ADVERTISEMENT

വാഷിങ്ടൻ ∙ യുഎസ് പാർലമെന്റ് മന്ദിരത്തിനു നേരെ ആക്രമണം നടത്താൻ കലാപകാരികൾക്കു പ്രോത്സാഹനം നൽകിയെന്നാരോപിച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ കുറ്റവിചാരണ പ്രമേയം ഇന്നു ജനപ്രതിനിധിസഭയിൽ. ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള സഭയിൽ കേവലഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാകുന്നതോടെ സെനറ്റിൽ വിചാരണയ്ക്കു തുടക്കമാകും. സെനറ്റിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ലഭിച്ചാൽ ട്രംപിനെതിരെ കുറ്റം ചുമത്താം. 100 അംഗ സെനറ്റിലെ 50 ഡമോക്രാറ്റുകൾക്കു പുറമേ 17 റിപ്പബ്ലിക്കൻ അംഗങ്ങൾ കൂടി പിന്തുണച്ചാലേ ഇതു സാധ്യമാകൂ.

2 തവണ കുറ്റവിചാരണ ചെയ്യപ്പെടുന്ന ആദ്യ യുഎസ് പ്രസിഡന്റാണു ട്രംപ്. അധികാരദുർവിനിയോഗത്തിന് 2019 ഡിസംബറിലാണ് ആദ്യം ഇംപീച് ചെയ്തത്. വിചാരണയ്ക്കു ശേഷം സെനറ്റിലെ വോട്ടെടുപ്പിൽ ഭൂരിപക്ഷം ലഭിക്കാതിരുന്നതിനാൽ ട്രംപ് അന്നു രക്ഷപ്പെട്ടു. 

20ന് ഉച്ചയ്ക്കാണു ജോ ബൈഡൻ പ്രസിഡന്റായി അധികാരമേൽക്കുന്നത്. അതിനു മുന്നോടിയായി 50 സംസ്ഥാനങ്ങളിലും വാഷിങ്ടൻ ഡിസിയിലും സായുധ പ്രതിഷേധ പ്രകടനങ്ങൾ നടക്കുമെന്നു ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനു രഹസ്യ റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ സുരക്ഷ ശക്തമാക്കി. വാഷിങ്ടൻ ഡിസിയിൽ 24 വരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ട്രംപ് ഉത്തരവിറക്കി.  

ഇതിനിടെ, പാർലമെന്റ് സംയുക്ത സമ്മേളനം നടന്ന ദിവസം അനുയായികളെ അഭിസംബോധന ചെയ്തു സംസാരിക്കുമ്പോൾ അക്രമത്തിനു പ്രോത്സാഹിപ്പിക്കുംവിധം താൻ ഒന്നും പറഞ്ഞില്ലെന്ന് ഡോണൾഡ് ട്രംപ്. അക്രമം എല്ലായ്പ്പോഴും ഒഴിവാക്കേണ്ടതാണെന്നും ടെക്സസിലെ അലമോയിലേക്കു പുറപ്പെടും മുൻപു ട്രംപ് പറഞ്ഞു.  

English Summary: Impeachment resolution against US president Donald Trump

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com