ADVERTISEMENT

വാഷിങ്ടൻ ഡിസി ∙ അമേരിക്കയുടെ അടുത്ത പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും അധികാരമേറ്റെടുക്കുന്ന വേളയിൽ തലസ്ഥാനനഗരി പണ്ടൊരിക്കലുമില്ലാത്ത വിധം സൈന്യത്തിന്റെ കാവലിൽ. പാർലമെന്റ് മന്ദിരത്തിനു സമീപം നാള‌െ നടക്കുന്ന സത്യപ്രതിജ്ഞയ്ക്കു സുരക്ഷയൊരുക്കാൻ 25,000 സൈനികരെയാണു വിന്യസിച്ചിരിക്കുന്നത്. ഇതിനു പുറമേ വൻതോതിൽ പൊലീസും മറ്റു സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തുണ്ട്. പാർലമെന്റ് മന്ദിരവും വൈറ്റ്ഹൗസും കൂടാതെ പെൻസിൽവേനിയ അവന്യൂവിന്റെ പ്രധാനഭാഗങ്ങളെല്ലാം റോഡുകൾ അടച്ചും എട്ടടിപ്പൊക്കത്തിൽ ഇരുമ്പു ബാരിക്കേഡുകൾ സ്ഥാപിച്ചും മുൻകരുതലെടുത്തിട്ടുണ്ട്.

കിഴക്കു വശത്തു പാർലമെന്റ് മന്ദിരവും വടക്കു ഭാഗത്തു വൈറ്റ്ഹൗസുമുള്ളതും ലിങ്കൺ മെമോറിയൽ, വാഷിങ്ടൻ സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നതുമായ ‘നാഷനൽ മാൾ’ പ്രദേശം ആളൊഴിഞ്ഞു കിടക്കുന്നു. 

തിരഞ്ഞെടുപ്പിനു ശേഷം പുതിയ പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാച്ചടങ്ങു കാണാനും ആഘോഷങ്ങളിൽ പങ്കെടുക്കാനും മുൻ വർഷങ്ങളിൽ വൻ ജനക്കൂട്ടമെത്തിയിരുന്നത് ഈ മൈതാനത്താണ്. 

നാളെ ഉച്ചയ്ക്കു 12നാണു (ഇന്ത്യൻ സമയം നാളെ രാത്രി 10.30) ബൈഡന്റെയും കമല ഹാരിസിന്റെയും സത്യപ്രതിജ്ഞ. കോവിഡ് മൂലം ജനക്കൂട്ടം ഒഴിവാക്കേണ്ടതിനാൽ ചടങ്ങുകൾ വീട്ടിലിരുന്ന് കാണാൻ ബൈ‍ഡന്റ് സംഘം പൊതുജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്.  ‌

ഇതിനിടെ, സുരക്ഷാ ഉദ്യോഗസ്ഥരിൽനിന്നു തന്നെ ആക്രമണമുണ്ടാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ലെന്നാണു മാധ്യമറിപ്പോർട്ടുകൾ. സേനകളിലെ ഓരോരുത്തരുടെയും പൂർവചരിത്രം എഫ്ബിഐ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്. 

അവസാനദിനം മാപ്പ്; ആദ്യദിനം തിരുത്ത് 

ജയിലിൽ കഴിയുന്നതോ ശിക്ഷാ നടപടികൾ നേരിടുന്നതോ ആയ നൂറോളം ഇഷ്ടക്കാർക്കു പ്രസിഡന്റിന്റെ സവിശേഷ അധികാരമുപയോഗിച്ചു മാപ്പു നൽകി ഭരണത്തിലെ അവസാനദിനമായ ഇന്ന് ഡോണൾഡ് ട്രംപ് ഉത്തരവിറക്കുമെന്നു റിപ്പോർട്ടുകളുണ്ട്. 

പാരിസ് കാലാവസ്ഥ ഉടമ്പടിയിൽ തിരികെച്ചേരുന്നതും 6 മുസ്‌ലിം രാജ്യങ്ങളിൽനിന്നുള്ളവർക്കുള്ള യാത്രാവിലക്ക് നീക്കുന്നതും മെക്സിക്കോ അതിർത്തിയിൽ ഒറ്റപ്പെട്ടു പോയ കുടിയേറ്റക്കാരായ കുട്ടികൾക്കു മാതാപിതാക്കളുടെ അടുത്തെത്താൻ സഹായം നൽകുന്നതും ഉൾപ്പെടെ അടിയന്തര നടപടികൾ ഭരണമേറ്റെടുത്ത് ആദ്യ ദിനം ബൈഡനിൽ നിന്നു പ്രതീക്ഷിക്കാം. 

Content Highlights: Joe Biden's inauguration

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com