വാഷിങ്ടൻ ∙ ഡോണൾഡ് ട്രംപിനെ പുറത്താക്കണമെന്ന ആവശ്യം വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് തള്ളിയതോടെ, ഡമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭ ഇംപീച്ച്മെന്റ് നടപടികളിലേക്കു കടന്നു. ഇതോടെ, യുഎസ് ചരിത്രത്തിൽ 2 തവണ ഇംപീച്ച് ചെയ്യപ്പെടുന്ന പ്രസിഡന്റായി ട്രംപ് മാറി. കുറ്റവിചാരണയെ പിന്തുണയ്ക്കുമെന്നു വ്യക്തമാക്കി മുതിർന്ന നേതാവ് ലിസ് ചെയ്നി അടക്കം 5 റിപ്പബ്ലിക്കൻ അംഗങ്ങളും രംഗത്തെത്തി.
കുറ്റവിചാരണ പ്രമേയം ജനപ്രതിനിധി സഭ അംഗീകരിച്ചാലും റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സെനറ്റിൽ വിചാരണയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടെങ്കിലേ നടപടി സാധ്യമാകൂ. എന്തായാലും 20നു നടക്കുന്ന നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ സാഹചര്യത്തിൽ കൂടുതൽ സങ്കീർണമാകും.
ഇംപീച്ച്മെന്റ് നടപടികൾക്കു മുന്നോടിയായി, ട്രംപിനെ നീക്കം ചെയ്യാനുള്ള പ്രമേയം ഡെമോക്രാറ്റുകൾക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭ (223–205) പാസാക്കി. ഒരു റിപ്പബ്ലിക്കൻ അംഗം അനുകൂലിച്ചു. മറ്റൊരു റിപ്പബ്ലിക്കൻ അംഗം വിട്ടുനിന്നു.
കാബിനറ്റ് ചേർന്നു പ്രസിഡന്റിനെ നീക്കം ചെയ്യാൻ വൈസ് പ്രസിഡന്റിന് അധികാരം നൽകുന്നതാണു ഭരണഘടനയുടെ 25–ാം ഭേദഗതി. എന്നാൽ, ഈ അധികാരം പ്രയോഗിക്കുകയില്ലെന്ന് റിപ്പബ്ലിക്കൻ നേതാവ് കൂടിയായ മൈക്ക് പെൻസ് സഭാ സ്പീക്കർ നാൻസി പെലോസിക്കു നൽകിയ കത്തിൽ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണു വോട്ടെടുപ്പു നടന്നത്.
കഴിഞ്ഞ 6നു യുഎസ് കോൺഗ്രസിന്റെ സംയുക്ത സമ്മേളനം നടക്കവേ, ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിൽ നടത്തിയ അതിക്രമങ്ങളുടെ പേരിലാണു ട്രംപിനെതിരെ ഡമോക്രാറ്റുകൾ പ്രമേയം കൊണ്ടുവന്നത്. ജനങ്ങളെ കലാപത്തിനു പ്രേരിപ്പിച്ചതിലൂടെ പ്രസിഡന്റ് സ്ഥാനത്തു തുടരാനുള്ള അർഹത ട്രംപിനു നഷ്ടമായെന്നാണു കുറ്റാരോപണം.
യൂട്യൂബിൽ ട്രംപിന് ഒരാഴ്ച വിലക്ക്
ഹോങ്കോങ് ∙സ്ഥാനമൊഴിയുന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ യൂട്യൂബ് അക്കൗണ്ട് ഒരാഴ്ചത്തേക്കു സസ്പെൻഡ് ചെയ്തു. ട്രംപിന്റെ പോസ്റ്റുകൾ അക്രമത്തിനു പ്രേരണയായേക്കുമെന്ന സാധ്യത മുന്നിൽകണ്ടാണു വിലക്ക്.
Content Highlights: Donald Trump impeachment