ADVERTISEMENT

ന്യൂയോർക്ക് ∙ ഭരണമാറ്റത്തിനാവശ്യമായ എല്ലാ ഒരുക്കങ്ങളും ട്രംപ് ഭരണകൂടം നടത്തിയിട്ടുണ്ടെന്ന് വൈറ്റ് ഹൗസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിലെ ഫലങ്ങളിൽ ക്രമക്കേടുകൾ ആരോപിച്ച് കേസുകൾ ഫയൽ ചെയ്തിട്ടുള്ള ഡോണൾഡ് ട്രംപ് ഇതേ വരെ ജോ ബൈഡന്റെ വിജയം അംഗീകരിച്ചിട്ടില്ല. ട്രംപിന്റെ നിലപാടിനെ പിന്തുണച്ചാണു കഴിഞ്ഞ ദിവസം വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മാധ്യമസമ്മേളനം നടത്തിയത്. എന്നാൽ, അധികാരമാറ്റമുണ്ടായാൽ ഭരണഘടനാപരമായി വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും പ്രസ് സെക്രട്ടറി വ്യക്തമാക്കി.

അതിനിടെ, ട്രംപിന്റെ തിരഞ്ഞെടുപ്പു ക്രമക്കേട് ആരോപണങ്ങൾ തള്ളി യുഎസ് കോൺഗ്രസിലെ റിപ്പബ്ലിക്കൻ നേതാക്കളും രംഗത്തെത്തി. മിഷിഗനിലെ ബൈഡന്റെ വിജയം അംഗീകരിക്കുന്നുവെന്ന സംസ്ഥാനത്തെ റിപ്പബ്ലിക്കൻ നേതാക്കളുടെ പ്രസ്താവനയും ട്രംപിനു തിരിച്ചടിയായി.

പ്രസിഡന്റിന്റെ ട്വിറ്റർ അക്കൗണ്ട് ജോ ബൈഡന്

ലൊസാഞ്ചലസ് ∙ ജനുവരി 20നു അധികാരമേറ്റാലുടൻ യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടായ @POTUS ന്റെ നിയന്ത്രണം ജോ ബൈഡനു കൈമാറുമെന്നു സമൂഹമാധ്യമ അധികൃതർ വ്യക്തമാക്കി. ട്രംപ് തോൽവി സമ്മതിക്കുന്നില്ലെങ്കിലും ഇക്കാര്യത്തിൽ മാറ്റമുണ്ടാവില്ലെന്നും അധികാരക്കൈമാറ്റത്തിനു പൂർണ പിന്തുണയുമായി ട്വിറ്റർ രംഗത്തുണ്ടെന്നും കമ്പനി വക്താവ് അറിയിച്ചു.

മാല അഡിഗ പോളിസി ഡയറക്ടർ

വാഷിങ്ടൻ ∙ നിയുക്ത പ്രഥമ വനിത ജിൽ ബൈഡന്റെ പോളിസി ഡയറക്ടറായി ഇന്ത്യൻ വംശജ മാല അഡിഗയെ നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ നിയമിച്ചു. ബൈഡൻ–കമല ഹാരിസ് പ്രചാരണവിഭാഗത്തിന്റെ നയ ഉപദേഷ്ടാവായിരുന്ന മാല അഡിഗ, ഒബാമ ഭരണകൂടത്തിലും  വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com