ADVERTISEMENT

കേപ് കനാവറൽ (ഫ്ലോറിഡ,യുഎസ്) ∙ അടുത്തെത്തിയപ്പോഴാണ് ആ രൂപം ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞത്. ഭൂമിയെ ലക്ഷ്യമാക്കി വന്നുകൊണ്ടിരിക്കുന്ന ഛിന്നഗ്രഹം കഴിഞ്ഞ മാസം 17നാണു ശാസ്ത്രജ്ഞർ കണ്ടെത്തിയത്. ഡിസംബർ ആദ്യം ഭൂമിയുടെ ഗുരുത്വാകർഷണത്തിൽ വരുമെന്നും തുടർന്ന് ഏതാനും മാസം ഭൂമിയെ വലംവച്ച ശേഷം സ്ഥലം വിടുമെന്നുമായിരുന്നു പ്രവചനം.

എന്നാൽ, അടുത്തെത്തിയപ്പോഴാണു ശാസ്ത്രജ്ഞർക്ക് ആളെ മനസ്സിലായത്. 1966 സെപ്റ്റംബർ 20നു ഫ്ലോറിഡയിലെ കേപ് കെന്നഡിയിൽ നിന്നു വിട്ട സർവേയർ 2 ബഹിരാകാശപേടകത്തിന്റെ ബൂസ്റ്റർ റോക്കറ്റായ സെന്റോർ, 54 വർഷം ബഹിരാകാശത്തു കറങ്ങിനടന്നശേഷം സ്വഗ്രഹത്തിലേക്കു മടങ്ങിയെത്തുകയാണ്. അപൂർവവും അസാധാരണവുമായ പ്രതിഭാസമാണിതെന്നു നാസ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറിയിലെ പോൾ ചോഡസ് പറയുന്നു.

ഛിന്നഗ്രഹങ്ങൾ ഭൂമിയുടെ ആകർഷണത്തിൽ വരുന്നത് അപൂർവമല്ല. എന്നാൽ, അരനൂറ്റാണ്ട് മുൻപു വിക്ഷേപിച്ച റോക്കറ്റ് ഇത്തരത്തിൽ തിരികെയെത്തുന്നത് അത്യപൂർവമാണ്. നാസയുടെ രണ്ടാം ചാന്ദ്രദൗത്യത്തിന്റെ ഭാഗമായിരുന്ന സർവേയർ 2നെ ചന്ദ്രനിലെത്തിച്ച റോക്കറ്റാണു സെന്റോർ. ലക്ഷ്യമിട്ടതുപോലെ തന്നെ ദൗത്യം പൂർത്തിയാക്കി മുന്നോട്ടു കുതിച്ച സെന്റോർ–സ്റ്റേജ് 3 സൂര്യനെ വലംവച്ചു നശിച്ചുപോകുമെന്നാണു കരുതിയത്.

8 മീറ്റർ നീളവും 3 മീറ്റർ നീളമുള്ള ‘ഛിന്നഗ്രഹം’ സെന്റോർ റോക്കറ്റ് തന്നെയെന്നാണ് ഇതുവരെയുള്ള നിഗമനം. മണിക്കൂറിൽ 2400 കിലോമീറ്റർ വേഗത്തിലാണു റോക്കറ്റ് ഭൂമിയെ സമീപിക്കുന്നത്. ഛിന്നഗ്രഹങ്ങൾ ഇതിനെക്കാൾ വേഗത്തിലാണ് സഞ്ചരിക്കുക. 2021 മാർച്ച് വരെ ഭൂമിയെ വലംവച്ചശേഷമാകും സെന്റോർ യാത്ര തുടരുക. ഏറെക്കാലം സൂര്യനെ വലംവച്ച ശേഷം എത്തുന്ന റോക്കറ്റിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാനാകുമെന്ന പ്രതീക്ഷയിലാണു ശാസ്ത്രലോകം.

Content Highlightst: Old rocket from 1966 moon mission back home

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com