ADVERTISEMENT

വാഷിങ്ടൻ ∙ ജോ ബൈഡന്റെ വിജയ സാധ്യത ഉയർന്നതോടെ, കോടതിയിൽ നേരിടാൻ ഉറച്ച് ട്രംപ് പക്ഷം രംഗത്ത്. വോട്ടെണ്ണലിന്റെ രണ്ടാം ദിവസം ട്രംപിനെതിരെ പ്രതിഷേധവുമായി ആയിരങ്ങൾ വിവിധ നഗരങ്ങളിൽ പ്രകടനം നടത്തി.

ഒറിഗണിലെ പോർട്‌ലൻഡിൽ പ്രതിഷേധം അക്രമാസക്തമായി. ചില സ്ഥലങ്ങളിൽ ട്രംപ് അനുകൂലികളും തെരുവിലിറങ്ങിയതോടെ സംഘർഷ സാധ്യത വർധിച്ചു.

അരിസോനയിലെ ഫീനക്സിൽ വോട്ടെണ്ണൽ കേന്ദ്രത്തിനു മുന്നിൽ തോക്കുകളുമായി എത്തിയ ഇരുനൂറോളം വരുന്ന ട്രംപ് അനുകൂലികൾ ക്രമക്കേട് ആരോപിച്ചു പ്രതിഷേധമുയർത്തി. മിഷിഗനിലെ ഡെട്രോയിറ്റിൽ വോട്ടെണ്ണൽ നിർത്താനാവശ്യപ്പെട്ടു റിപ്പബ്ലിക്കൻ അനുകൂലികൾ എണ്ണൽകേന്ദ്രത്തിൽ ഇടിച്ചുകയറാൻ ശ്രമിച്ചു. ഫിലഡൽഫിയ, ലൊസാഞ്ചലസ്, ഷിക്കാഗോ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധപ്രകടനങ്ങൾ നടന്നു.

അതേസമയം, അവസാന വോട്ടും എണ്ണണം എന്ന മുദ്രാവാക്യം ഉയർത്തി ബൈഡൻ അനുകൂലികളും തെരുവിലിറങ്ങി. പോർട്ട്ലാൻഡിൽ തെരുവിലിറങ്ങിയ ട്രംപ് വിരുദ്ധർ കടകൾക്കുനേരേ കല്ലേറു നടത്തി. 11 പേർ അറസ്റ്റിലായി. ന്യൂയോർക്ക്, ഡെൻവർ, മിനയപ്പലിസ് തുടങ്ങിയ നഗരങ്ങളിലും പ്രക്ഷോഭകർ അറസ്റ്റിലായിട്ടുണ്ട്.

ശനിയാഴ്ച വരെ വിവിധ നഗരങ്ങളിൽ നൂറിലേറെ പ്രതിഷേധ സമരങ്ങൾക്ക് ആഹ്വാനമുയർന്നിട്ടുണ്ട്.

ക്രമക്കേടുകൾ ആരോപിച്ച് വിസ്കോൻസെനിൽ വീണ്ടും വോട്ടെണ്ണണമെന്ന് ട്രംപ് പക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. 

പെൻസിൽവേനിയയിലും മിഷിഗനിലും വോട്ടെണ്ണൽ നിർത്തിവയ്ക്കണമെന്നും ജോർജിയയിലെ ഒരു കൗണ്ടിയിൽ വൈകിയെത്തിയ തപാൽ വോട്ടുകൾ എണ്ണരുതെന്നും ആവശ്യപ്പെട്ടു ട്രംപ് കോടതിയിലെത്തി. വൈകിയെത്തുന്ന ബാലറ്റുകൾ സ്വീകരിക്കുന്നതിനെതിരെ പെൻസിൽവേനിയ റിപ്പബ്ലിക്കൻ പാർട്ടിയുടെ ഒരു ഹർജി യുഎസ് സുപ്രീം കോടതി മുൻപാകെയുണ്ട്. ഈ കേസിൽ കക്ഷിചേരാൻ ട്രംപ് അനുമതി തേടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com