ADVERTISEMENT

 വാഷിങ്ടൻ∙ തമിഴ്നാട്ടിൽ കുടുംബവേരുകളുള്ള കമല ഹാരിസ്  വൈസ് പ്രസിഡന്റാകുന്ന ചരിത്രനിമിഷത്തെ വരവേൽക്കാൻ അമേരിക്കൻ വീട്ടുമുറ്റങ്ങൾ കോലം വരച്ച് ഐശ്വര്യപൂർണമായി. മേരിലാൻഡിൽ ശാന്തി ചന്ദ്രശേഖർ എന്ന ആർട്ടിസ്റ്റ് പ്രാദേശികമായി തുടങ്ങിവച്ച കോലം കലാസംരംഭമാണ് ഇപ്പോൾ അമേരിക്കയിലെമ്പാടും തരംഗമായിരിക്കുന്നത്.

ഡമോക്രാറ്റ് പാർട്ടിക്കാരായ ജോ ബൈഡന്റെയും കമല ഹാരിസിന്റെയും ഭരണം അമേരിക്കയുടെ സാംസ്കാരികവൈവിധ്യത്തിനു മാറ്റു കൂട്ടുമെന്ന സന്ദേശം കൂടിയാണു കോലങ്ങൾ വരച്ചു പങ്കുവയ്ക്കുന്നതെന്നു സംഘാടകർ പറഞ്ഞു.

വാഷിങ്ടൻ ഡിസിയിലെ പാർലമെന്റ് മന്ദിരത്തിനു സമീപം സത്യപ്രതിജ്ഞാ വേദിക്കരികിൽ കോലം വരയ്ക്കാൻ നേരത്തേ അനുമതി ലഭിച്ചിരുന്നെങ്കിലും പിന്നീടുണ്ടായ അക്രമസംഭവങ്ങൾക്കു ശേഷം അനുമതി നിഷേധിച്ചിരുന്നു.

ചരിത്രം കുറിച്ച് ഇന്ത്യൻ പ്രാതിനിധ്യം

വാഷിങ്ടൻ∙ അമേരിക്കയിലെ ജനസംഖ്യയുടെ ഒരു ശതമാനം മാത്രമെങ്കിലും ഇന്ത്യൻ സമൂഹത്തിന് ജോ ബൈഡൻ ഭരണകൂടത്തി‍ൽ അഭിമാനകരമായ പ്രാതിനിധ്യം.

നാമനിർദേശം ചെയ്യപ്പെട്ടിരിക്കുന്ന 20 ഇന്ത്യൻ വംശജരിൽ വൈറ്റ്ഹൗസ് സമുച്ചയത്തിലെ വിവിധ വകുപ്പുകളിലായി ഉന്നതപദവികളിലുള്ളത് നീര ഠണ്ഡൻ ഉൾപ്പെടെ 17 പേരാണ്. 13 പേർ വനിതകൾ. ഇതിൽ രണ്ടു പേർ കശ്മീരിൽ കുടുംബവേരുകളുള്ളവർ.

ഭരണമേൽക്കുന്നതിനു മുൻപു തന്നെ നിയുക്ത പ്രസിഡന്റ് ഇത്രയധികം ഇന്ത്യക്കാരെ നാമനിർദേശം ചെയ്യുന്നതും യുഎസ് ചരിത്രത്തിലാദ്യം.

സത്യപ്രതിജ്ഞയ്ക്കു മുന്നോടിയായി സംസ്ഥാന ആസ്ഥാനങ്ങളിൽ സായുധ പ്രകടനങ്ങൾ നടന്നേക്കാമെന്ന മുന്നറിയിപ്പു വീണ്ടും നൽകി ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ). വെർജീനിയ, വിസ്കോൻസെൻ, പെൻസിൽവേനിയ, വാഷിങ്ടൻ തുടങ്ങിയ സംസ്ഥാനങ്ങളിൽ കൂടുതൽ സൈനികരെ വിന്യസിച്ചിട്ടുണ്ട്. വാഷിങ്ടൻ ഡിസിയിൽ പാർലമെന്റ് മന്ദിരത്തിനു സുരക്ഷ ഉറപ്പാക്കാൻ മുൻപൊരിക്കലും ഉണ്ടായിട്ടില്ലാത്ത തോതിൽ സൈനികരുടെ വിന്യസിച്ചിരിക്കുന്നു.

കമലയുടെ സത്യപ്രതിജ്ഞയ്ക്ക് 2 ബൈബിൾ

വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയും കറുത്തവർഗക്കാർക്കിടയിൽനിന്നും ദക്ഷിണേഷ്യൻ വംശജരി‍ൽനിന്നും ആ പദവിയിലെത്തുന്ന ആദ്യ വ്യക്തിയുമായ കമലയ്ക്കു സത്യവാചകം ചൊല്ലിക്കൊടുക്കുന്നത് ഹിസ്പാനിക് വംശക്കാരിയായ സുപ്രീം കോടതി ജസ്റ്റിസ് സോണിയ സോട്ടൊമേയറാണ്. ചടങ്ങിലേക്കായി രണ്ടു ബൈബിളുകളാണ് കമല ഉപയോഗിക്കുക– അമ്മയെപ്പോലെ പ്രിയപ്പെട്ട പഴയ അയൽക്കാരി റെജിന ഷെൽറ്റന്റേതും സുപ്രീം കോടതി ജസ്റ്റിസായ ആദ്യ ആഫ്രിക്കൻ അമേരിക്കൻ വംശജൻ തേർഗുഡ് മാർഷലിന്റേതും.

കലിഫോർണിയയിൽനിന്നുള്ള സെനറ്റ് അംഗത്വം കമല ഇന്നു രാജി വയ്ക്കും. 6 വർഷ കാലാവധിയിൽ കമലയ്ക്കു ബാക്കിയുള്ള 2 വർഷം ലാറ്റിനമേരിക്കൻ വംശജയായ അലെക്സ് പാഡിലയെയാണു കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം നിയമിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com