സാധ്യമാകില്ല; പട്ടിണി മാറാകെ ലോക സമാധാനവുമുണ്ടാകില്ല.’

 ഡേവിഡ് ബീസ്‍ലേ (എക്സിക്യൂട്ടീവ് ഡയറക്ടർ, ഡബ്ല്യുഎഫ്പി.)

A security officer stands at the entrance of the headquarters of the United Nations World Food Program (WFP), in Rome, Friday, Oct. 9, 2020. The WFP has won the 2020 Nobel Peace Prize for its efforts to combat hunger and food insecurity around the globe. (AP Photo/Gregorio Borgia)
റോമിലെ ഡബ്ല്യുഎഫ്പി ആസ്ഥാനമന്ദിരം

വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യുഎഫ്പി) ദരിദ്രരുടെ ഊട്ടുപുര

∙ 1961 ൽ യുഎസ് പ്രസിഡന്റായിരുന്ന ഐസനോവർ സ്ഥാപിച്ചു.

∙ യുഎൻ സംവിധാനത്തിലൂടെ ഭക്ഷണം എത്തിക്കുക സ്ഥാപന ലക്ഷ്യം

∙ 1962 ൽ ഇറാനിലെ ഭൂകമ്പമേഖലയിൽ സഹായമെത്തിച്ച് തുടക്കം

∙ 1965 ൽ യുഎന്നിന്റെ സ്ഥിരം പദ്ധതിയായി.

∙ 1989 ൽ ആഭ്യന്തര യുദ്ധം രൂക്ഷമായ സുഡാനിൽ 15 ലക്ഷം ടൺ ഭക്ഷണം വിമാനങ്ങളിൽ എത്തിച്ചു. വിമാനങ്ങളിൽ നിന്നു ഭക്ഷണപ്പൊതികൾ ഇട്ടു കൊടുക്കുകയായിരുന്നു. 

∙ ഭക്ഷണ വിതരണത്തിനായി 5600 ട്രക്കുകൾ, 30 കപ്പലുകൾ, നൂറോളം വിമാനങ്ങൾ എന്നിവ സ്വന്തം.

∙ കോവിഡ് വന്നതോടെ 120 രാജ്യങ്ങളിലേക്ക് മരുന്നുകൾ അടക്കമുള്ള സഹായങ്ങൾ അയച്ചു.

∙ സർക്കാരുകളുടെയും സ്ഥാപനങ്ങളുടെയും സംഭാവനകളാണ് പ്രവർത്തന മൂലധനം.

∙ 2019 ൽ 58,000 കോടി രൂപയോളം സമാഹരിച്ചു.

∙ 36 അംഗ എക്സിക്യൂട്ടീവ് സമിതിയാണ് ഭരണനിർവഹണം. മേധാവി സാധാരണനിലയിൽ അമേരിക്കയിൽനിന്ന്.

∙ 90,000 ജീവനക്കാർ. 90% പേരും സഹായമെത്തിക്കുന്ന രാജ്യങ്ങളിൽ പ്രവർത്തിക്കുന്നു.

∙ റോം ആണ് ആസ്ഥാനം.

∙ യുഎൻ സഹോദര ഏജൻസികളായ ഫുഡ് ആൻഡ് അഗ്രികൾചറൽ ഓർഗനൈസേഷൻ ഇന്റർനാഷനൽ ഫണ്ട് ഫോർ അഗ്രികൾചറൽ ഡവലപ്മെന്റ് എന്നിവയും റോമിൽ പ്രവർത്തിക്കുന്നു.

ഇന്ത്യൻ ബന്ധം

1963 മുതൽ ഡബ്ല്യുഎഫ്പി ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്ത്യ ധാന്യോൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിച്ചതോടെ സാങ്കേതിക സഹായവും മറ്റുമാണ് ഏജൻസി നൽകുന്നത്. ഭക്ഷ്യസുരക്ഷാ സംവിധാനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കാൻ ഐഐടി ഡൽഹി പോലുള്ള സ്ഥാപനങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്.

ഏജൻസിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇന്ത്യക്കാരനായിരുന്നു. 1968 ജനുവരി മുതൽ ഓഗസ്റ്റ് വരെ സ്ഥാനം വഹിച്ച സുശീൽ കെ. ദേവ്. ഏജൻസിയുടെ 59 വർഷത്തെ ചരിത്രത്തിൽ തലപ്പത്തുവന്ന ഏക ഏഷ്യക്കാരനാണ് അദ്ദേഹം.

English summary: World Food Programme 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com