ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിലെ ആലിബാബ എന്ന ഇ– വ്യാപാര കമ്പനി ഉടമയും ശതകോടീശ്വരനുമായ ജാക്ക് മാ എവിടെ? കഴിഞ്ഞ 2 മാസമായി മായെപ്പറ്റി ഒരു വിവരവുമില്ല. ബിസിനസ് ഹീറോകളെ കണ്ടുപിടിക്കുന്ന ഒരു ടിവി ഷോയിൽ കഴിഞ്ഞദിവസം വിധികർത്താവിന്റെ റോളിൽ മാ വരേണ്ടതായിരുന്നു. കാണാതായതോടെ സമൂഹ മാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പരക്കുകയാണ്. സർക്കാരിനെതിരെയാണ് വിരൽ ചൂണ്ടുന്നത്. 

ചൈനയിലെ നിയന്ത്രണ സംവിധാനങ്ങളെ വിമർശിച്ചതോടെയാണ് പാർട്ടി അംഗം ആയിരുന്ന ജാക്ക് മാ നോട്ടപ്പുള്ളിയായത്. അടുത്ത തലമുറയുടെ രക്ഷയ്ക്ക് ഇപ്പോഴത്തെ സമ്പ്രദായങ്ങൾ പൊളിച്ചെഴുതണം എന്ന് മാ പറഞ്ഞു. ബാങ്കുകൾ പണയം വയ്ക്കുന്ന കടകൾ ആണെന്ന് പരിഹസിച്ചു. അതോടെ പാർട്ടി വല്യേട്ടന് പൊള്ളി. മാ ഉടമസ്ഥനായ ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഫിനാൻസ് കമ്പനികളിലൊന്നായ ആന്റ് ഫിനാൻഷ്യലിന്റെ  ഓഹരികൾ വിപണികളിൽ ക്രയവിക്രയത്തിനെത്തിക്കുന്നത് തടഞ്ഞുകൊണ്ട് സർക്കാർ തിരിച്ചടിച്ചു. 

മാ ടിവി ഷോയിൽ വരാത്തത് ‘ഷെഡ്യൂൾ തെറ്റി’യതിനാലാണെന അവ്യക്തമായ മറുപടിയാണ് ആലിബാബ കമ്പനി നൽകിയത്. തൽക്കാലം നിശ്ശബ്ദനായി മാറിനിൽക്കുകയാണെന്ന നിഗമനത്തിനാണ് മൂൻതൂക്കം. 

ചൈനീസ് ഓൺലൈൻ വിപണിയിൽ പുതുചരിത്രം കുറിച്ച് ലോകത്തെ ഏറ്റവും വലിയ കമ്പനികളുടെ നിരയിലേക്ക് കുറച്ചുകാലം കൊണ്ട് ആലിബാബ ഉയർന്നിരുന്നു. അധ്യാപകനായി ജീവിതം തുടങ്ങി പിന്നീടു സംരംഭകനായി മാറി അദ്ഭുതം സൃഷ്ടിച്ച ജാക്ക് മാ 55–ാം പിറന്നാൾ ദിനത്തിൽ കഴിഞ്ഞവർഷം ആലിബാബയുടെ മേധാവിസ്ഥാനം ഒഴിഞ്ഞതും വാർത്തയായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com