ADVERTISEMENT

വാഷിങ്ടൻ ∙ ആഗോളവേദിയിൽ നയിക്കാൻ അമേരിക്ക വീണ്ടും തയാറെന്ന് യുഎസ് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. ട്രംപിന്റെ ‘അമേരിക്ക ആദ്യം’ എന്ന തീവ്രദേശീയ നിലപാട് ഉപേക്ഷിച്ച് ‘അമേരിക്ക തിരിച്ചുവരുന്നു’ എന്നു വ്യക്തമാക്കുന്ന മാറ്റമാണ് വിദേശനയത്തിൽ ഉദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്തിയ ബൈഡൻ, സർക്കാരിന്റെ ദേശീയ സുരക്ഷാ, വിദേശനയ സംഘത്തെ അവതരിപ്പിച്ചു. 

ഒബാമയുടെ ഭരണകാലം മുതൽ ഒപ്പമുള്ള വിശ്വസ്തരും പരിചയസമ്പന്നരുമായ വ്യക്തികളെയാണു ബൈഡൻ നാമനിർദേശം ചെയ്തിട്ടുള്ളത്. സെനറ്റിൽ വർഷങ്ങളോളം ബൈഡന്റെ വിശ്വസ്തനായിരുന്ന ആന്റണി ബ്ലിൻകൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറിയാകും. ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിർദേശിക്കപ്പെട്ട ജെയ്ക് സള്ളിവൻ ഒബാമ ഭരണകൂടത്തിലും പ്രവർത്തിച്ചിട്ടുണ്ട്.

Janet Yellen, Linda Thomas
ജാനറ്റ് യെല്ലൻ, ലിൻഡ തോമസ് ഗ്രീൻഫീൽഡ്

ട്രഷറി സെക്രട്ടറി സ്ഥാനത്തേക്കു വരുന്ന ജാനറ്റ് യെല്ലൻ നിലവിൽ ഫെഡ‍റൽ റിസർവ് മേധാവിയാണ്. മറ്റു പ്രധാന നാമനിർദേശങ്ങൾ: റോൺ ക്ലെയ്‌ൻ (വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ്), ലിൻഡ തോമസ് ഗ്രീൻഫീൽഡ് (യുഎന്നിലെ യുഎസ് അംബാസഡർ), ജോൺ കെറി (കാലാവസ്ഥാമാറ്റ വിഷയത്തിൽ പ്രസിഡന്റിന്റെ പ്രത്യേക പ്രതിനിധി).

അതേസമയം, വിസ്കോൻസെൻ സംസ്ഥാനത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പു ഫലത്തിന് അംഗീകാരം നൽകരുതെന്നാ വശ്യപ്പെട്ടു റിപ്പബ്ലിക്കൻ പാർട്ടി സംസ്ഥാന സുപ്രീം കോടതിയെ സമീപിച്ചു. വിസ്കോൻസെനിൽ റീകൗണ്ട് പൂർത്തിയായിട്ടില്ല. തിരഞ്ഞെടുപ്പു ഫലം ചോദ്യം ചെയ്തു രാജ്യമെങ്ങും പത്തിലേറെ ഹർജികളാണു കോടതികളിലുള്ളത്. എന്നാൽ ഒരിടത്തുനിന്നും അനുകൂല വിധി ട്രംപ് പക്ഷത്തിനു ലഭിച്ചിട്ടില്ല.

ഇതിനിടെ, ക്രിമിനൽ കേസിൽ അകപ്പെട്ട മുൻ സുരക്ഷാ ഉപദേഷ്ടാവ് മൈക്കിൾ ഫ്ലിന്നിനു മാപ്പു നൽകാൻ പ്രസിഡന്റ്  ഡോണൾഡ് ട്രംപ് ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. റഷ്യ ബന്ധം സംബന്ധിച്ചു എഫ്ബിഐയ്ക്കു തെറ്റായ മൊഴി നൽകിയെന്ന് ഏറ്റു പറഞ്ഞ ഫ്ലിന്നിനെ കോടതി ശിക്ഷിച്ചിരുന്നു. 

English Summary: USA president elect Joe Biden announces his team

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com